വടക്കുകിഴക്കിന്റെ മലമടക്കുകള്‍ നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധക്കോട്ട

ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയുടെ ജീവസ്പന്ദനങ്ങളായ എട്ടു സംസ്ഥാനങ്ങളുടെ കരുത്തും അഴകുമായാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പോരാട്ടഭൂമിയില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സി തലയുയര്‍ത്തി നില്‍ക്കുന്നത്. ആദ്യ സീസണില്‍ കേരള ബ്‌ളാസ്റ്റേഴ്‌സിനെതിരെ തകര്‍പ്പനൊരു ജയവുമായായിരുന്നു തുടക്കം. എന്നാല്‍, സീസണ്‍ പുരോഗമിക്കവേ താഴേക്കുപോകുന്ന ഗ്രാഫുമായി തലതാഴ്ത്തിനില്‍ക്കുന്ന നോര്‍ത് ഈസ്റ്റിനെയാണ് ആരാധകര്‍ കണ്ടത്. മൂന്നു ജയങ്ങള്‍ മാത്രം തങ്ങളുടെ പേരില്‍ കുറിച്ച ആ പോരാളികള്‍, ആറു സമനിലകളും അഞ്ചു തോല്‍വികളും വഴങ്ങി 15 പോയന്റുമായി ലീഗില്‍ ഏറ്റവും താഴെയുള്ള സ്ഥാനവും ‘നേടിയെടുത്തു’. അതിനിടയിലും മിന്നുന്ന പ്രകടനങ്ങളുമായി ശ്രദ്ധപിടിച്ചുപറ്റിയ ഒരുപറ്റം താരങ്ങളുടെ കൂടാരമായിരുന്നു നോര്‍ത് ഈസ്റ്റ്. 2010ലെ ലോകകപ്പ് ജേതാക്കളായ സ്പാനിഷ് ടീമംഗം യൊഹാന്‍ കേപ്‌ഡെവിയ മാര്‍ക്വീ താരമായത്തെിയ ആദ്യ സീസണില്‍ നാലു ഗോളുകളുമായി കോകെ അവരുടെ ടോപ്‌സ്‌കോററായി. സാംബിയന്‍ താരം കൊട്വാനി എംടോംഗ മിഡ്ഫീല്‍ഡിലെ തിളങ്ങുന്ന സാന്നിധ്യമായി. ലോക്കല്‍ താരങ്ങള്‍ക്ക് ഏറെ മുന്‍തൂക്കം നല്‍കിയ ക്‌ളബായിരുന്നു ആദ്യ സീസണില്‍ നോര്‍ത് ഈസ്റ്റ്.

ഇത്തവണ പുതിയ കോച്ചും മാര്‍ക്വീ താരവും കളിനിരയുമായാണ് നോര്‍ത് ഈസ്റ്റ് കളത്തിലത്തെുന്നത്. റിക്കി ഹെര്‍ബെര്‍ട്ടിന് പകരം സെസാര്‍ ഫരിയാസ് പരിശീലനക്കുപ്പായമണിയുമ്പോള്‍ പോര്‍ചുഗീസ് ലെഫ്റ്റ് വിങ്ങര്‍ സിമാവോ സബ്രോസയാണ് മാര്‍ക്വീ താരം.
ബെന്‍ഫിക്കക്കും അത്‌ലറ്റികോ മഡ്രിഡിനുമായി നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളുടെ ഭൂതകാലമാണ് സബ്രോസയെ നോര്‍ത് ഈസ്റ്റ് നിരയിലത്തെിച്ചത്. കഴിഞ്ഞ സീസണില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിലും മത്സരങ്ങള്‍ ജയിക്കുന്നതിലും ടീമിനുണ്ടായിരുന്ന ദൗര്‍ബല്യം മനസ്സിലാക്കി, ആക്രമണത്തിന് ഊന്നല്‍നല്‍കുന്ന ടീമിനാണ് ഫരിയാസ് രൂപം നല്‍കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്റ്റാര്‍ വാച്ച്
കഴിഞ്ഞ സീസണിലെ നല്‌ളൊരുവിഭാഗം കളിക്കാരെ നിലനിര്‍ത്തിയതിനൊപ്പം കൂടുതല്‍ വിദേശ ശക്തിയെ കൂട്ടിച്ചേര്‍ക്കുകയാണ് ഇത്തവണ നോര്‍ത് ഈസ്റ്റ് ചെയ്തത്. രണ്ട് വിദേശതാരങ്ങള്‍ ഉള്‍പ്പെടെ ഏഴു പേരെ നിലനിര്‍ത്തി. താരലേലത്തില്‍നിന്ന് മണിപ്പൂരുകാരന്‍ വിങ്ങര്‍ സെയ്ത്യസെന്‍ സിങ്ങിനെ മാത്രമാണ് ക്‌ളബ് വാങ്ങിയത്. ഡ്രാഫ്റ്റിന്റെ ദിനത്തില്‍ തന്നെ ഐ ലീഗിലെ പ്രമുഖ ഗോളി ലാല്‍തുമാവിയ റാള്‍ട്ടെയെയും സിയാം ഹാന്‍ഗലിനെയും റീഗന്‍ സിങ്ങിനെയും യുംനം രാജുവിനെയും മര്‍ലാന്‍ഗി സുതിങ്ങിനെയും സോങ്മിങ്‌ലിയാന റാള്‍ട്ടെയെയും സ്വന്തമാക്കി ഇന്ത്യന്‍ ക്വോട്ട പൂര്‍ത്തിയാക്കി.

കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ ഇടംപിടിച്ച നോര്‍ത് ഈസ്റ്റ് താരം, കീപ്പിങ് ഗ്‌ളൗസുകളുമായി തിളങ്ങിയ മലയാളി ടി.പി. രഹനേഷാണ്. ഇത്തവണയും നോര്‍ത് ഈസ്റ്റിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായി താരം നിലനിര്‍ത്തപ്പെട്ടു. ഓപണ്‍ മാര്‍ക്കറ്റില്‍നിന്ന് ഇന്ത്യന്‍ യുവരക്തമായി സഞ്ജു പ്രധാനും ഹൊലിചന്‍ നര്‍സറിയുമത്തെി. വിദേശ ശക്തിയുമായത്തെുന്ന മറ്റു താരങ്ങള്‍ ഫ്രഞ്ച് സെന്റര്‍ ഹാഫ് സെന്‍ഡ്രിക് ഹെങ്ബര്‍ട്ട്, മുന്‍ ന്യൂകാസില്‍ യുനൈറ്റഡ് താരം ഡിയോമന്‍സി കമാര, ഘാന താരം ഫ്രാന്‍സിസ് ഡാഡ്‌സീ, റിവര്‍പ്‌ളേറ്റിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളര്‍ന്ന നികോളസ് വെലസ് എന്നിവരാണ്. കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്.സിയില്‍ തിളങ്ങിയ ഗോളി ജെന്നാരോ ബ്രസിലിയാനോയും ഇത്തവണ നോര്‍ത്തിന്റെ കൂടാരത്തിലാണ്.

ഒരുക്കം
ദക്ഷിണാഫ്രിക്കയായിരുന്നു ‘ഹൈലാന്‍ഡേഴ്‌സിന്റെ’ പരിശീലനക്കളരി. സെപ്റ്റംബര്‍ ആദ്യവാരം മരിറ്റ്‌സ്ബര്‍ഗ് യുനൈറ്റഡ്, അമസുലു, എതെക്വിനി സെലക്ട് ഇലവന്‍ എന്നീ ടീമുകളുമായി മൂന്നു സന്നാഹമത്സരങ്ങള്‍ കളിച്ചു. ആദ്യ പോരാട്ടം 30ത്തിന് തോറ്റെങ്കിലും പിന്നാലെ 31നും 40ത്തിനും ജയിച്ച് ആത്മവിശ്വാസത്തോടെയാണ് ഫരിയാസും സംഘവും എത്തുന്നത്.

ടീം നോര്‍ത് ഈസ്റ്റ് എഫ്.സി
ഗോള്‍കീപ്പര്‍: ജെന്നാരോ ബ്രസിലിയാനോ (ഫ്രാന്‍സ്), ടി.പി. രഹനേഷ്, ലാല്‍തുമാവിയ റാള്‍ട്ടെ (ഇന്ത്യ)
ഡിഫന്‍സ്: സെന്‍ഡ്രിക് ഹെങ്ബര്‍ട്ട് (ഫ്രാന്‍സ്), മിഗ്വല്‍ ഗാര്‍ഷ്യ (പോര്‍ചുഗല്‍), എയ്ബര്‍ലങ് ഖോന്‍ജി, യുംനം രാജു, സോങ്മിങ്‌ലിയാന റാള്‍ട്ടെ, റീഗന്‍ സിങ്, റോബിന്‍ ഗുരുങ് (ഇന്ത്യ)
മിഡ്ഫീല്‍ഡ്: സിമാവോ സബ്രോസ, സിലാസ് (പോര്‍ചുഗല്‍), ബ്രൂണോ(സ്‌പെയിന്‍), കൊട്വാനി എംടോംഗ (സാംബിയ), സെയ്ത്യസെന്‍ സിങ്, മര്‍ലാന്‍ഗി സുതിങ്, അലന്‍ ദിയോരി, ബോയിതങ് ഹോകിപ്, സിയാം ഹങ്ഗല്‍, സഞ്ജു പ്രധാന്‍ (ഇന്ത്യ)
ഫോര്‍വേഡ്: ഡിയോമന്‍സി കമാര (സെനഗല്‍), നികോളസ് വെലെസ്(അര്‍ജന്റീന), ഫ്രാന്‍സിസ് ഡാഡ്‌സീ (ഘാന), ബൗബചര്‍ സനോഗോ(ഐവറി കോസ്റ്റ്), ഹൊലിചന്‍ നര്‍സറി (ഇന്ത്യ).

Top