ക്രൂരതയുടെ പര്യായമായി അറിയപ്പെടുന്ന നേതാവാണ് കിം ജോങ് ഉന്‍. ഉത്തരകൊറിയയിലെ ഏകാധിപതിയായി വാഴുന്ന കിം അഞ്ച് ഉയര്‍ന്ന ഉദ്യോഗസ്ഥരെ വകവരുത്തിയെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. യുഎസിലെ പ്രത്യേക സ്ഥാനപതി ഉള്‍പ്പെടെയുള്ളവരെയാണ് കിം കൊന്ന് തളളിയത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള രണ്ടാം ഉച്ചകോടി പരാജയപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു വധശിക്ഷ. വെള്ളിയാഴ്ച ഒരു ദക്ഷിണകൊറിയന്‍ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹാനോയ് ഉച്ചകോടിയുടെ ഒരുക്കങ്ങള്‍ നടത്തി, കിമ്മിനൊപ്പം സ്വകാര്യ ട്രെയിനില്‍ സഞ്ചരിച്ച കിം ഹ്യോക് ചോലിനെയാണ് ചര്‍ച്ച പരാജയപ്പെട്ടതിന്റെ പേരില്‍ കൊന്നു തള്ളിയത്.
നേതാവിനെ വഞ്ചിച്ചതിന്റെ പേരിലാണ് കിമ്മിന്റെ ഫയറിങ് സ്‌ക്വാഡ് ഉന്നത ഉദ്യോഗസ്ഥന്റെ ശിക്ഷ നടപ്പാക്കിയതെന്നും ദക്ഷിണ കൊറിയന്‍ മാധ്യമം ചോസുന്‍ ലിബോ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണത്തിനുശേഷം കഴിഞ്ഞ മാര്‍ച്ചില്‍ മിറിം വിമാനത്താവളത്തില്‍ വച്ചാണ് കിം ഹ്യോക് ചോലിനെയും നാല് വിദേശകാര്യ ഉദ്യോഗസ്ഥരെയും വധിച്ചത്. കിം ഹ്യോക് ചോലിനൊപ്പം കൊന്ന മറ്റു നാല് ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അതേസമയം സംഭവത്തില്‍ പ്രതികരിക്കാന്‍ ദക്ഷിണ കൊറിയയിലെ ഐക്യ മന്ത്രാലയം തയാറായിട്ടില്ല. ഇരു കൊറിയകളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാന്‍ ശ്രമിക്കുന്നതു മന്ത്രാലയമാണ്. ഉച്ചകോടിക്കിടെ ഒരു തെറ്റു സംഭവിച്ചതിന്റെ പേരില്‍ കിമ്മിന്റെ ദ്വിഭാഷി ഷിന്‍ ഹെ യോങ്ങിനെ ജയിലിലടച്ചതായും വിവരമുണ്ട്. കരാറിനില്ലെന്നു യുഎസ് പ്രസിഡന്റ് അറിയിച്ചപ്പോള്‍ കിമ്മിന്റെ പുതിയ നിര്‍ദേശം പരിഭാഷപ്പെടുത്താന്‍ അവര്‍ക്കു സാധിച്ചില്ലെന്നതാണു കുറ്റം.
ഉത്തരകൊറിയന്‍ നേതാവ് കിം യോങ് ചോലിനെയും ലേബര്‍ ക്യാംപിലേക്ക് അയച്ചതായി വിവരമുണ്ട്. തീരുമാനമൊന്നുമാകാതെയാണു വിയറ്റ്‌നാമില്‍ നടന്ന ഉച്ചകോടിയില്‍ കിമ്മും ട്രംപും പിരിഞ്ഞത്. ഉച്ചകോടിക്കുശേഷം മേയില്‍ ഉത്തരകൊറിയ രണ്ട് ഹ്രസ്വദൂര മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു.