
ആലപ്പുഴ : മകനെതിരായ കേസെന്ന ഓലപ്പാമ്പ് കാട്ടി തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ധനമന്ത്രി കെ.എം മാണിക്കുമെതിരായ പോരാട്ടത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നും വി എസ് പ്രതികരിച്ചു. മകൻ വി.എ.അരുൺകുമാർ അഴിമതി നടത്തിയെന്ന വിജിലൻസ് കണ്ടെത്തലിനെക്കുറിച്ചാണ് വിഎസിന്റെ പ്രതികരണം. അതേസമയം, വിജിലൻസ് കണ്ടെത്തൽ നിഷേധിച്ച അരുൺകുമാർ കയർഫെഡ് എംഡി അയിരിക്കെ അഴിമതി നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി. വിജിലൻസ് കണ്ടെത്തലിനെകുറിച്ച് അറിയില്ലെന്നും അരുൺകുമാർ കൂട്ടിച്ചേർത്തു.
അഴിമതിയെ കുറിച്ചു വിവിധ ഏജൻസികള്‍ അന്വേഷിച്ചതാണ്. അവരാരും അഴിമതി കണ്ടെത്തിയില്ല. തിരഞ്ഞെടുപ്പു കാലത്തു വിവരം പുറത്തു വന്നത് എങ്ങനെയെന്നും അരുൺകുമാർ ചോദിച്ചു. അരുൺകുമാർ 40 ലക്ഷം രൂപയുടെ അഴിമതി നടത്തിയതായാണ് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട്.
ചേർത്തലയിലെ കയർഫെഡ് ഗോഡൗൺ അഴിമതിയിൽ, ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയെന്ന അഴിമതി നിരോധന നിയമത്തിലെ കുറ്റത്തിന് അരുൺകുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് വിജിലൻസ് ശുപാർശ. കയർഫെഡ് എംഡിയായിരിക്കെ അരുൺകുമാർ നടത്തിയ അഴിമതിയിൽ വിഎസിന്റെ മറ്റൊരു ബന്ധുവും കൺസൽട്ടന്റുമായ ആർ.കെ.രമേഷ്, കരാറുകാരൻ മുഹമ്മദ് അലി എന്നിവര്‍ കൂട്ടുപ്രതികളെന്നും വിജിലൻസ് കണ്ടെത്തി. മൂന്നുപേരെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ശുപാർശ ചെയ്തു.