31 അപ്പാര്‍ട്‌മെന്റുകളുള്ള ഏഴു നില കെട്ടിടം, 15 ആഡംബര വില്ലകള്‍, സ്വര്‍ണവും, പണവും എത്തിക്കാന്‍ 12 ആഡംബര കാറുകള്‍, വിദേശത്ത് ബിസിനസുകള്‍;200 രൂപയുടെ ദിവസ കൂലിയില്‍ നിന്ന് നൗഷാദ് കോടിശ്വരനായി മാറിയകഥ
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി നടത്തിയ സ്വര്‍ണ്ണക്കടത്തില്‍ പിടിയിലായ മുഖ്യ പ്രതി നൗഷാദ് നേടിയത് കോടികള്‍. നൗഷാദിന്റെ സ്വത്തുക്കളെ കുറിച്ചുള്ള വിവരമറിഞ്ഞ് അന്വേഷണ സംഘം പോലും ഞെട്ടി. അതേ സമയം ഇയാള്‍ക്ക് സംസ്ഥാനത്ത് വിവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് വിവരവും അന്വേണത്തിന്റെ ഗതി മാറ്റിയട്ടുണ്ട്. തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് ഇയാള്‍ പണം നല്‍കിയിരുന്നതായാണ് സൂചന. 31 അപ്പാര്‍ട്‌മെന്റുകളുള്ള ഏഴു നില കെട്ടിടം, 15 ആഡംബര വില്ലകള്‍, സ്വര്‍ണവും, പണവും എത്തിക്കാന്‍ 12 ആഡംബര കാറുകള്‍, ഏക്കറുകള്‍ കണക്കിനു ഭൂമി ഇങ്ങനെയാണ് സ്വര്‍ണക്കടത്തില്‍ കസ്റ്റംസിന്റെ പിടിയിലായ നൗഷാദിന്റെ പങ്കാളിത്തത്തില്‍ മൂവാറ്റുപുഴയിലുള്ള സ്വത്തുക്കള്‍. ഇത് കൂടാതെ സ്വര്‍ണ്ണക്കടത്ത് വഴിയ വിദേശത്തും മറ്റുമായി ഹോട്ടലുകളും സ്ഥാപനങ്ങളും ഫ്‌ളാറ്റുകളും ഇയാള്‍ സ്വര്‍ണ്ണമാക്കി. ഇതെല്ലാം സ്വരുക്കൂട്ടിയത് സ്വര്‍ണ്ണക്കടത്ത് വഴിയാണെന്ന് മാത്രം.
സ്വത്തുക്കള്‍ മാത്രമല്ല, ഉന്നതരുമായുള്ള ബന്ധവും നൗഷാദിനുണ്ടായിരുന്നു. സ്വര്‍ണക്കടത്തിനു വിമാനത്താവളത്തില്‍ മാത്രമല്ല എല്ലായിടത്തും ഉന്നതരുടെ സഹായം ലഭിച്ചത് ഈ ബന്ധങ്ങളിലൂടെയാണെന്ന നിഗമനത്തിലാണ് പൊലീസ് അയല്‍ സംസ്ഥാനത്തെ മന്ത്രിക്കു കോടികള്‍ ആവശ്യമായി വന്നപ്പോള്‍ സഹായിച്ചത് നൗഷാദായിരുന്നെന്നും രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചു. കുഴല്‍പണം കടത്തുമ്പോള്‍ ഇയാളുടെ സംഘാംഗങ്ങള്‍ പിടിയിലായാല്‍ അവരെ പിടിച്ച ഉദ്യോഗസ്ഥരെ വലയിലാക്കാന്‍ പണം എറിയുമായിരുന്നു നൗഷാദ്. ഈ ഉദ്യോഗസ്ഥരുമായി പിന്നീട് ഊഷ്മള ബന്ധം തുടരുകയും ചെയ്യും. ജാബിനെ പോലുള്ളവരെ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ എത്തിക്കാന്‍ കഴിഞ്ഞതു നൗഷാദിന്റെ ഉന്നത ബന്ധങ്ങള്‍ വഴിയായിരുന്നു.
മൂവാറ്റുപുഴയില്‍ ആരംഭിച്ച് അയല്‍ സംസ്ഥാനത്തേക്കും, മുംബൈയിലേക്കും പിന്നീട് ദുബായിലേക്കും വളര്‍ന്ന നൗഷാദ് ‘ദാവൂദ്’ എന്നാണു നാട്ടില്‍ അറിയപ്പെട്ടിരുന്നത്. അതേസമയം നൗഷിന് എതിരായ അന്വേഷണം പുരോഗമിക്കുമ്പോള്‍ അന്വേഷണം സ്വകാര്യ ട്രസ്റ്റുകളിലേക്കും നീങ്ങുകയാണ്. മൂവാറ്റുപുഴയില്‍ പുതുതായി രൂപീകരിച്ച 26 സ്വകാര്യ ട്രസ്റ്റുകളാണ് സംശത്തിന്റെ നിഴലില്‍ ഉള്ളത്. ട്രസ്റ്റുകള്‍ വഴി അസ്വാഭാവിക രീതിയില്‍ കോടികളുടെ ഭൂമി വാങ്ങിക്കൂട്ടിയതു നേരത്തെ കേന്ദ്ര ഇന്റലിജന്റ്‌സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുഴല്‍പ്പണ, സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായവരും കസ്റ്റംസ് തിരയുന്നവരും ഇത്തരം ട്രസ്റ്റുകളുടെ നേതൃത്വത്തിലുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് ട്രസ്റ്റുകളുടെ പേരില്‍ നടത്തിയ ഭൂമി ഇടപാടുകള്‍ അന്വേഷിക്കുന്നത്.മൂവാറ്റുപുഴ താലൂക്കിലും ജില്ലയുടെ കിഴക്കന്‍ മേഖലയിലും ഒരു വര്‍ഷത്തിനിടെ ട്രസ്റ്റുകളുടെ പേരില്‍ കോടിക്കണക്കിനു രൂപ ചെലവഴിച്ചു വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതിനുള്ള വരുമാനം സ്വര്‍ണക്കടത്തും, കുഴല്‍പണവും വഴിയാണെന്നാണു സംശയം. മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കോതമംഗലം സബ് രജിസ്റ്റ്രാര്‍ ഓഫിസുകളില്‍ നടന്ന ഭൂമിയിടപാടുകളിലെ ആധാരങ്ങള്‍ പരിശോധിച്ച് ഏറ്റവും കൂടുതല്‍ തുകയ്ക്കു ഭൂമി വാങ്ങിയവരുടെയും കൂടുതല്‍ ഭൂമി വാങ്ങിയവരുടെയും വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ശേഖരിച്ചിരുന്നു. സബ് രജിസ്റ്റ്രാര്‍ ഓഫിസുകളില്‍ നിന്നു ഭൂമി ഇടപാടുകളെക്കുറിച്ചും ട്രസ്റ്റുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ട്രസ്റ്റുകളുടെ പേരില്‍ ഭൂമി വാങ്ങുമ്പോള്‍ വരുമാന സ്രോതസ് കാണിക്കുന്നതിനു കര്‍ശന നിബന്ധനകളില്ലാത്തതാണ് ഇടപാടുകള്‍ക്കു പ്രോത്സാഹനമായത്. മൂവാറ്റുപുഴയിലെ പലചരക്കുകടയില്‍ സഹായി ആയിരുന്ന നൗഷാദ് പത്തു വര്‍ഷത്തിനിടെയാണ് ഇവന്‍ സ്വത്തിന് ഉടമയായത്.
ഹവാല, സ്വര്‍ണക്കടത്ത്, വിദേശ കറന്‍സി ഇടപാടുകളുടെ വലിയ ശൃംഖലയും ലോകത്തെവിടെയും നിമിഷ നേരം കൊണ്ടു പണം എത്തിക്കാന്‍ കഴിയുന്ന സംഘത്തിലെ പ്രധാനിയാണ് നൗഷാദ്. പ്രതിദിനം പത്തു കോടിയോളം രൂപ നൗഷാദിന്റെ സംഘം ഹവാല ഇടപാടു നടത്തുന്നതായാണു കസ്റ്റംസിന്റെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും വിലയിരുത്തല്‍. ഇയാളുടെ ദുബായിലെ ഹവാല ശൃംഖലയില്‍ നിന്നു പാക്കിസ്ഥാനിലേക്കു പണം ഒഴുകിയിട്ടുണ്ടെന്നും വിവരമുണ്ട്. ഇക്കാര്യം ഇന്റലിജന്‍സ് ബ്യൂറോയുടെ അന്വേഷണത്തിലാണ്. ദാവൂദിന്റെ സംഘവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍.
കേരളത്തിലെ ഏറ്റവും വലിയ ഹവാല, സ്വര്‍ണക്കടത്തുകാരനെന്ന് നൗഷാദെന്ന് കസ്റ്റംസ് പറയുന്നത്. ചെറിയ തോതില്‍ വിദേശ കറന്‍സി, ഹവാല ഇടപാടുകളിലൂടെ തുടങ്ങുകയും പിന്നീടു സ്വര്‍ണക്കടത്തില്‍ കാരിയറാവുകയും ചെയ്തായിരുന്നു നൗഷാദിന്റെ തുടക്കം. പിന്നീട് സ്വന്തം സാമ്രാജ്യമുണ്ടക്കി. പാക്കിസ്ഥാന്‍ ബന്ധങ്ങളുണ്ടായതോടെ നൗഷാദ് വളര്‍ന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇയാള്‍ ചെന്നൈയില്‍ നിന്നു സ്വര്‍ണം കേരളത്തിലെത്തിച്ചു വില്‍പന നടത്തിയിരുന്നു. ഇയാളുടെ സംഘം ഇന്ത്യന്‍ രൂപയും വിദേശ കറന്‍സിയും വിദേശത്തേക്കു കടത്തിയതായും കസ്റ്റംസ് സംശയിക്കുന്നു. മൂവാറ്റുപുഴ സംസ്ഥാനത്തെ വലിയ കുഴല്‍പണ ഇടപാടുകളുടെ കേന്ദ്രമാണെന്നു കേന്ദ്ര ഇന്റലിജന്‍സ് വര്‍ഷങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. മൂന്നു തവണ പിടിക്കപ്പെട്ടിട്ടും വീണ്ടും കുഴല്‍പണ ഇടപാടുകളില്‍ സജീവമായി തുടര്‍ന്ന ആളാണ് നൗഷാദ്. നൗഷാദിന്റെ സഹായികളും, വിതരണക്കാരുമായിരുന്ന യുവാക്കളും നാടുവിടുകയും ചെയ്തിട്ടുണ്ട്. പലരും വിദേശത്തേക്കു കടന്നിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്.