രോഗങ്ങള്‍ തരാത്ത ചക്ക കഴിക്കാന്‍ മലയാളിക്ക് മനസില്ല.പകരം മലയാളി വിഷമുള്ള പച്ചക്കറികളും രോഗമുള്ള മാംസവും കഴിക്കുന്നു:കാരൂര്‍ സോമന്‍

എല്ലാ മനുഷ്യരിലും കലാവാസനയുള്ളതുപോലെ കൃഷിയെ ഒരു കലയായി കാണുന്നവരുണ്ട്. കർഷകനായ തകഴിയുടെ ശിഷ്യനും ശാസ്ത്ര-സാഹിത്യ-കായിക രംഗത്ത് ബഹുമുഖ പ്രതിഭയുമായ കാരൂർ സോമന്റെ ഭവനത്തിൽ ഓണവിരുന്നിനെത്തുമ്പോഴാണ് മറ്റുള്ളവർക്ക് ആവേശവും അവബോധവും പകരുന്ന വിധത്തിൽ മുന്നിൽ പ്രത്യക്ഷപ്പെട്ട ഓണസമ്മാനം കണ്ടത്.

അതിൽ മുന്തിരി, ആപ്പിൾ, പിയേഴ്സ്, പ്ലം എന്നിവയായിരുന്നു. സ്നേഹിതർക്ക് കൊടുക്കാനായി കരുതിയ സമ്മാനപ്പൊതികൾ എനിക്കും കിട്ടി. ജീവിതത്തിന്റെ നേർക്കാഴ്ചകളിൽ അക്ഷരസൃഷ്ടിയിലൂടെ മാത്രമല്ല കൃഷിയിലും ആ സൃഷ്ടി നടത്താനാകുമെന്ന് തെളിയിക്കുന്നു. ലണ്ടനിലെ ഇസ്താമിലുള്ള വീടിന് പിറകിലെ കുറച്ചുസ്ഥലത്ത് കൂടുതൽ പച്ചക്കറികളും പഴവർഗങ്ങളും കണ്ടത് നല്ലൊരു കർഷകന് മണ്ണിനോടുള്ള അഭേദ്യമായ ബന്ധത്തെയാണ് കാണിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാരൂരുമായുള്ള അഭിമുഖത്തിൽ നിന്നും രോഗങ്ങൾ ബാധിച്ച മൃഗങ്ങളുടെ മാംസം അകത്താക്കുന്നവർ, വിഷാംശം നിറഞ്ഞ പച്ചക്കറികൾ കഴിക്കുന്നവർ, രാസപദാർഥങ്ങളുള്ള ശീതള പാനിയങ്ങൾ കുടിക്കുന്നവരൊക്കെയും പലവിധ രോഗങ്ങളാൽ എരിഞ്ഞടങ്ങി ജീവിതത്തോട് അടിയറവ് പറയുന്നവരാണ്.

രോഗങ്ങൾ തരാത്ത ചക്ക കഴിക്കാൻ ആർക്കും മനസില്ല. അതിന് പകരം വിഷമുള്ള പച്ചക്കറികളും രോഗമുള്ള മാംസവും കഴിക്കാൻ അത്യുത്സാഹമാണ്. സ്വന്തം വീട്ടിൽ പച്ചക്കറിയുണ്ടാക്കാനോ ഒരു വാഴ നട്ടുനനച്ച് വളർത്താനോ മനസില്ല. അതിനും പാണ്ടിനാട്ടിൽ നിന്നുവരുന്ന വിഷം നിറഞ്ഞ ഏത്തവാഴയ്ക്കതന്നെ വേണം. പശുവിന് പുല്ല് അമൃത് എന്നപോലെ ഇന്ന് മലയാളിക്ക് ഇതെല്ലാം അമൃതാണ്. ഇന്നത്തെ മലയാളിയുടെ ഭക്ഷണ രീതി വായിൽ തേനും അകത്ത് വിഷവുമായിട്ടാണ്.

ചാരുംമൂട്-താമരക്കുളത്തെ ഹരിതവർണ്ണമായ നെൽപ്പാടങ്ങളും, പാടശേഖരങ്ങളും വാഴത്തോപ്പുകളും കരിമ്പിൻതോട്ടങ്ങളും കണ്ടുവളർന്ന കാരൂർ ചെറുപ്പത്തിൽ തന്നെ സ്വന്തം വീട്ടിലെ ഒരു കൂലിപ്പണിക്കാരനായും കൃഷിക്കാരനുമായിട്ടാണ് ജീവിതമാരംഭിക്കുന്നത്.

എട്ടാം ക്ലാസിൽ പഠിക്കുന്ന കാലംമുതലേ സ്വന്തമായി കൃഷിയും, ആടുകളും, കോഴികളുമുണ്ടായിരുന്നു. അന്നുമുതൽ പാഠപുസ്തകങ്ങളടക്കമുള്ള ചെലവുകൾ താങ്ങാനാവാതെ വന്നപ്പോൾ ഒരു മോഷ്ടാവും ഉള്ളിൽ വളർന്നു.

അന്നത്തെ മോഷണവസ്തുക്കുൾ തേങ്ങ, കുരുമുളക്, പറങ്കിയണ്ടി, നെല്ല് മുതലായവയായിരുന്നു. കൃഷിയിലും മോഷണത്തിലും ചെറുപ്പത്തിൽ തന്നെ വേണ്ടുന്ന ശിക്ഷണം കിട്ടിയിരുന്നു. ചെമ്മീൻ നോവൽ തകഴിയുടെ വീട്ടിൽ നിന്നാണ് മോഷ്ടിച്ചത്. അത് വാങ്ങാൻ കാശില്ലായിരുന്നു.

ബീഹാറിലായിരുന്ന കാലം കയ്യിൽ കാശില്ലാതെ വരുമ്പോഴൊക്കെ കടയിൽ നിന്ന് ബ്രഡ് മോഷ്ടിക്കുകയും തിരക്കുള്ള ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിട്ട് കാശുകൊടുക്കാതെ പോകാനുള്ള കഴിവുണ്ടായിരുന്നു.

വടക്കേ ഇന്ത്യയിലെ മിക്ക ട്രെയിൻ യാത്രയും ടിക്കറ്റ് എടുക്കാതെയായിരുന്നു. ഇപ്പോൾ മോഷണമില്ല. കൃഷിയിലാണ് താൽപര്യം. എന്റെ ചെറുപ്പത്തിൽ ഞാൻ ധാരാളം ചാണകം വാരി ചുമന്ന് കൃഷിസാധനങ്ങൾക്ക് ഇടാറുണ്ടായിരുന്നു.

ഇന്നത്തെ എത്ര കുട്ടികൾ ചാണകം വാരുന്നവരുണ്ട്. ഇന്നവർക്ക് ചാണകം മാത്രമല്ല മണ്ണും ഇഷ്ടമല്ല. ചാണകത്തിന്റെ ദുർഗന്ധം മാറ്റി കുറെ മധുരം ചേർത്ത് ഉണ്ടകളാക്കി പുതിയ പേരിൽ മധുരപലഹാരമായി കൊടുത്താൽ കഴിച്ചുകൊള്ളും.

മണ്ണ് കുഴിച്ചാൽ കിട്ടുന്നത് പൊന്നാണ് കിട്ടുന്നതെന്ന് അവർക്കറിയില്ല. മക്കളെ കറുത്ത കണ്ണും വെളുത്ത ചോറും കൊടുത്തു വളർത്തണമെന്ന് പഴമക്കാർ പറയാറുണ്ടായിരുന്നു. ഇന്നത് കാണുന്നുണ്ടോ? എത്ര മാതാപിതാക്കൾ സ്വന്തം വീട്ടിൽ പച്ചക്കറിയുണ്ടാക്കുന്നുണ്ട്. അല്ലെങ്കിൽ കൃഷി ചെയ്യുന്നുണ്ട്. ഭൂമി സ്വന്തമായി ഇല്ലാഞ്ഞിട്ടാണോ? ശരീരത്തിന് രക്തവും മാംസവും ആരോഗ്യവും തരുന്ന കൃഷിയോടുള്ള നമ്മുടെ സമീപനത്തിന് മാറ്റം വരാതെ നാടിനെ ബാധിക്കുന്ന രോഗങ്ങളിൽ നിന്ന് മുക്തി നേടാനാവില്ല.

പാഠ്യവിഷയങ്ങളിലൂടെ വിദ്യാർഥി ജീവിതത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടികളെ കൃഷിക്കാരനാക്കാൻ കഴിയും. ഇതിന് ആദ്യപാഠം തുടങ്ങേണ്ടത് സ്വന്തം കുടുംബത്തിൽ നിന്നുതന്നെയാണ്. ഇവരിൽ നല്ലൊരു വിഭാഗം പറയുന്നത് സമയം ഇല്ലെന്നാണ്. ഇവർക്ക് കലികാല-കലകൾ, സിനിമ, സീരിയലുകൾ കണ്ടിരിക്കുന്നതിൽ ഒരു സമയകുറവുമില്ല. വിനോദത്തിനായി ജീവിതത്തിന്റെ നല്ലൊരു ഭാഗം മാറ്റിവയ്ക്കുന്നവർക്ക് മണ്ണിനെ പൊന്നാക്കി മാറ്റാൻ കഴിയാത്തത് മടികൊണ്ടാണ്.

ഇവിടെ അധ്വാനമാണ് വേണ്ടതെന്ന് ചാനലുകൾ കണ്ടിരിക്കുന്നവർ മനസിലാക്കണം. ദൃശ്യമാധ്യമങ്ങളിൽ വേഷം കെട്ടിയാടുന്നവരെ കണ്ടിരിക്കുന്നവരിൽ എന്തൊരഭിമാനമാണുള്ളത്. ഈ പ്രച്ഛന്നവേഷക്കാരെ കണ്ടിരുന്നു സായൂജ്യമടയുന്ന മാതാപിതാക്കൾ സ്വന്തം കുട്ടികൾക്ക് ഭക്ഷിക്കാൻ കൊടുക്കുന്നതും വിഷമാണെന്ന് മറക്കരുത്.

ഇന്നത്തെ ദൃശ്യമാധ്യമങ്ങളിൽ നിറഞ്ഞാടുന്നത് നടീനടന്മാരാണ്. മത്സരങ്ങളിൽ പഠിപ്പിക്കുന്നതും സിനിമകളാണ്. ഈ കമ്പാള സംസ്ക്കാരത്തെ തിരിച്ചറിയാൻ മൂല്യബോധമുള്ള മാതാപിതാക്കൾ തയാറാകണം. ഇതിലൂടെന്തു നേട്ടമാണ് സമൂഹത്തിനുള്ളത്?

ഇല്ലെങ്കിൽ ഒരു ജീർണിച്ച സംസ്കാരത്തിനടിമകളായി നമ്മുടെ കുട്ടികൾ മാറുമെന്നതിന് സംശയമില്ല. കർഷകനെ പ്രതിപാദിക്കുന്ന മണ്ണിന്റെ കഥകൾ പറയുന്ന രണ്ടിടങ്ങഴി, മണ്ണിന്റെ മാറിൽ, വിഷകന്യക, സംക്രാന്തി തുടങ്ങി ശ്രേഷ്ഠ സാഹിത്യ കൃതികളെപ്പറ്റി നമ്മുടെ കുട്ടികൾക്ക് എന്തെങ്കിലുമറിയാമോ? അറിവില്ലാത്തതുപോലെ അറിവുകളും വേണ്ടെന്നാണോ? അവാർഡ് പുസ്തകങ്ങൾ മാത്രം വായിച്ചാൽ അറിവുണ്ടാകണമെന്നില്ല.

കാരൂർ സോമൻ

കാരൂർ സോമൻ

ഗൾഫ് മലയാളികളും വിഷാംശമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവരാണ്. എത്രമാസങ്ങൾ, വർഷങ്ങൾ ഓരോരോ രാജ്യങ്ങളിൽ നിന്നു വരുന്ന ഫ്രീസ്സറിലിരിക്കുന്ന മാംസമടക്കമുള്ള ഭക്ഷണങ്ങൾ കഴിച്ച് തടിച്ച് കൊഴുക്കുന്നവരെ കാണാം. യൗവ്വനക്കാരായവരെ രോഗം അധികം ബാധിക്കാറില്ലെങ്കിലും പ്രായമാകുന്തോറും പലവിധ രോഗങ്ങൾ അവരെയും പിടികൂടുന്നുണ്ട്. ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്ക് ചേരുന്ന വ്യായാമമില്ല. ഗൾഫിൽ കൃഷി ചെയ്യാൻ ഭൂമിയില്ലാത്തതാണ് അതിന് കാരണം.

അവരുടെ ദൈനംദിന ജീവിതം നിത്യവും മാരകമാംവിധം അപകടമല്ലെങ്കിലും പണം കണ്ടു മറ്റുള്ളതെല്ലാം മറക്കുന്നു. കേരളത്തിലേതുപോലെ ഗൾഫ്കാരന്റെ പണവും വിഷം തിന്നുന്നതിന് ചികിത്സിക്കാനാണ് ഉപയോഗിക്കുന്നത്. ആശുപത്രിക്കാർക്ക് ചാകരയുടെ കാലം. പാശ്ചാത്യരാജ്യങ്ങളിൽ വളരെ ചുരുക്കം ആൾക്കാരാണ് ചെറിയ കൃഷികൾ ചെയ്യുന്നത്. മടിയന്മാരായ മലയാളികൾ കൃഷി ചെയ്യാറില്ല. കൃഷിക്ക് തടസമായിട്ടുള്ളത് ഇവിടുത്തെ മഞ്ഞും തണുപ്പുമാണ്.

അഞ്ചാറു മാസങ്ങൾ മാത്രമേ ഇവിടെ കൃഷിക്കാവശ്യമായ ചൂട് ലഭിക്കാറുള്ളൂ. വിവിധ രാജ്യങ്ങളിൽ നിന്ന് വരുന്ന പച്ചക്കറികളും മറ്റ് സാധനങ്ങളുടെയും പരിശോധനാഫലങ്ങൾ പുറത്തുവരാറുണ്ട്. അതിന് പൂർണ പരിശോധനയെന്ന് പറയാനാവില്ല. ഇവിടെ വിൽക്കുന്ന ഏതു സാധനമായാലും അതിന്റെ ഗുണനിലവാരം പരിശോധനയ്ക്ക് വിധേയമാകുന്നുവെന്ന ഭയം കച്ചവടക്കാർക്കുണ്ട്. അത് ഭക്ഷണശാലകൾക്കും ഏറെ ബാധകമാണ്. നമ്മുടെ പിതാമഹന്മാർ കൃഷിക്കാരായതിനാൽ അവരിലധികം പേരും രോഗികളായിരുന്നില്ല. നമ്മുടെ ജീവിതവും ഭക്ഷണരീതികളും മാറിയതിനാൽ നമ്മളിൽ കൂടുതൽ പേരും വിവിധരോഗങ്ങളുമായി ജീവിക്കുന്നവരാണ്.

വിഷബാധയുള്ള രോഗമുള്ള രോഗാണുക്കളുള്ള പച്ചക്കറികൾ, പലഹാരങ്ങൾ, ഭക്ഷണങ്ങൾ മാംസങ്ങൾ കച്ചവടം ചെയ്ത് കാശുണ്ടാക്കുന്നവരെ നിയമം വഴി നിയന്ത്രിക്കാനോ ശിക്ഷിക്കാനോ നമുക്ക് കേരളത്തിൽ കഴിയുന്നില്ല. ഓരോ ഭക്ഷണപദാർഥങ്ങളും ഒരു ലാബിൽ പരിശോധന കഴിയുമ്പോൾ മാത്രമെ അതിലെ ഭയാനകത നമ്മൾക്ക് മനസിലാകൂ.

ഓരോ കുടുംബവും ജൈവവളത്തിലൂടെ കൃഷിയിലേർപ്പെട്ടാൽ നമ്മിലേക്ക് പത്തിവിടത്തിയാടി വരുന്ന വിഷപാമ്പിനെ അകറ്റി നിറുത്താനാകും. ഇന്ത്യയിൽ പട്ടിണിയിൽ കഴിയുന്ന ബഹുഭൂരിപക്ഷവും ജനങ്ങളെ കൃഷിക്കാരാക്കി മാറ്റിയാൽ പട്ടിണിയും ദാരിദ്ര്യവും മാറും. വോട്ട് ബാങ്ക് എന്ന നിഗൂഡ ലക്ഷ്യമുള്ളവർ അതിന് ശ്രമിക്കുന്നില്ല. അക്രമണകാരികളായുള്ള രോഗാണുക്കളെ പ്രതിരോധിക്കാനുള്ള ഏക മാർഗം കൃഷിക്കാരൻ ആകുകയെന്നുള്ളതാണ്. വിനോദോപാധികളിൽ മുഴുകിയിരിക്കുന്നവർക്ക് ഇതൊരു വിനോദമാക്കാം അല്ലാത്തവർ ഞരമ്പുരോഗികളായി കഴിയട്ടെ.

Top