ലോകകപ്പ് യോഗ്യത: ബ്രസീലും അര്‍ജന്റീനയും ഗോളടിച്ചു പിരിഞ്ഞു

ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് യോഗ്യത റൗണ്ടിലെ ബ്രസീല്‍ അര്‍ജന്റീന ക്ലാസ്സിക് പോരാട്ടം സമനിലയില്‍ കലാശിച്ചു. മഴമൂലം ഒരു ദിവസം മാറ്റിവെച്ച മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു.
സ്വന്തം തട്ടകത്തിലെ മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത അര്‍ജന്റീനയായിരുന്നു. 33ാം മിനിറ്റില്‍ ഡിമരിയയും ഹിഗ്വെയ്‌നും ചേര്‍ന്ന് നടത്തിയ മുന്നേറ്റം ലാവെസി പിഴയ്ക്കാതെ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ആതിഥേയര്‍ മുന്നിലെത്തി.
പകുതി സമയത്ത് ഒരു ഗോളിന് പിന്നിലായ ശേഷം ഉണര്‍ന്നു കളിച്ച കാനറികള്‍ 58ാം മിനിറ്റില്‍ സമനില പിടിച്ചു. പകരക്കാരനായി ഫീല്‍ഡിലെത്തിയ കോസ്റ്റയുടെ ബാറില്‍ തട്ടി മടങ്ങിയ ഹെഡ്ഡര്‍ ലൂകാസ് ലിമ വലയിലാക്കുകയായിരുന്നു.
മുന്നിലെത്താനുള്ള ഇരു ടീമുകളുടെയും ശ്രമങ്ങളൊന്നും പിന്നീട് ഫലം കണ്ടില്ല. മുന്നേറ്റങ്ങള്‍ പലപ്പോഴും കളി പരുക്കനാക്കുകയും ചെയ്തു. റഫറി പലതവണ മഞ്ഞ കാര്‍ഡ് പുറത്തെടുത്ത മത്സരത്തില്‍ ബ്രസീല്‍ താരം ഡേവിസ് ലൂയിസ് രണ്ട് മഞ്ഞ കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു.
കോപ്പ അമേരിക്കയില്‍ വിലക്ക് നേരിട്ട ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ സൂപ്പര്‍ താരം നെയ്മര്‍ക്ക് മത്സരത്തില്‍ കാര്യമായൊന്നും ചെയ്യാനായില്ല. പരിക്ക് മൂലം മെസ്സി, ടെവസ്, അഗ്യൂറോ എന്നിവരില്ലാതെയാണ് അര്‍ജന്റീന ഇന്നിറങ്ങിയത്.
2018 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഒന്നില്‍ പോലും അര്‍ജന്റീനയ്ക്ക് ഇതുവരെ ജയിക്കാനായിട്ടില്ല. മൂന്ന് മത്സരങ്ങളില്‍ ഒരു തോല്‍വിയും രണ്ട് സമനിലയുമാണ് മാര്‍ട്ടീനോയുടെ സംഘത്തിന്റെ സമ്പാദ്യം. ആദ്യമത്സരത്തില്‍ ഇക്വഡറിനോട് തോറ്റ ടീം രണ്ടാം മത്സരത്തില്‍ പരഗ്വായോട് സമനില വഴങ്ങുകയായിരുന്നു.
ബ്രസീലിന്റെ സ്ഥിതിയും ഏറെ മെച്ചമല്ല. യോഗ്യതാ റൗണ്ടില്‍ ഓരോ തോല്‍വിയും ജയവും സമനിലയുമാണ് കാനറികളുടെ അക്കൗണ്ടിലുള്ളത്. ചിലിയോട് തോറ്റ ടീമിന്റെ ഏക ജയം വെനസ്വേലയ്ക്ക് എതിരെയായിരുന്നു.

Top