ലണ്ടൻ :ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ മൂന്നാം വിവാഹത്തിനൊരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ.കഴിഞ്ഞ വർഷം ജൂലൈയിൽ പ്രധാനമന്ത്രിയായ ബോറിസ് ജോൺസൻ, കാരി സിമൻസിനൊപ്പമാണു ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിലുള്ള ഔദ്യോഗിക വസതിയിലേക്കു മാറിയത്.കാമുകി കാരി സിമൻസിൽ (31) ജോൺസനു (55) കുഞ്ഞു പിറക്കാൻ പോകുന്നെന്ന വാർത്തയ്ക്കൊപ്പമാണു വിവാഹനിശ്ചയം കഴിഞ്ഞ കാര്യം അറിയിച്ചത്. വേനലാരംഭത്തിൽ കുഞ്ഞു പിറക്കുമെന്നു കാരി സമൂഹമാധ്യമത്തിലൂടെയാണു വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു വിവാഹനിശ്ചയം.
അലീഗ്ര ഒവനാണു ബോറിസ് ജോൺസന്റെ ആദ്യ ഭാര്യ. 1987 ൽ വിവാഹിതരായി; 1993ൽ വേർപിരിഞ്ഞു. ഇന്ത്യൻ വേരുകളുളള മറീന വീലറെ വിവാഹം ചെയ്തത് അതേ വർഷം. 4 മക്കളുമായി 25 വർഷം നീണ്ട ആ ദാമ്പത്യം 2018ൽ അവസാനിച്ചു. വിവാഹമോചന നടപടികൾ അവസാനഘട്ടത്തിലും. കൺസർവേറ്റിവ് പാർട്ടിയുടെ കമ്യൂണിക്കേഷൻസ് മേധാവിയായിരുന്ന കാരി 2012ലെ ലണ്ടൻ മേയർ തിരഞ്ഞെടുപ്പിൽ ജോൺസന്റെ പ്രചാരണസംഘത്തിലെ സജീവസാന്നിധ്യമായിരുന്നു. ഇപ്പോൾ യുഎസ് പരിസ്ഥിതി സംഘടന ഓഷ്യാനയിൽ പ്രവർത്തിക്കുന്നു.
173 വർഷത്തിനിടെ ബ്രിട്ടനു ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രഥമവനിത കാരിയാണ്. ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരിക്കെ (1768–1770) മുൻപു പുനർവിവാഹം ചെയ്തത് അഗസ്റ്റസ് ഹെൻറി ഫിറ്റ്സ്റോയിയാണ്. മുൻ പ്രധാനമന്ത്രിമാരായ ഡേവിഡ് കാമറണും ടോണി ബ്ലെയറും അധികാരത്തിലിരിക്കെ വീണ്ടും അച്ഛനായവരും.