വീടിനുള്ളില്‍ വൈനുണ്ടാക്കിയതി​ന്റെ പേരില്‍ ശിക്ഷ അനുഭവിച്ചിരുന്ന ബ്രിട്ടീഷുകാരനെ സൗദി വിട്ടയച്ചു

റിയാദ്: സൗദിയില്‍ വൈനുണ്ടാക്കുന്നത് കുറ്റകരമാണെന്ന് അറിയാതെ വൈന്‍ ഉണ്ടാക്കിയതിന്റെ പേരില്‍ കോടതി ശിക്ഷിച്ച ബ്രിട്ടീഷ് വയോധികനെ വിട്ടയച്ചു. ഒരു വര്‍ഷത്തെ തടവും 350 ചാട്ടയടിയുമായിരുന്നു ഇയാള്‍ക്ക് ശിക്ഷ വിധിച്ചിരുന്നത്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി ചാട്ടയടി ഒഴിവാക്കിയിരുന്നു.
കാള്‍ ആന്‍ഡ്രീ എന്ന 74കാരനെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് വീട്ടില്‍ വൈനുണ്ടാക്കിയതിന്റെ പേരില്‍ സൗദി പോലീസ് അറസ്റ്റ് ചെയ്യുന്നത്. വൈനുമായി ജിദ്ദയില്‍ നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്. തുടര്‍ന്ന് വിചാരണയ്ക്ക് ശേഷം ഇയാളെ ജയിലില്‍ അടയ്ക്കുകയായിരുന്നു.
മദ്യത്തിനും ലഹരി പദാര്‍ത്ഥങ്ങള്‍ക്കും വിലക്കുള്ള രാഷ്ര്ടമായ സൗദിയില്‍ വീട്ടില്‍ വയിന്‍ ഉണ്ടാക്കുന്നത് കുറ്റകരമാണ്. ഇത് ആന്‍ഡ്രിക്ക് അറിവില്ലായിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് മതനിയമപ്രകാരമാണ് ശിക്ഷ. എന്നാല്‍ ആന്‍ഡ്രിയുടെ കാര്യത്തില്‍ ഇരു രാജ്യങ്ങളുടെയും ഇരുപ്പ് വശം വച്ച് ചാട്ടയടി ഒഴിവാക്കുകയായിരുന്നു. ആന്‍ഡ്രിയെ മോചിപ്പിച്ച സൗദി അറേബ്യന്‍ ഭരണകൂടത്തോട് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹാംനോദ് നന്ദി അറിയിച്ചു.

Top