ചിക്കാഗോയില്‍ 10 ദിവസത്തിനുള്ളില്‍ 100 വെടിവെയ്പ്പ്; 19 മരണം

ചിക്കാഗോ: പുതിയ വര്‍ഷം പിറന്ന് പത്തു ദിവസത്തിനുള്ളില്‍ നൂറില്‍പ്പരം വെടിവെയ്പ്പു സംഭവങ്ങളില്‍ പത്തൊന്‍പതുപേര്‍ മരിക്കുകയും 101 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി ചിക്കാഗോ പൊലീസ് സ്‌പോക്ക്മാന്‍ ആന്റണി ഗലീലിയാനി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ വാരാന്ത്യം മാത്രം ഏഴു പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തിനുള്ളില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തെന്നു പൊലീസ് വെളിപ്പെടുത്തി.
എല്ലാ വര്‍ഷവും നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന തോക്കുകള്‍ പൊലീസ് ഓഫിസര്‍മാര്‍ പിടിച്ചെടുക്കാറുണ്ടെങ്കിലും വെടിവെയ്പ്പു സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച രാവിലെയുമായി നാലു പേരാണ് വെടിയേറ്റു മരിച്ചത്.
തോക്ക് നിയന്ത്രണത്തിനു ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്ന പ്രസിഡന്റ് ഒബാമയുടെ സ്വന്തം സംസ്ഥാനമായ ചിക്കാഗോയിലാണ് ഇത്രയും അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നത്. ഈ വര്‍ഷം കൂടുതല്‍ വെടിവെയ്പ്പു സംഭവങ്ങള്‍ നടന്നിട്ടുള്ളതും ഗ്യാങ് ഗ്രൂപ്പുകള്‍ തമ്മിലാണ്. പൊലീസ് അക്രമം അമര്‍ച്ച ചെയ്യുന്നതിനും പ്രതികളെ പിടികൂടുന്നതിനും നടപടി സ്വീകരിക്കണമെന്നു ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Top