ഡബ്ലിന്‍: കോവിഡ് കാലത്ത് ജനിച്ച കുട്ടികളുടെ പ്രധാന പ്രശ്‌നം എന്താണെന്ന് അയര്‍ലന്‍ഡില്‍ പഠനം നടത്തി. കോവിഡ് കാലത്ത് ജനിച്ച കുട്ടികള്‍ക്ക് ആശയവിനിമയ ശേഷി കുറവുണ്ടെന്ന് കണ്ടെത്തല്‍. കോവിഡിന്റെ ആദ്യകാലത്ത് ജനിച്ച 312 കുട്ടികളിലും കോവിഡിന് മുമ്പ് ജനിച്ച 605 കുട്ടികളിലുമാണ് ഇവര്‍ നിരീക്ഷണം നടത്തിയത്. റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലന്‍ഡ് (ആര്‍സിഎസ്‌ഐ), ചില്‍ഡ്രന്‍സ് ഹെല്‍ത്ത് അയര്‍ലന്‍ഡ് (സിഎച്ച്‌ഐ അയര്‍ലന്‍ഡ്), യൂണിവേഴ്‌സിറ്റി കോളേജ് കോര്‍ക്ക് (യുസിസി) എന്നിവ സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍.
കോവിഡ് കാലത്ത് ജനിച്ച കുട്ടികള്‍ മറ്റ് കുട്ടികളെക്കാള്‍ വളരെ വ്യത്യസ്തമായ സാഹചര്യത്തിലാണ് വളര്‍ന്നത്. അവര്‍ സ്വന്തം കുടുംബാംഗങ്ങള്‍ അല്ലാത്തവരുമായി ആശയവിനിമയം നടത്താന്‍ വിമുഖത കാണിക്കുന്നുണ്ട്. ലോക്ക്ഡൗണും നിന്ത്രണങ്ങളും കാരണം മറ്റുള്ളവരുമായി സാധാരണ രീതിയില്‍ ഇടപെടാന്‍ സാധിക്കാതിരുന്നതാണ് കുട്ടികളില്‍ ആശയവിനിമയ പ്രശ്നം ഉണ്ടാക്കിയതെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. കുഞ്ഞുങ്ങളില്‍ 25% പേരും ഒരു വയസ് തികയുന്നത് വരെ സമപ്രായത്തിലുള്ള മറ്റൊരു കുട്ടിയെ കണ്ടിരുന്നില്ലെന്നും ഗവേഷണം വ്യക്തമാക്കുന്നു.
പുറത്ത് പോകാത്തതും ആളുകള്‍ മാസ്‌ക് ധരിച്ച് സംസാരിക്കുന്നതും കാരണം കുട്ടികള്‍ക്ക് കാഴ്ചകള്‍ കാണുന്നതിനും മറ്റുള്ളവരുടെ മുഖഭാവങ്ങളില്‍ നിന്ന് ഭാഷാസംബന്ധമായ സൂചനകള്‍ ലഭിക്കുന്നതിനും തടസമുണ്ടായി. ഇത് ആശയവിനിമയം ശേഷി ചെറിയ രീതിയില്‍ കുറയ്ക്കാന്‍ കാരണമായി. ലോക്ക്ഡൗണ്‍ മാറി ലോകം സാധാരണരീതിയിലേയ്ക്ക് തിരികെയെത്തിയതോടെ ഇതിന് ഇനി പരിഹാരം ഉണ്ടാകുമെന്ന് ഗവേഷകര്‍ കരുതുന്നു.