സീറോയിൽ വീണ്ടും തമ്മിലടി !എവിടെ ആണെങ്കിലും സീറോ വൈദികർ സ്വഭാവം കാണിക്കും. കോർക്ക് സീറോ മലബാർ സമൂഹത്തെ ഭിന്നിപ്പിക്കുന്നതിൽ നിന്നും ബന്ധപ്പെട്ടവർ പിൻമാറുക.
November 25, 2020 4:28 amBy : Indian Herald Staff
കോർക്ക് :സീറോമലബാർ സഭ എ വൈദികർ ഇവിടെ ചെന്നാലും അവിടെ ഒക്കെ ഉള്ള ഇടവകകളിൽ തമ്മിലടി തുടങ്ങും എന്ന അവസ്ഥയിലാണ് കാര്യങ്ങൾ .കാരണം ഇപ്പോൾ ഉള്ള പലരും യേശുവിനെ പിന്തുടരുന്നവർ അല്ല .മറിച്ച് ലോഹജീവിതം ഒരു തൊഴുത്തിൽ പോലെ കൊണ്ടുനടക്കുന്നവർ ആണ് .വിശ്വാസികളെ തമ്മിലടിപ്പിച്ച് അതിൽ അവരുടെ സ്വാർത്ഥത നടപ്പിൽ വരുത്തുക മാത്രമാണ് ലക്‌ഷ്യം .കേരളത്തിലും വിദേശത്തും സുഖജീവിതം നയിക്കുന്ന ക്രിസ്തീയത നഷ്ടപ്പെട്ടവർ ആണ് സ്ത്രീപീഡനത്തിലും മറ്റു സാമ്പത്തിക കുറ്റങ്ങളിലും പ്രതികൾ ആകുന്നത് .യൂറോപ്പിൽ എത്തിയിരിക്കുന്ന ചിലരും അത്തരക്കാർ ആണ് ആണെന്ന് മുൻകാല വാർത്തകളിൽ പുറത്ത് വന്നിട്ടുണ്ട് .ലൈംഗികതയിലും സാമ്പത്തിക ക്രമക്കേടിലും പലരും പിടിക്കപ്പെട്ടിട്ടുണ്ട് .
ലൈംഗിക ജഡികത കൊണ്ട് വിശ്വാസം നഷ്ടപ്പെട്ട ഒരു രാജ്യമാണ് അയർലണ്ട് .അവിടെ വിശ്വാസികളെ തമ്മിലടിപ്പിക്കാൻ കേരളത്തിൽ നിന്നും എത്തുന്ന വൈദികരും അവയുടെ സിൽബന്ധികളും ശ്രമിക്കുന്നു എന്ന് സോഷ്യൽ മീഡിയായിൽ പരക്കെ ആക്ഷേപം ഉയരുന്നു .അതും വിശ്വാസികൾ ആണ് ഇത്തരം ആക്ഷേപം ഉന്നയിക്കുന്നത് .അയർലന്റിലെ ഒട്ടുമിക്ക മാസ് സെന്ററുകളിലും വൈദികർ അവരുടെ സില്ബന്ധികളെ വെച്ച് ക്രമവിരുദ്ധ നിയമവിരുദ്ധ പണംപിരിവ് നടത്തുന്നു എന്ന് വിശ്വാസികൾ ആരോപിക്കുന്നുണ്ട് .അതിനിടയിലാണ് കോർക്കിലും വിശ്വാസികളെ തമ്മിൽ അടിപ്പിക്കുന്ന വിവരം സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നത് .
കോർക്ക് സീറോ മലബാർ സമൂഹത്തെ ഭിന്നിപ്പിക്കുന്നതിൽ നിന്നും ബന്ധപ്പെട്ടവർ പിൻമാറുക.
“സീറോ മലബാർ സഭയിലെ അംഗങ്ങൾക്ക് വേണ്ടിയുള്ള ഔദ്യോഗിക പ്രസ്താവന” എന്ന തലക്കെട്ടിൽ ഒരു വാർത്ത 20/11/20 മുതൽ പ്രചരിപ്പിക്കുന്നുണ്ടല്ലോ. വെബ്‌സൈറ്റിലും കണ്ടു. അതിനോടുള്ള പ്രതികരണമാണ് താഴെ കൊടുത്തിട്ടുള്ളത്.
1. ആ പ്രസ്താവനയെന്ന പേരിലുള്ള വാർത്ത ആരു ഇറക്കിയതാണ്? പേരും നാളും ഇല്ലാത്ത പിതൃശൂന്യമായ പ്രസ്താവന ചുമക്കേണ്ട ബാധ്യത കോർക്ക് രൂപതയിലെ സീറോ മലബാർ സമൂഹത്തിനില്ല.
പിന്നെ പറയുന്നു ഇപ്പോൾ ഇറക്കിയിരിക്കുന്നത് കഴിഞ്ഞ പ്രതിനിധിയോഗത്തിൽ തീരുമാനിക്കപ്പെട്ട കാര്യങ്ങളുമായി ബന്ധപ്പെട്ട ഒരു വിശദീകരണമാണെന്ന്. അങ്ങനെയെങ്കിൽ കഴിഞ്ഞ പ്രതിധിയോഗത്തിന്റെ തീരുമാനങ്ങൾ അല്ലേ ആദ്യം അറിയിക്കേണ്ടത്? ഓൺലൈനായി കൂടിയ മീറ്റിംഗിൽ എത്രപേർ പങ്കെടുത്തെന്നോ എങ്ങനെയാണ് ഭൂരിപക്ഷം ഉണ്ടായതെന്നോ നമ്മളോട് പറഞ്ഞോ?
2. സിബിയച്ചനും കൈക്കാരന്മാരും ഇറക്കിയ അജണ്ട CRA ക്ക് വേണ്ടിയാണെന്ന് പറഞ്ഞിരുന്നു. അത് CRA പറയുന്ന കാര്യമല്ല. എന്തുകൊണ്ട്, CRA യിൽ നിന്നും വന്ന കത്തു പ്രസദ്ധീകരിക്കുന്നില്ല?
3. നിങ്ങളുടെ അജണ്ടയിൽ പറയുന്ന GDPRഉമായി ബന്ധപ്പെട്ടതൊഴിച്ചുള്ള കാര്യങ്ങൾ പ്രതിനിധിയോഗത്തിന്റെ അധികാരത്തിലോ ചുമതലയിലോ പെട്ടതല്ലെന്നു മാത്രമല്ല, അതു പൊതുയോഗത്തിന്റെ അധികാരത്തിൽ പെട്ടതുമാണ്. പ്രതിനിധിയോഗത്തിന്റെയും പൊതുയോഗത്തിന്റെയും “Functions and Duties” സെക്ഷനിൽ വ്യക്തമായി പറയുന്നുണ്ട്. (കൂടെ ചേർത്തിട്ടുള്ള കോപ്പികൾ 1 & 2 കാണുക) അത്, സഭ അംഗങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണ്. കൂടാതെ, പ്രതിനിധിയോഗത്തിൽ സമന്വയത്തിലൂടെ തീരുമാനം എടുക്കണം, പറ്റിയില്ലെങ്കിൽ പൊതുയോഗത്തിനു വിടണം എന്നാണ് ചട്ടം. ഇപ്പോൾ പ്രതിനിധിയോഗം തീരുമാനിച്ചു എന്ന പറയപ്പെടുന്നതിനെ അനുകൂലിച്ച ഒൻപതു പേരിൽ രണ്ടു പേർ നോമിനിമാരും, രണ്ടു പേർ അവരുടെ യൂണിറ്റിലെ പൊതു അഭിപ്രായത്തിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞവരും, ഒരാൾ അജണ്ട യൂണിറ്റിൽ അറിയിക്കാതെ സമ്മതം മൂളിയയാളും, ഒരാൾ തന്നെത്തന്നെ പ്രതിനിധീകരിക്കുന്ന പ്രതിനിധിയുമാണ്. ബാക്കിയുള്ള മൂന്ന് പേരും അച്ചനും ആണ് ഈ തീരുമാനം എടുത്തത്. അവർ തന്നെയാണ് അജണ്ട ഉണ്ടാക്കിയതും. യോഗത്തിൽ പങ്കെടുക്കാത്ത പ്രതിനിധികളുടെ പല യൂണിറ്റുകളിലും ഇങ്ങനെയൊരു കാര്യം മെംബർമാരെ അറിയിച്ചിരുന്നില്ല. എന്തു സുതാര്യതയാണ് ആ യോഗത്തിന് ഉള്ളത്. നിയമവിരുദ്ധമായി ഒരു യോഗം കൂടി അധികാരമില്ലാത്ത ഒരു കാര്യത്തിൽ സഭാവിരുദ്ധമായ ഒരു തീരുമാനം എടുത്തു ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ആ നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല.
4. “കോർക്കിൽ ഒരു ട്രസ്റ്റ് രൂപപ്പെട്ടത് അറിയാമല്ലോ” എന്നു മാത്രം പറഞ്ഞു തലയൂരാൻ ശ്രമിക്കണ്ട. പൊതുയോഗം തീരുമാനിക്കാത്ത ഒരു കാര്യം ആരു ചെയ്തു? നമ്മൾ വിശ്വാസികൾ അറിയാതെ നമ്മൾ അവശ്യപ്പെടാത്ത ഒരു സംഗതി നമ്മുടെ അനുവാദമില്ലാതെ എന്തിനാണ് നമ്മുടെ തലയിൽകെട്ടിവയ്ക്കുന്നത്? ഇതു തന്നെയാണ് കോർക്കിലെ ഏറ്റവും വലിയ പ്രശ്നവും. 2008 മുതൽ നിലവിലുള്ള സംവിധാനത്തിൽ (Syro Malabar Community Cork എന്ന പേരിലുള്ള Unincorporated entity എന്നതാണ് അതിന്റെ Legal format) കോർക്കിലെ എല്ലാവരും അംഗങ്ങളാണ്. പിന്നെ എല്ലാവരും പുതിയ ഒരു രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ചു തരേണ്ട ആവശ്യമില്ല. വിശ്വാസികളെ തെറ്റിധരിപ്പിച്ചു പുതിയ ട്രസ്റ്റിന്റെ കീഴിലാക്കാൻ ആണ് പുതുതായി രജിസ്ട്രേഷൻ ചെയ്യണമെന്ന് പറയുന്നത്. അതാരും ചെയ്യുന്നതല്ല.
കുട്ടികളുടെ വേദപാഠത്തിനായി Cork and Ross രൂപതയുടെ CHILD SAFE GUARDING POLICY നിലവിൽ നമ്മൾ പാലിക്കുന്നുണ്ട്, SMAയിൽ വേണ്ട ഇൻഷുറൻസ് പൊളിസിയും നമുക്കുണ്ടായിരുന്നു. അതിനു വേണ്ടി പുതുതായി ഒന്നും ചെയ്യേണ്ടതില്ല.
5. വേദപാഠവും കുർബാനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിലവിലുള്ള സംവിധാനത്തിൽ സാധ്യമാണ്. അതുമായി ബന്ധപ്പെട്ട പണത്തിന് ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. 2019 ഡിസംബറിൽ 7000 യൂറോ മിച്ചം ഉണ്ടായിരുന്നു. മാർച്ച് മാസം മുതൽ വേദപാഠവും കുർബാനയും ഓണ്ലൈനിൽ ആണ് നടക്കുന്നതും. ഇവിടെ മാത്രമല്ല, നാട്ടിലും അങ്ങനെയാണ്. അതിനു പണചെലവ് ഇല്ല. ഇനി പള്ളികളിൽ തുടങ്ങുമ്പോൾ ചെലവിനെപ്പറ്റി പൊതുയോഗത്തിലാണ് ചർച്ച ചെയ്യേണ്ടത്.
6. എന്താണ് ട്രസ്റ്റ്? എന്തിനാണ് ട്രസ്റ്റ്?
ജനങ്ങളുടെ ഒരു കൂട്ടായ്മയെ മാനേജ് ചെയ്യലല്ല, സ്ഥാവരജംഗമ വസ്തുക്കൾ (ഉദാ. പരമ്പരാഗതമായി കിട്ടിയ സ്വത്തുക്കൾ) കൈകാര്യം ചെയ്യാനാണ് ട്രസ്റ്റുകൾ രൂപീകരിക്കുന്നത്. ഈ രാജ്യത്തിന്റെ നിയമങ്ങൾ അനുസരിച്ച് തന്നെയാണ് നിലവിലുള്ള സംവിധാനം പ്രവർത്തിച്ചു കൊണ്ടിരുന്നത്. മാത്രവുമല്ല, അതിനാണു കൂടുതൽ സുതാര്യതയും ഉത്തരവാദിത്വവും ഉള്ളത്. ട്രസ്റ്റിനല്ല! കാരണം, ട്രസ്റ്റിയെ നിയമിച്ചു കഴിഞ്ഞാൽ അവർ എടുക്കുന്ന ഒരു തീരുമാനങ്ങളും പിന്നീട് ചോദ്യം ചെയ്യാൻ സാധിക്കില്ല. എന്നാൽ, അതു ശരിയായാലും തെറ്റായാലും അനുസരിക്കാൻ മറ്റുള്ളവർ ബാധ്യസ്തരുമാണ്. അത്, അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. വിമർശനങ്ങളെ അവഗണിച്ചു മുന്നോട്ടുപോകാനുള്ള ഒരു കുറുക്കുവഴിയാണ് ട്രസ്റ്റ് എന്ന സംവിധാനം. എന്നാൽ, നിലവിലെ സംവിധാനത്തിൽ പ്രതിനിധിയോഗത്തിൽ എടുക്കുന്ന തെറ്റായ തീരുമാനങ്ങളെ തിരുത്താൻ പൊതുയോഗത്തിനു സാധിക്കും. ട്രസ്റ്റിന്റെ ദോഷം മനസ്സിലാക്കാൻ ഒരു ഉദാഹരണം പറയാം, പ്രത്യേകം പള്ളി വേണമെന്ന് പൊതുയോഗം ആവശ്യപ്പെട്ടിട്ടില്ല. ഒരു ട്രസ്റ്റുണ്ടാക്കി അതിന്റെ തീരുമാനപ്രകാരം ലോണെടുത്തു പണമടയ്ക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ അതിന്റെ നിയമപരമായ ബാധ്യതയും ഉത്തരവാദിത്വവും ആര് ഏറ്റെടുക്കും? കൺസ്ട്രക്ഷൻ പണികൾ ചെയ്യാൻ ചില അച്ചന്മാർക്കും മെത്രാന്മാർക്കും ഒരു “പ്രത്യേക താല്പര്യം” ഉണ്ടെന്നു നമുക്ക് അറിയാമല്ലോ. അങ്ങനെയാണല്ലോ മൂന്ന് വർഷം കാലവധിയെത്താറായപ്പോൾ പ്രത്യേകം പള്ളി വേണമെന്ന “ദൈവഹിതം” വന്നത്..! ചിലരുടെ വെളിപാടിനു നമ്മൾ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ചുരുക്കം. ട്രസ്റ്റ് എന്നത് നമ്മൾ പറഞ്ഞ ആശയമല്ലെന്നു കൂടി നമ്മൾ ഓർക്കുക.
7. കോർക്കിലെ വിശ്വാസ സമൂഹത്തിന്റെ ആത്മീയമായ കാര്യങ്ങൾ (കുർബാനയും വേദപാഠവും) നടത്താൻ നിയമപരമായ ഒരു സംവിധാനം നിലവിലിരിക്കെ പുതിയ ഒരു ട്രസ്റ്റ് രഹസ്യത്തിൽ ഉണ്ടാക്കിയത് എന്തിനുവേണ്ടി?
ഇവിടുത്തെ സമൂഹത്തിലെ എല്ലാവർക്കും എല്ലാ തീരുമാനത്തിലും തുല്യ അവകാശമുണ്ടായിരുന്ന ഒരു സംവിധാനം അട്ടിമറിച്ചു ട്രസ്റ്റിമാർക്കു മാത്രം അവകാശമുള്ള ഒരു ട്രസ്റ്റ് ഉണ്ടാക്കിയത് ഞങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ഒരു മാർഗ്ഗമാണ്. അത് അനുവദിക്കില്ല. നിലവിലെ സംവിധാനത്തിനു ഒരു legal issue ഉം ഇല്ല. പണം കൈകാര്യം ചെയ്യുന്നതിനും അതിന്റെ സുതാര്യതയും അക്കൗണ്ടബിലിറ്റിയും ഉറപ്പാക്കുന്നതിലും നിലവിലെ സംവിധാനം ആണ് കൂടുതൽ സുതാര്യം. കാരണം, അതിൽ ട്രസ്റ്റിമാരുടെ ഇടപാടുകൾ ചോദ്യം ചെയ്യാനും തിരുത്താനും നമുക്ക് സാധിക്കും. അതിനു പകരം എന്ത് ട്രസ്റ്റാണ് ഉണ്ടാക്കിയതെന്ന് ആരേയും അറിയിക്കാതെ Trust deed രഹസ്യമാക്കി വച്ചുകൊണ്ട് അതിൽ ചേരാൻ ആവശ്യപ്പെടുന്നത് ദുരൂഹമാണ്. അച്ചനും നോമിനിമാരും കൂടി തീരുമാനിക്കുന്നത് ചുമക്കേണ്ട ഒരു ബാധ്യതയും ഇവിടുത്തെ സമൂഹത്തിനില്ല.
8. കുടുംബയുണിറ്റുകൾ രൂപീകരിക്കുന്നതു ഒന്നും പ്രതിനിധിയോഗത്തിന്റെ ജോലിയല്ല. അതു അതാതു കുടുംബയുണിറ്റുകളിൽ ചർച്ച ചെയ്യേണ്ടതാണ്. അതിനു അംഗീകാരം കൊടുക്കേണ്ടത് പൊതുയോഗവുമാണ്.(കൂടെ ചേർത്തിട്ടുള്ള പടം 3 കാണുക) പ്രതിനിധികൾ അതിനുവേണ്ടി തലപ്പുകക്കേണ്ടതില്ല. അച്ചനും കൈക്കാരന്മാർക്കും സൗകര്യപ്രദമായ രീതിയിലല്ല, അതാത് ഭാഗത്തെ ജനങ്ങളുടെ സൗകര്യം കണക്കിലെടുത്താണ് അതിൽ തീരുമാനം എടുക്കേണ്ടത്. ഇതിനൊന്നും പുതുതായി ഒരു രജിസ്ട്രേഷനും ആരും നടത്തേണ്ടതില്ല. അക്കാരണം പറഞ്ഞ് രഹസ്യമായി ഉണ്ടാക്കിയ ട്രസ്റ്റിൽ ആളെ ചേർക്കാമെന്നു കരുതുകയും വേണ്ട!
9. അയർലണ്ടിലെ വ്യാജനിയമാവലി
സീറോ മലബാർ സഭയുടെ പ്രതിനിധി യോഗവും പൊതുയോഗവും എങ്ങനെ പ്രവർത്തിക്കണമെന്ന് “നമ്മുടെ ബൈലോ”യിൽ പറയുന്നുണ്ടെന്ന് പറയുന്നു. ചിറപ്പണത്തു മെത്രാനും അച്ചന്മാരും കൂടി ഒരു വ്യാജ നിയമാവലി അയർലണ്ടിൽ പ്രചരിപ്പിക്കുന്നുണ്ടല്ലോ! നിർബന്ധപ്പിരിവ് കൊടുക്കാത്തവരെ അയോഗ്യരാക്കാൻ കത്തോലിക്ക സഭ പറഞ്ഞിട്ടില്ല. ദുഃഖിതരെയും പീഡിതരെയും തേടിവന്ന ക്രിസ്തുവിന്റെ സഭയ്ക്ക് അതു സാധിക്കില്ല. പക്ഷെ, നമ്മുടെ പണം അന്വേഷിച്ചു വരുന്ന മെത്രാനും അച്ചന്മാർക്കും അതു സാധിക്കും! അതു നിലനിൽക്കുന്ന നിയമമല്ല.
ഇവിടെ നടന്ന ഒരേയൊരു പൊതുയോഗത്തിൽ മാത്രമാണ് പൊതുയോഗത്തിന്റെ തീരുമാനം നടപ്പിലായത്. അതു 2016ൽ തമ്മിൽ തല്ലിയ പ്രതിനിധിയോഗത്തെ മരവിപ്പിക്കാൻ ഉള്ള പൊതിയോഗത്തിന്റെ തീരുമാനം ആയിരുന്നു. നീലങ്കാവിൽ അച്ചൻ നിയമത്തെ ബഹുമാനിക്കുന്ന ആളായിരുന്നത്കൊണ്ടും ജനങ്ങൾ ഒറ്റക്കെട്ടായി ന്യായത്തിന്റെ പക്ഷത്തു നിന്നതുകൊണ്ടും അന്നത് സാധിച്ചു. എന്നാൽ ഇന്നെന്താണ് സംഭവിക്കുന്നത്? യോഗത്തിന്റെ മിനിറ്റ്‌സ് പോലും വായിക്കാൻ പറ്റില്ലെന്ന് പറയുന്ന ധാർഷ്ട്യമുള്ള, യോഗം തീരുമാനമാകാത്ത കാര്യങ്ങൾപോലും പള്ളിയിൽ യോഗതീരുമാനം എന്ന് വിളിച്ചു പറയുന്ന ഒരച്ചൻ. പിന്നെ എങ്ങനെയാണ്, ഇവിടെ സഭയുടെ നിയമാവലിയനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നതെന്ന് അവകാശപ്പെടാൻ സാധിക്കുന്നത്? നോമിനിമാരെ നിയമിച്ചു തീരുമാനങ്ങൾ അട്ടിമറിക്കുന്നതാണ് നമ്മൾ കഴിഞ്ഞ നാല് വർഷമായി കണ്ടുകൊണ്ടിരിക്കുന്നത്.
അതുപോലെ തന്നെ, “പ്രതിനിധി യോഗത്തിലോ പൊതുയോഗത്തിലോ ഭൂരിപക്ഷം അംഗീകരിച്ച കാര്യങ്ങളാണ് നമ്മൾ നടപ്പാക്കുന്നത്. നമ്മുടെ വ്യക്തിപരമായ അഭിപ്രായം അതിനു എതിരാണെങ്കിൽ തന്നെ ഈ തീരുമാനങ്ങൾ അംഗീകരിക്കാൻ പ്രതിനിധികളും, കൈക്കാരൻമാരും ഉൾപ്പെടെ എല്ലാ അംഗങ്ങളും ഒരുപോലെ ബാധ്യസ്ഥരാണ്.” എന്ന് പറയുന്നുണ്ടല്ലോ (പേരില്ലാത്ത ആരോ). പ്രതിനിധിയോഗത്തിൽ നോമിനിമാരെ വച്ചു നിങ്ങൾ തീരുമാനങ്ങൾ അട്ടിമറിക്കുന്നു. പൊതുയോഗത്തിൽ ഒരു തീരുമാനം തന്നെ എടുക്കാറില്ല. എന്തിന് മിനിറ്റ്‌സ് പോലും വായിക്കാറില്ല. മിനിറ്റ്‌സ് വായിക്കാൻ അവശ്യപ്പെട്ടിട്ടു പറ്റില്ലെന്ന് പറഞ്ഞു Fr. സിബി യോഗത്തിൽ നിന്നും 2019 ഫെബ്രുവരിയിലെ പൊതുയോഗത്തിൽ നിന്നും ഇറങ്ങിയോടിയത് നമ്മളാരും മറക്കില്ല. യോഗത്തിൽ എടുക്കുന്ന തീരുമാനം സഭാ നിയമങ്ങൾക്ക് വിധേയമായിരിക്കണം. അല്ലാതെ എടുക്കുന്ന ഒരു തീരുമാനവും അംഗീകരിക്കാനും നടപ്പിലാക്കാനും ഒരു വിശ്വാസിക്കും ബാധ്യതയില്ല. മാത്രവുമല്ല, തെറ്റായ നടപടികൾ ചോദ്യം ചെയ്യാൻ Particular Law ഇൽ വകുപ്പുണ്ട്. അതുകൊണ്ടു ഭീഷണിപ്പെടുത്താമെന്നു ആരും വ്യാമോഹിക്കണ്ട. ഞങ്ങൾ വിഡ്ഢികളല്ല.
10. 2019ൽ SMAയുമായിട്ടുള്ള ബന്ധത്തിൽ എന്തു സംഭവിച്ചു?
SMA യിലെ Cormac അച്ചന് നമ്മുടെ സമൂഹത്തോടുണ്ടായിരുന്ന പ്രത്യേക സ്നേഹവും നമുക്ക് അവരോടുണ്ടായിരുന്ന കടപ്പാടുമാണ് 2006-07 മുതൽ Wilton SMAയിൽ വേദപാഠവും കുർബാനയും സുഗമമായി നടന്നുവന്നിരുന്നതിന് കാരണം. എന്നാൽ 2019 മുതൽ ആ സ്ഥിതി മാറിയെന്ന് പറയുന്നു. എന്താണതിന് കാരണം? അതു വിശദീകരിക്കേണ്ട ബാധ്യത നമ്മുടെ സമൂഹത്തിനുവേണ്ടി അവരുമായി ഇടപെടുന്ന അച്ചനും കൈക്കാരൻമാർക്കും ഇല്ലേ?
2019ലെ ചിറപ്പണത്തു മെത്രാന്റെ കോർക്ക് സന്ദർശനത്തോടെയാണ് ഇവിടുത്തെ കാര്യങ്ങൾ വഷളാകാൻ തുടങ്ങിയത് എന്നത് ചില ഗൂഢാലോചനകൾ നടന്നുവെന്നതിന്റെ തെളിവാണ്. അതിനു ശേഷമാണ് ചാരിറ്റി രജിസ്‌ട്രേഷനും അട്ടിമറിക്കപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. SMAയുമായുള്ള ബന്ധം വന്ന ഉലച്ചിൽ, അവരുമായുള്ള മീറ്റിംഗുകളിലെ സംഭവങ്ങൾ, പന്തക്കുസ്താ ദിനത്തിലെ പ്രശ്നം, മൈക്കൾ അച്ചനെ പല കാര്യങ്ങളും അറിയിക്കാതിരുന്നത്, 2007 മുതൽ നടന്നുവന്ന ക്രിസ്തുമസ് പരിപാടിയുടെ വേദിമാറ്റം തുടങ്ങിയ നാടകങ്ങളെല്ലാം നടത്തിയിട്ടു എല്ലാ ഞായറാഴ്ചകളിലും മൈക്കൾ അച്ചനെ കുറ്റപ്പെടുത്തി പ്രസംഗിച്ചു. മറ്റൊരു പള്ളിയല്ലാതെ വേറെ മാർഗ്ഗമില്ലായെന്നു വരുത്തിത്തീർക്കാനാണ് ഈ കുത്സിത മാർഗ്ഗം പ്രയോഗിച്ചത്. കാരണം, കോർക്കിലെ എല്ലാവർക്കും ഏറ്റവും സൗകര്യപ്രദമായ ഒരു പള്ളിയാണ് വിൽട്ടൻ SMA. അവിടെ തുടർന്നാൽ പ്രത്യേകം പള്ളിയെന്ന സ്റ്റീഫൻ ചിറപ്പണത്തു മെത്രാന്റെ അജണ്ട നടക്കില്ലെന്ന് മനസ്സിലാക്കി കളിച്ച കളിയാണ്,
SMAയുടെ സൗകര്യങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നമുക്ക് ആ ചെലവിന്റെ ഒരു ഭാഗം വഹിക്കാൻ കഴിയണം. അതുപോലും സാധിക്കില്ലെങ്കിൽ പിന്നെ എങ്ങനെയാണ് സ്വന്തമായി ഒരു പള്ളി നടത്തിക്കൊണ്ടു പോകുന്നത്? ആർക്കോ തോന്നിയ ഒരു പള്ളിപണിക്കു വേണ്ടിയെന്നു പറഞ്ഞു പണം മാറ്റിവയ്ക്കുന്ന നിങ്ങൾ ഇതിനു ഉത്തരം നൽകണം.
11. ഇവിടെ 2016ൽ വടക്കേൽ പിതാവും കോർക്കിലെ ബിഷപ്പ് ബക്ലിയുമായി ഇവിടെ വരുന്ന അച്ഛന്മാർക്ക് 1000യൂറോ കൊടുക്കണം എന്ന് ധാരണ ഉണ്ടാക്കിയോ? അങ്ങനെയൊരു കാര്യം ഇന്ന് വരെ ആരെയും അറിയിച്ചിട്ടില്ലല്ലോ. ബിഷപ്പ് ബക്ലിയുമായിട്ടുള്ള കൂടിക്കാഴ്ചക്ക് ശേഷം പെരുമായനച്ചൻ കോർക്കിലേക്ക് അയച്ച കത്തിലും അങ്ങനെയൊന്നും പറയുന്നില്ലല്ലോ? (കൂടെ ചേർത്തിട്ടുള്ള പടം 4 കാണുക)
അന്നാണ് അങ്ങനെയൊരു ധാരണ ഉണ്ടാക്കിയതെങ്കിൽ എന്തിനാണ് 2008 മുതൽ ഇവിടെ നിർബന്ധമായി പണം പിരിക്കുന്നത്?
12. കുറച്ചുപേർ കൊടുക്കുന്ന പണം കൊണ്ടാണ് ഇവിടെ കാര്യങ്ങൾ നടക്കുന്നതെന്നു ചില “വിശുദ്ധ അസൂയാലുക്കൾ” പറഞ്ഞുകൊണ്ടിരുന്നത് ഇപ്പോഴത്തെ പിതൃശൂന്യമായ പ്രസ്താവനാ വാർത്തയിലും കാണുന്നുണ്ട്. എന്താണ് വാസ്തവം? നമ്മുടെ കണക്കുകൾ അനുസരിച്ചു കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ താഴെ പറയുന്നു.
2016 ആകെ കിട്ടിയതു ഏകദേശം 22,000 യൂറോ അതിൽ “നടത്തിപ്പുകാർ” കൊടുത്ത് നാലായിരം യൂറോ.
2017 മുതൽ 2019 വരെ ഓരോ വർഷവും ഏകദേശം 43000 യൂറോ ആകെ വരുമാനം. അതിൽ 2017ലും 2018ലും “നടത്തിപ്പ്കാർ” കൊടുത്തത് ഏകദേശം 7500 യൂറോ വീതം. 2019ൽ ഏകദേശം 8500 യൂറോയും മാത്രമാണ് ഈ പറയുന്ന “കുറച്ചുപേർ” കൊടുക്കുന്നത്! വെറും അഞ്ചിലൊന്നു പണം കൊടുത്തവർ ആണ് അഞ്ചിൽ നാല് ഭാഗം പണം കൊടുത്തവരെ ചോദ്യം ചെയ്യുന്നത്! പള്ളിയിൽ വരുന്ന പണം എല്ലാവരും കൂടി ഇടുന്ന സ്തോത്രക്കാഴ്ച്ച ആണ്. ഞങ്ങളുടെ ചെലവിലാണ് ഇവിടെയെല്ലാം നടക്കുന്നത് എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അവർക്ക് വേണ്ടി സൂചിപ്പിച്ചതാണ്. ഇവിടെയുള്ള മനുഷ്യരിൽ അസൂയയും തിന്മയും കുത്തിനിറച്ച് തമ്മിൽതല്ലിക്കുക എന്ന ഒറ്റ ഉദ്ദേശ്യമാണ് അങ്ങനെയൊരു കാര്യം പറയുന്നതിന് പിന്നിൽ. വിശ്വാസികളെ രണ്ടാക്കിയാൽ പിന്നെ കാര്യങ്ങൾ എളുപ്പമായല്ലോ.
13. “കൗദാശികമായ എല്ലാ സേവനങ്ങളും ചാപ്ലൈന്റെ എല്ലാ സേവനങ്ങളും പണം നിർബന്ധിതമല്ലാതെ ലഭ്യമാക്കും” എന്ന് ഇംഗ്ലീഷിൽ എഴുതിവച്ചിട്ടുണ്ടല്ലോ. അപ്പോൾ പിന്നെ എന്തിനാണ് നിങ്ങൾ Particular Law തിരുത്തി നിർബന്ധപ്പിരിവിന്റെ അടിസ്ഥാനത്തിൽ ആണ് അംഗത്വം എന്നു പറഞ്ഞിരിക്കുന്നത്?
എന്തിനാണ് ഇപ്പോഴത്തെ അജണ്ടയിൽ പള്ളിയുടെ സേവനങ്ങൾ പണം നൽകുന്നവർക്ക് മാത്രം എന്നു പറഞ്ഞിരിക്കുന്നത്?
ഈ ചാപ്ലൈന്റെ സേവനം അല്ലാതെ വേറെന്തെങ്കിലും കൊടുക്കാൻ നിങ്ങൾക്ക് പദ്ധതിയുണ്ടോ?
ക്ലബ്ബ് നടത്തുന്നതുപോലെ പള്ളി നടത്തിയാൽ സംഭവിക്കുന്നതാണ് ഇത്! അപ്പോൾ അതുമായി ബന്ധപ്പെട്ട് ദുഷ്പ്രചാരണങ്ങൾ നടക്കുന്നത് നിങ്ങളുടെ ഉള്ളിൽ നിന്നു തന്നെയാണ്. അത്തരം കാര്യങ്ങളിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല.
14. Fr. Sibi Arackal സഭയുടെ ചട്ടക്കൂടിനകത്തുനിന്നു ചെയ്യുന്ന സേവനങ്ങൾ കണ്ടില്ലെന്നു നടിക്കാൻ സാധിക്കില്ലെന്നു മാത്രമല്ല ഒരിക്കലും ആരും മറക്കുകയുമില്ല. നമ്മുക്ക് സേവനം ചെയ്യാൻ വേണ്ടി വന്നു. തിരിച്ചു പോകേണ്ട കാലാവധിയായപ്പോൾ തന്റെ കൈക്കാരന്മാരെ കൊണ്ട് കത്തെഴുതിച്ചു ലത്തീനിലേക്ക് കൂടുമാറി നമ്മൾ കൂടു മാറാതിരിക്കാൻ നടത്തുന്ന ശ്രമങ്ങൾ കാണാതിരിക്കുന്നില്ല.
അതു മാത്രമല്ല, പോളിഷ്, ഫിലിപ്പിനോ, ലിത്വാനിയൻ സമൂഹത്തിനും എന്തിനു റഷ്യ, സ്ലോവേനിയ, ജോർജിയ, റൊമേനിയ എന്നിവടങ്ങളിൽ നിന്നുള്ള ഓർത്തഡോക്സ് സമൂഹങ്ങൾക്കും കോർക്ക് രൂപത നൽകുന്ന സേവനങ്ങൾ ഞങ്ങൾ കാണുന്നുണ്ട്.
15. ട്രസ്റ്റ് രൂപികരണത്തെ ന്യായീകരിക്കാൻ ജനത്തെ തെറ്റിദ്ധരിപ്പിക്കരുത്
A. “നികുതി / വരുമാന ആവശ്യങ്ങൾക്കായി നമ്മുടെ കമ്മ്യൂണിറ്റിയെ ഒരു ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്യേണ്ടത് ഒരു ആവശ്യമായിരുന്നു.”
വ്യാജമാണ് അത്. ചാരിറ്റി റെഗുലേറ്ററി അതോറിറ്റിയിലും റെവന്യൂവിലും രജിസ്‌ട്രേഷൻ ഉണ്ടായാൽ മതി. നിലവിലുള്ള സംവിധാനത്തിൽ അതു സാധ്യമാണ്. അതിനു ട്രസ്റ്റ് ഉണ്ടാക്കേണ്ട ആവശ്യമില്ല.
B. നമ്മുടെ അക്കൗണ്ടന്റും ഓഡിറ്റർമാരും കാലാകാലങ്ങളിൽ ഇത് നിർദ്ദേശിക്കുകയും ചെയ്തു.
തെറ്റ്! നമ്മുടെ അക്കൗണ്ടന്റ് വർഷങ്ങളായി മധു മാത്യു ആണ്. അദ്ദേഹം അങ്ങനെ ചെയ്തിട്ടില്ല. ഓഡിറ്റർമാർ അങ്ങനെ നിർദ്ദേശിച്ചതായി അറിവില്ല.
C. 4/2/2018 ലെ പൊതുയോഗത്തിൽ നിലവിലെ സംവിധാനത്തിനു ചാരിറ്റി രജിസ്ട്രേഷൻ എടുക്കാൻ തീരുമാനിച്ചു എന്നത് ശരിയാണ്. എന്നാൽ ട്രസ്റ്റ് രജിസ്റ്റർ ചെയ്യാൻ പറഞ്ഞിട്ടില്ല. അന്ന് യോഗതീരുമാനങ്ങൾ വായിച്ചിരുന്നില്ല. ട്രസ്റ്റിമാരെ പൊതുയോഗത്തിൽ നിന്നുവേണം തെരഞ്ഞെടുക്കാൻ എന്ന പ്രമേയം അവതരിപ്പിച്ചിട്ടു അതിന്മേൽ ചർച്ച അനുവദിക്കാതെ Fr. Sibi യോഗം പിരിച്ചു വിടുകയാണ് ഉണ്ടായത്.
D. കോർക്ക് രൂപതയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്യാൻ രൂപത സമ്മതിച്ചില്ല എന്നത് കല്ലുവച്ച നുണയാണ്. അക്കൗണ്ടന്റ് മധുവും അച്ചനും കൂടിയാണ് രൂപതയിൽ പോയി നമ്മുടെ കണക്കുകൾ കാണിച്ചു കാര്യം പറഞ്ഞത്. അക്കാര്യം മധു തന്നെ വിശദീകരിക്കുന്നു.
“അപ്പോയിന്റ്മെന്റ് എടുത്തു, പോകേണ്ട ദിവസം ഞാനും അച്ചനുംമാത്രമേ വന്നുള്ളൂ. ഞങ്ങൾ പോയി, diocese കണക്കുകൾ കൈകാര്യം ചെയ്യുന്ന ആളെ കണ്ടു, നമ്മുടെ കണക്കു അയാൾക്ക് കൊടുത്തു, it looks fine എന്നോ മറ്റോ അയാൾ പറഞ്ഞ്. വേറൊരു അച്ചൻ വന്നിട്ട് ഞങ്ങളോട് പറഞ്ഞ്, ” we have no problems incorporating your community into the diocese. We will be considering you as a church and so you will have to take second collections for the diocese. There are 12 or 13 such collections.. We can exempt you from the collection for the “Priest Benevolent Fund ” as none of your priests are currently in our priest homes. “
എന്നാലും 10, 12 കളക്ഷൻ എന്ന് കേട്ടപ്പോൾ സിബി അച്ചൻ പറഞ്ഞു, ഞങ്ങൾക്ക് parish കൗൺസിലുമായി ആലോചിച്ചേ തീരുമാനം പറയാൻ പറ്റൂ, എന്നിട്ട് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.
ഇതാണ് സംഭവിച്ചത്…. Diocese നമ്മുടെ റിക്വസ്റ്റ് refuse ചെയ്തു എന്ന് പ്രസ്താവനയിൽ പറഞ്ഞത് കള്ളമാണ്.”
മാത്രവുമല്ല, ചാരിറ്റി രജിസ്‌ട്രേഷൻ തുടങ്ങിയതും മധുവാണ്. Unincorporated entity ആയിട്ടാണ് അതു ചെയ്തു വന്നതും. നടപടിക്രമങ്ങൾ പുരോഗമിച്ചു അവസാനഘട്ടത്തോട് അടുത്തപ്പോൾ വ്യക്തിപരമായ തിരക്കുകളും മറ്റും കാരണമായി മധു അതു പൂർത്തിയാക്കാൻ കൈക്കാരൻമാരെ ഏല്പിക്കുകയാണ് ചെയ്തത്. പിന്നീട്, രജിസ്‌ട്രേഷൻ കിട്ടിയെന്നു പള്ളിയിൽ വിളിച്ചു പറഞ്ഞത് കേട്ടു നോക്കിയപ്പോൾ ആണ് നമ്മൾ അവശ്യപ്പെടാത്ത ഒരു ട്രസ്റ്റ് ഉണ്ടാക്കി അതിനു രജിസ്‌ട്രേഷൻ എടുത്തിട്ട് അതാണ് നമ്മുടേത് എന്ന കാര്യം നമ്മൾ മനസ്സിലാക്കുന്നത്. നമ്മളെ അച്ചനും കൈക്കാരന്മാരും കൂടി വഞ്ചിക്കുകയായിരുന്നു. ആ വഞ്ചന നടപ്പിലാക്കാൻ ആണ് ഈ ഊമ പ്രസ്താവന ഇറക്കിയിരിക്കുന്നത്.
16. സോഷ്യൽ മീഡിയയിൽ ഇവിടുത്തെ സംഭവങ്ങൾ വന്നതുമായി ബന്ധപ്പെട്ട് അച്ചനെയും കൈക്കാരന്മാരെയും പറയുന്ന ഓരോ വാക്കും അവരുടെ കുടുംബങ്ങളും കുട്ടികളും കാണുന്നതോടൊപ്പം തന്നെ നിങ്ങളുടെ കുട്ടികളും കാണുന്നുണ്ട് എന്നു പറഞ്ഞുള്ള ഭീഷണി വേണ്ടാ. കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. നേതൃത്വത്തിലിരിക്കുന്നവർ സത്യസന്ധരും ന്യായവും നീതിയും പാലിക്കാൻ കടപ്പെട്ടവരുമാണ്. സ്ഥാനമാനങ്ങളുടെ മറവിൽ രഹസ്യ അജണ്ട നടപ്പിലാക്കാൻ ശ്രമിച്ചാൽ അതു പൊതുജനമധ്യത്തിൽ എത്തും. പൊതുയോഗം വിളിക്കാതെ തീരുമാനം എടുക്കുമ്പോൾ ജനങ്ങൾ പ്രതികരിക്കുമെന്നു നിങ്ങൾ മനസ്സിലാക്കണമായിരുന്നു. വ്യാജ പുരോഹിതരെയും കപട ഫരിസേയരെയും എതിർക്കുകയാണ് ക്രിസ്തുവും ചെയ്തത്. അവന്റെ മാർഗ്ഗം പിന്തുടരാനാണ് നമ്മളും വിളിക്കപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞയാഴ്ച അയച്ച അജണ്ട അതേപടി നടപ്പിലാക്കുന്നുവെന്നതാണ് ഇതിൽ നിന്നും മനസ്സിലാകുന്നതും. നമ്മൾ പ്രതിഷേധിച്ചു തള്ളിക്കളഞ്ഞതും ആണ്. എല്ലാവർക്കും അവകാശമുള്ള, നമ്മുടെ അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കുന്ന, കമ്മിറ്റിക്കാർക്ക് തെറ്റു പറ്റിയാൽ തിരുത്താൻ കഴിയുന്ന നിലവിലുള്ള സംവിധാനം തന്നെയാണ് നമുക്ക് പറ്റിയത്. അല്ലാതെ, നമ്മുടെ നിയന്ത്രണം മുഴുവനും ഏറ്റെടുത്തു, നമ്മുടെ പണം അപഹരിച്ചു അതിന്മേൽ സമ്പൂർണ്ണ അധികാരം സ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ള മെത്രാനും അച്ചനും കുമ്മനും കൂടി ഉണ്ടാക്കിയ ട്രസ്റ്റ് നമ്മുടേതല്ല. അതിൽ നമ്മൾ ചേരേണ്ടതില്ല. വേദപാഠം നല്കുകയെന്നത് കത്തോലിക്ക സഭയുടെ കടമയും നമ്മുടെ ഉത്തരവാദിത്വവും ആയിരിക്കെ കുട്ടികളെ മുൻനിർത്തിയുള്ള ഈ കളി തുടരാൻ അനുവദിച്ചു കൂടാ! സഭയുടെ വിശ്വാസസത്യങ്ങളും നിയമങ്ങളും അനുസരിച്ചു വസ്തുതകളുടെ അടിസ്ഥാനത്തിൽ നമ്മൾ വിമർശിക്കുന്നതും പ്രതിരോധിക്കുന്നതും. എന്നാൽ, അവരോ അസത്യങ്ങളും അർധസത്യങ്ങളും ശുദ്ധനുണകളും ചേർത്ത് നമ്മളെയെല്ലാം തെറ്റിദ്ധരിപ്പിച്ചു നമ്മളെ വിശ്വാസത്തിന്റെ പേരിൽ ചൂഷണം ചെയ്യുന്നത് ഒരിക്കലും അംഗീകരിച്ചുകൊടുക്കാൻ ഒരു യഥാർത്ഥ വിശ്വാസിക്ക് സാധിക്കുകയില്ല. ഈ പ്രതികരണത്തിൽ നമ്മളാരും ഒറ്റയ്ക്കല്ല. നമ്മൾ ഒരുമിച്ചാണ്! ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ. ക്രിസ്തു നമുക്ക് തുണയായിരിക്കട്ടെ!