ദമാം ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂൾ സമയമാറ്റം അംഗീകരിക്കാനാവില്ലെന്ന് രക്ഷിതാക്കൾ; സംവാദത്തിൽ പങ്കെടുക്കാതെ മാനേജ്‌മെന്റ് കമ്മറ്റി

ബിജു കരുനാഗപ്പള്ളി

ദമാം: ദമാം ഇന്റർനഷണൽ ഇന്ത്യൻ സ്‌കൂളിൽ അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കാനിരിക്കുന്ന സ്‌കൂൾ സമയമാറ്റത്തിൽ തങ്ങളുടെ പ്രതിഷേധവും, ആവലാതികളുമറിയിച്ച് രക്ഷിതാക്കൾ.യോത്തിൽ എത്താമെന്നേറ്റതിന് ശേഷം അവസാന നിമിഷത്തിൽ അസൗകര്യമറിയിച്ച് മാനേജ്‌മെന്റ് കമ്മറ്റിയിൽ ഒരാൾ പോലും യോഗത്തിൽ പങ്കെടുത്തതുമില്ല.
ദമാം ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ സമയമാറ്റത്തെക്കുറിച്ച് രക്ഷിതാക്കൾക്കിടയിൽ വ്യാപകമായ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളുമായി ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി നവോദയ സാംസ്‌കാരിക വേദി ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് യോഗം വിളിച്ചു ചേർത്തത്.
സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങൾ രക്ഷിതാക്കളുടെ പ്രതിനിധികളാനെന്നിരിക്കെ, തങ്ങളുടെ ആശങ്കകൾ കേൾക്കാനോ, കാര്യങ്ങളുടെ നിജസ്ഥിതി തങ്ങളെ ബോധ്യപ്പെടുത്താനൊ തയ്യാറാകാത്ത ചെയർമാനടക്കമുള്ള അംഗങ്ങളെക്കുറിച്ച് തങ്ങൾക്കുള്ള പ്രതിഷേധം അറിയിച്ച രക്ഷിതാക്കൾ സ്‌കൂളുമായി ബന്ധപ്പെട്ട് ഉത്തരവാദപ്പെട്ടവരിൽ നിന്നും തങ്ങൾക്ക് നേരിടേണ്ടി വരുന്ന പ്രയാസങ്ങൾ ഒന്നൊന്നായി ചർച്ചകളിൽ പങ്കു വെച്ചു.
സ്‌കൂൾ സമയമാറ്റത്തെക്കുറിച്ച് പത്രക്കുറിപ്പും, വാട്‌സ് അപ്പ് മെസ്സേജും അയക്കുന്ന സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി, നാളിതുവരെയായും ഇതിനെക്കുറിച്ച് ഔദ്യോഗികമായ സർക്കുലറിലൂടെ രക്ഷിതാക്കളെ അറിയിച്ചിട്ടില്ല. തങ്ങൾക്ക് താല്പ്പര്യമുള്ള ആളുകൾക്ക് കരാർ നല്കാൻ തയ്യാറായ മാനേജ്‌മെന്റ് ഇക്കാര്യത്തിലും സുതാര്യമായ സമീപനമല്ല സ്വീകരിച്ചത് എന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കരാറിൽ ആർക്കും പങ്കെടുക്കാമെന്നും, ഇതിനുള്ള അപേക്ഷാ ഫോറം സ്‌കൂളിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും അവകാശപ്പെട്ട മാനേജ്‌മെന്റ് ഇതിനകം തന്നെ ജിദ്ദയിലെ ഒരു കമ്പനിയുമായി കരാർ ഉറപ്പിച്ചതായും ആക്ഷേപമുയര്ന്നു. നിലവിൽ ജിദ്ദ സ്‌കൂളിൽ സർവ്വീസ് നടത്തുന്ന ഈ കമ്പനിയെക്കുറിച്ച് അവിടെനിന്നും വ്യാപകമായ പരാതികൾ ഉണ്ടാവുന്നുണ്ടെന്നും ചർച്ചകളിൽ പലരും അഭിപ്രായപ്പെട്ടു.
സമയമാറ്റം മൂലം കുട്ടികളും, രക്ഷിതാക്കളും അനുഭവിക്കേണ്ടി വരുന്ന കടുത്ത സമ്മർദ്ദങ്ങളെക്കുറിച്ചാണ് ചർച്ചയിൽ പങ്കെടുത്ത വീട്ടമ്മമാരും, ജോലിച്‌കെയ്യുനവരുമായ രക്ഷിതാക്കൾക്ക് പറയാനുണ്ടായത്. സമയമാറ്റത്തിന്റെ ഫലമായി പതിവിൽ നിന്നും നേരത്തെ എഴുന്നേല്ക്കാൻ നിർബ്ബന്ധിതമാകുന്ന കുട്ടികൾ, അവരെ സ്‌കൂളിൽ അയച്ചതിനുശേഷം ജോലി സ്ഥലത്തേക്ക് തിരക്കിട്ട് ഓടേണ്ടി വരുന്ന രക്ഷിതാക്കൾ; ഇങ്ങിനെ നിരവധിയായ പ്രയാസങ്ങളെ മാനേജ്‌മെന്റ് കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത്തരം സമയമാറ്റത്തെ തുടർന്ന് ജോലി പോലും ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാകുമെന്ന് വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അമ്മമാർ പ രാതിപ്പെടുകയുണ്ടായി. ആൺകുട്ടിയും, പെൺകുട്ടിയുമുള്ള രക്ഷിതാവിന് രണ്ട് കുട്ടികളെ രണ്ട് സമയങ്ങളിലായി സ്‌കൂളിൽ കൊണ്ട് വിടാനുള്ള പ്രയാസം കാണാതെ പോകുന്ന അധികാരികൾ, സ്‌കൂൾ ബസിനെ ആശ്രയിക്കാൻ ഇവരെ നിർബ്ബന്ധിക്കുക വഴി വലിയ ബാധ്യതയിലേക്കാണ് ഇവരെ തള്ളി വിടുന്നത്. വലിയ ശമ്പളം പറ്റുന്നവരല്ല ഭൂരിഭാഗം രക്ഷിതാക്കളുമെന്നിരിക്കെ, ക്യത്യമായ പഠനം നടത്താതെ തന്നിഷ്ടപ്രകാരം എടുക്കുന്ന തീരുമാനങ്ങൾക്കെതിരെ ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് പറഞ്ഞു വെക്കാനും ചർച്ചകളിൽ പങ്കെടൂത്തവർ മടിച്ചില്ല.
നിലവിൽ സ്തുത്യർഹമായ നിലയിൽ കുട്ടികളെ കൊണ്ടുവിടുന്ന എത്രയെങ്കിലും സ്വകാര്യ വാഹനങ്ങൾ ഉണ്ടെന്നിരിക്കെ, സ്‌കൂൾ നിബന്ധനകൾക്ക് വിധേയമായി, പരാതി രഹിതമായി ഇവരുടെ സേവനങ്ങൾ ഉപയോഗിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനു പകരം വിവിധങ്ങളായ ആരോപണങ്ങൾ ഉന്നയിച്ച് നല്ല രീതിയിൽ ഈ രംഗത്ത് പ്രവർത്തിക്കുന്നവരെ കൂടി സംശയത്തിന്റെ നിഴലിൽ നിർത്താനാണ് മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങൾ ശ്രമിക്കുന്നത്. ദമാം ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ നല്ല ഭാവിക്കായി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനുള്ള സന്നദ്ധതയും ഇവരുടെ പ്രതിനിധിയായെത്തിയ ആളുകൾ ചർച്ചയിൽ മുന്നോട്ട് വെച്ചു.
തികച്ചും ശാസ്ത്രീയമായ പഠനം നടത്തി, രക്ഷിതാക്കൾ, അധ്യാപകർ, കുട്ടികൾ എന്നിവരുമായും, സമൂഹത്തിലെ ഉത്തരവാദപ്പെട്ട സംഘടനകളുടെ പ്രതിനിധികളുമായും ചർച്ചകൾ നടത്തി മെച്ചപ്പെട്ട സംവിധാനത്തിലേക്ക് പോകണമെന്ന അഭിപ്രായമാണ് ചർച്ചകളിൽ പ്രധാനമായും ഉയര്ന്നു വന്നത്.
പൊതുപരിപാടികളിൽ പങ്കെടുക്കുന്നതി ന് ഇന്ത്യൻ എംബ സ്സിയുടെ വിലക്കുണ്ടെന്ന വാദം ഉയർത്തിക്കൊണ്ട് അവസാന നിമിഷം പരിപാടിയിൽ നിന്ന് മാറി നിന്ന മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങൾക്കെതിരെ നിശിതമായ വിമർശനമാണ് ഉയർന്നത്. അതിനിടയിൽ, യോഗത്തിൽ സംബന്ധിക്കാൻ തയ്യാറായിരുന്ന അന്യ സംസ്ഥാനത്തിൽ നിന്നുള്ള പ്രതിനിധിയെ മലയാളികൾ സംഘടിപ്പിക്കുന്ന ചടങ്ങിൽ നിന്ന് വിട്ടു നില്ക്കാൻ ചെയർമാൻ പറഞ്ഞതായ ആക്ഷേപവും ഉയര്ന്നു വന്നു.
കുടുംബ വേദി കേന്ദ്ര കമ്മറ്റി കൺവീനർ നൗഷാദ് അകോലത്ത് സ്വാഗതം ആശംസിച്ച യോഗത്തിൽ എം.എം. നഈം അദ്ധ്യക്ഷനായി. നവോദയ ജനറൽ സിക്രട്ടറി ജോർജ്ജ് വർഗ്ഗീസ് വിഷയം അവതരിപ്പിച്ചു. ഡിസ്പയെ പ്രതിനിധീകരിച്ച് സുനിൽ മുഹമ്മദ്, നജിം ബഷീർ, സ്‌കൂൾ മുൻ ചെയർമാൻ തിരു നാവുക്കരശ് എന്നിവർ പങ്കെടുത്തു. രക്ഷിതാക്കളുടെ ആശങ്കകൾക്ക് പരിഹാരം കാണാൻ നവോദയ സാംസ്‌കാരിക വേദി പ്രതിജ്ഞാബദ്ധമാണെന്നും, അതിനായി സാധ്യമായ മുഴുവൻ കാര്യങ്ങളും ചെയ്യാൻ നവോദയ തയ്യാറാണെന്നും ചർച്ച ക്രോഡീകരിച്ച് കൊണ്ട് പ്രഭാകരൻ കണ്ണൂർ അഭിപ്രായപ്പെട്ടു. നവോദയ കേന്ദ്ര നേതാക്കളായ ഇ.എം. കബീ, പവനൻ മൂലക്കീൽ, സുധീഷ് ത്യപ്രയാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. മോഹനൻ വെള്ളിനേഴി നന്ദി പ്രകാശിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top