ദുബൈ വിമാനത്താവളത്തില്‍ രോഗബാധിതരാണോ എന്ന് കണ്ടെത്താന്‍ തെര്‍മല്‍ ക്യാമറ സംവിധാനം

ദുബൈ: സ്മാര്‍ട് ഗേറ്റുകളില്‍ തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിച്ച് ദുബൈ രാജ്യാന്തര വിമാനത്താവളം. പകര്‍ച്ചവ്യാധികള്‍ ബാധിച്ചവര്‍ ഇതുവഴി കടന്നു പോയാല്‍ ഉടന്‍ കണ്ടെത്താന്‍ കഴിയും. ‘സ്മാര്‍ട് ഹെല്‍ത്ത് ട്രാക്‌സ്’ പദ്ധതിയുടെ ഭാഗമായാണു പുതിയ സുരക്ഷാ സംവിധാനം. വ്യക്തികളുടെ ശരീര ഊഷ്മാവിലെ ഏറ്റക്കുറച്ചിലുകള്‍ കണ്ടെത്തി രോഗസാധ്യത നിര്‍ണയിക്കാന്‍ സാധ്യമാകുന്ന സംവിധാനമാണിത്. വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാരുടെ രേഖകള്‍ കൃത്യമാണോയെന്നും രോഗബാധിതരാണോയെന്നും മനസ്സിലാക്കാന്‍ തെര്‍മല്‍ ക്യാമറകള്‍ ഘടിപ്പിച്ച സ്മാര്‍ട് ഗേറ്റുകള്‍ക്ക് സാധിക്കും.

രോഗബാധിതനായ യാത്രക്കാരനെ കണ്ടെത്തിയാല്‍ പ്രത്യേക പരിഗണന നല്‍കും. പ്രത്യേക മെഡിക്കല്‍ സംഘം പരിശോധിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. വിമാനത്താവളങ്ങളില്‍ ആധുനിക സംവിധാനങ്ങളോടെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സംഘത്തെ നിയമിക്കും. സാരമായ രോഗമുള്ള യാത്രക്കാരനാണെങ്കില്‍ ഉടന്‍ ആശുപത്രികളിലേക്കു മാറ്റും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എമിഗ്രേഷനുമായി സഹകരിച്ചാണ് പുതിയ സംവിധാനമൊരുക്കുകയെന്ന് ആരോഗ്യപ്രതിരോധ മന്ത്രാലയം അധികൃതര്‍ പറഞ്ഞു. യാത്രക്കാരുടെ മുഖവും ശരീരവും പ്രത്യേകം സ്‌കാന്‍ ചെയ്യും. ചികിത്സ തേടി ആശുപത്രികളില്‍ എത്തുന്നവരുടെ പഴയ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ ലഭ്യമാകുമെന്നതും നേട്ടമാണ്.

യാത്രക്കാരുടെ വിശദാംശങ്ങള്‍ ഒരേസമയം എമിഗ്രേഷനും ആരോഗ്യ മന്ത്രാലയത്തിനും ലഭ്യമാകുന്നത് നടപടികള്‍ കൂടുതല്‍ വേഗത്തിലും സുതാര്യമായും പൂര്‍ത്തിയാക്കാന്‍ സഹായകമാകുമെന്ന് ദുബൈ എമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. യാത്രക്കാരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പൊതുവിവരശേഖരം തയാറാക്കി ആശുപത്രികളുമായി ബന്ധിപ്പിക്കും.ഈ രീതിയിലെ സാങ്കേതിക മാറ്റങ്ങള്‍ ആരോഗ്യ മേഖലയില്‍ പുതിയ നേട്ടമുണ്ടാക്കാന്‍ സാധിക്കും എന്ന് അധികൃതര്‍ പറയുന്നു.

Top