കേരളസമൂഹത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും കോൺഗ്രസ് പിന്മാറുക: നവയുഗം.

ദമ്മാം: കൊറോണ ദുരിതം വിതയ്ക്കുന്ന ഈ കാലത്തും, യാതൊരു അടിസ്ഥാനവുമില്ലാത്ത വിവാദങ്ങളും, അനാവശ്യ സമരങ്ങളും, അക്രമ കൊലപാത രാഷ്ട്രീയവും നടത്തി, കേരളപൊതുസമൂഹത്തിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷത്തെ തകർക്കുവാനുള്ള ശ്രമങ്ങളിൽ നിന്നും മുഖ്യപ്രതിപക്ഷമായ കൊണ്ഗ്രെസ്സ് പാർട്ടി പിന്തിരിയണമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

തിരുവനന്തപുരം വെഞ്ഞാറമൂടിൽ ഡിവൈഎഫ്ഐക്കാരായ രണ്ടു യുവാക്കളെ, യൂത്ത് കോൺഗ്രെസ്സുകാർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ നവയുഗം കേന്ദ്രകമ്മിറ്റി ശക്തമായി അപലപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മൂന്നാമത്തെ സഖാവാണ് കോൺഗ്രസ്സുകാരാൽ കൊല്ലപ്പെടുന്നത്. കൊലപാതകരാഷ്ട്രീയം ആര് നടത്തിയാലും പ്രതിഷേധാർഹമാണ്. രണ്ടു കുടുംബങ്ങളുടെ അത്താണിയായ യുവാക്കളെ കൊന്നത് കൊണ്ട് എന്ത് നേട്ടമാണ് കൊണ്ഗ്രെസ്സ് പാർട്ടി പ്രതീക്ഷിയ്ക്കുന്നത്? ഗാന്ധിയുടെ ശിഷ്യന്മാർ എന്നവകാശപ്പെടുന്നവർ, ഇപ്പോൾ ഗോഡ്‌സെയുടെ വഴിയാണ് പിന്തുടരുന്നത് എന്നത് ദുഃഖകരമാണ്. ആശയങ്ങളെ ആശയങ്ങൾ കൊണ്ടാണ് നേരിടേണ്ടത്., ആയുധങ്ങൾ കൊണ്ടല്ല.

ലോകമെങ്ങുമുള്ള ജനത കൊറോണ രോഗവ്യാപനം കാരണം ദുരിതം അനുഭവിയ്ക്കുന്ന കാലമാണിത്. കേരളത്തിലെ സർക്കാരിന്റെ മികച്ച രോഗപ്രതിരോധ ആസൂത്രണപ്രവർത്തനങ്ങളുടെ ഫലമായി, മറ്റു സ്ഥലങ്ങളിൽ നിന്നും താരതമ്യേന മെച്ചപ്പെട്ട അവസ്ഥയാണ് കേരളത്തിൽ ഉള്ളത്.
എന്നാൽ ആ സംവിധാനങ്ങളെ മുഴുവൻ തകർക്കുന്ന വിധത്തിൽ, രാഷ്ട്രീയലക്ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ട്, യാതൊരു തെളിവുകളുടെയും പിൻബലമില്ലാത്ത കടലാസ് വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ട്, അനാവശ്യ സമരങ്ങൾ ഉണ്ടാക്കി, കേരളത്തിലെ തെരുവുകളെ രക്തക്കളമാക്കാനും, സാമൂഹികഅകലം ലംഘിച്ചു കൊണ്ട് കൊറോണ വ്യാപനം വേഗത്തിലാക്കാനുമാണ് ഇപ്പോൾ യു.ഡി.എഫ് ശ്രമിയ്ക്കുന്നത്. കേരളജനതയോടുള്ള വെല്ലുവിളിയാണിത്.

24 മണിക്കൂർ പോലും ആയുസ്സില്ലാത്ത, അനാവശ്യ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കാൻ വേണ്ടിമാത്രം ദിവസവും പത്രസമ്മേളനം നടത്തുന്ന, മീഡിയ മാനിയ ബാധിച്ച പ്രതിപക്ഷനേതാവ്, സ്വയം അപഹാസ്യനാകുന്ന കാഴ്ചയാണ് കേരളം കാണുന്നത്. കൊറോണരോഗം കൂടുതൽ വ്യാപിയ്ക്കുന്ന ഈ സാഹചര്യത്തിലെങ്കിലും, സ്വന്തം നിലപാടുകൾ അദ്ദേഹം തിരുത്തേണ്ടിയിരിയ്ക്കുന്നു. കൊറോണ രോഗബാധ പടരാതിരിയ്ക്കാനും, ജനങ്ങളുടെ സാമൂഹികജീവിതം പഴയപടിയാക്കാനും സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണയ്ക്കുകയാണ് ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷം ചെയ്യേണ്ടത്.

വെഞ്ഞാറമൂട് കൊലപാതകകേസിലെ പ്രതികളെയും, അവരെ പറഞ്ഞയച്ചവരെയും മുഴുവൻ കണ്ടെത്തി ശിക്ഷ വാങ്ങിക്കൊടുക്കേണ്ട ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനുണ്ട്. അതോടൊപ്പം, ഇനിയും കൊലപാതക രാഷ്ട്രീയം ആവർത്തിരിയ്ക്കാതിരിയ്ക്കാനുള്ള ഉത്തരവാദിത്വം എല്ലാ രാഷ്ട്രീയ സംഘടനകൾക്കുമുണ്ട്. അതിനായി എല്ലാ പാർട്ടികളും ദൃഢനിശ്ചയം എടുക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹനും, ജനറൽ സെക്രട്ടറി വാഹിദ് കാര്യറയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Top