ദമ്മാം: അല്‍കോബാറിലുള്ള എയര്‍ ഇന്ത്യ ഓഫിസ് കേന്ദ്രീകരിച്ചു, വന്ദേഭാരത് മിഷന്റെ ഭാഗമായി നാട്ടിലേയ്ക്ക് മടങ്ങാന്‍ വിമാനടിക്കറ്റ് എടുക്കാനെത്തുന്ന പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും, ഈ കോക്കസിനെതിരെ അടിയന്തരനടപടികള്‍ സ്വീകരിയ്ക്കാന്‍ ഇന്ത്യന്‍ എംബസ്സി തയ്യാറാകണമെന്നും നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
നാട്ടിലേയ്ക്ക് മടങ്ങാനുള്ള ലിസ്റ്റില്‍ പേര് വന്നതിനെത്തുടര്‍ന്ന്, ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും ഫോണ്‍ വിളി കിട്ടിയതനുസരിച്ച്, വിമാനടിക്കറ്റ് എടുക്കാന്‍ എത്തുന്ന പ്രവാസികളെ, പല രീതിയിലാണ് അല്‍കോബാറിലുള്ള എയര്‍ ഇന്ത്യ ഓഫിസിലുള്ളവര്‍ കഷ്ടപെടുത്തുന്നത്.
എംബസ്സി നല്‍കിയ റഫറന്‍സ് നമ്ബര്‍ സഹിതം എത്തുന്ന പലരെയും, “എംബസ്സി നല്‍കിയ ലിസ്റ്റില്‍ പേരില്ല” എന്ന് പറഞ്ഞു, ടിക്കറ്റ് കൊടുക്കാതെ തിരിച്ചയയ്ക്കുന്ന സംഭവങ്ങള്‍ ദിവസവും നടക്കുന്നു. എംബസ്സിയില്‍ മറ്റു ചിലരില്‍ നിന്നും വിമാന ടിക്കറ്റിനുള്ള പൈസ വാങ്ങിയിട്ട് പിന്നീട് വന്നു ടിക്കറ്റ് വാങ്ങാന്‍ പറഞ്ഞയയ്ക്കുകയും, പിന്നീട് ഫോണ്‍ ചെയ്ത്, ബിസിനസ്സ് ക്‌ളാസ് ടിക്കറ്റ് മാത്രമേയുളളൂ എന്നും അതിനായി ടിക്കറ്റ് ഒന്ന് ആയിരത്തോളം റിയല്‍ കൂടുതല്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് , ആ കാശു കൂടി വാങ്ങുന്ന തട്ടിപ്പും അരങ്ങേറുന്നുണ്ട്.
വന്‍വിലവര്‍ദ്ധനവ് ഏര്‍പ്പെടുത്തിയതിനു പുറമെ പല സീറ്റുകള്‍ക്കും പല റേറ്റുകള്‍, പല സമയങ്ങളിലായി പറഞ്ഞു പ്രവാസികളെ നെട്ടോട്ടം ഓടിയ്ക്കുന്നതും പതിവാണ്. ജോലി നഷ്ടമായും, ആരോഗ്യപ്രശ്നങ്ങള്‍ മൂലവും, ബന്ധുക്കളുടെ മരണം മൂലവുമൊക്കെ എങ്ങനെയും നാട്ടിലേയ്ക്ക് എത്താന്‍ ഗതികെട്ട് ഓടിനടക്കുന്ന ശ്രമിയ്ക്കുന്ന പ്രവാസികളെയാണ് ഇങ്ങനെ എയര്‍ ഇന്ത്യ ചൂഷണം ചെയ്യുന്നത്. തികച്ചും മനുഷ്യത്വരഹിതമായാണ് ആ ഓഫിസില്‍ ഉള്ളവര്‍ പ്രവാസികളോട് പെരുമാറുന്നത്.