കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ഗണേശ വിഗ്രഹം!..എതിര്‍പ്പുമായി മലയാളികള്‍ അടക്കമുള്ള സംഘടനകള്‍ രംഗത്ത്

കുവൈത്ത്‌സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ഗണേശ വിഗ്രഹം സ്ഥാപിച്ചതിനെതിരെ എതിര്‍പ്പുമായി മലയാളികള്‍ അടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് ഗണേശ രൂപം എംബസിയുടെ പ്രധാന കവാടത്തിലുള്ള റിസപ്ക്ഷന്‍ റൂമില്‍ ലൈബ്രറിയോടെ ചേര്‍ന്ന് സ്ഥാപിച്ചത്. ഗണേശ ചതുര്‍ത്ഥി ദിനമായ സെപ്റ്റംബര്‍ 17ന് ഗണേശ പ്രതിമ ഔദ്യോഗികമായി അനാച്ഛാദനം ചെയ്യുന്നതായി അറിയിച്ച് ഇന്ത്യന്‍ എംബസി അധികൃതര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഈ മാസം 11ന് അയച്ചിരുന്നു. എന്നാല്‍, രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പരിപാടി മറ്റെരു ദിവസത്തേക്ക് മാറ്റിവെച്ചതായി ഫോണ്‍ മുഖേന അറിയിച്ചിരുന്നു.
ചില സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് വരുമെന്നതിനാലാണ് അനാച്ഛാദനം മാറ്റി വച്ചതായി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതെന്നറിയുന്ന്. എന്നിട്ടും, പ്രസ്തുത ദിവസം തന്നെ അനാച്ഛാദനം ചെയ്താണ് വിവാദമായിരിക്കുന്നത്. എംബസിയില്‍ സ്ഥാപിച്ചിരിക്കുന്ന ഗണേശ രൂപം പിന്നീട് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയാണ് മലയാളികള്‍ അടക്കമുള്ള സംഘടന പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നത്.
അബു ഹസാനിയിലുള്ള ഒരു കുവൈത്ത് പൗരന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കൗതുകവസ്തു എന്ന നിലയില്‍ കൊണ്ടുവന്ന രൂപമാണ് ഇത്. ഹിന്ദുക്കളുടെ പൂജ വിഗ്രഹമാണന്ന് അറിഞ്ഞതിനെ തുടര്‍ന്ന് സ്വദേശി ബില്‍ഡിംഗിന് പുറത്തേക്ക് ഉപേക്ഷിക്കകയായിരുന്നു. സമീപത്തുള്ള ഇന്ത്യക്കാര്‍ ഇതിനെക്കുറിച്ച് എംബസിയില്‍ അറിയിച്ചതോടെ, എംബസി അധികൃതര്‍ എത്തി സ്വദേശിയുടെ അനുമതിയോടെ എടുക്കുകയായിരുന്നു എന്നറിയുന്നു. 1500 കിലോയില്‍ അധികം ഭാരമുള്ളതാണ് പ്രസ്തുത ഗണേശ രൂപം. നാട്ടില്‍ നിന്ന് 2000ല്‍(4,20000 രൂപ) അധികം ദിനാര്‍ കാര്‍ഗോ ഇനത്തില്‍ നകല്‍കിയാണ് ഇവ കുവൈത്തില്‍ കൊണ്ടുവന്നൂ അറിയുന്നു.
സ്വദേശിയുടെ ബില്‍ഡിംഗിന് സമീപത്തുനിന്ന് വലിയ ക്രൈയിന്‍ ഉപയോഗിച്ചാണ് എംബസിയില്‍ എത്തിച്ചത്. എംബസിയില്‍ മതേതര കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് നേരത്തേ മുതല്‍ ആക്ഷേപം ഉണ്ട്. നേരത്തേ, സംഘ്പരിവാര്‍ ആഭിമുഖ്യത്തിലുള്ള സംഘടനയുടെ പരിപാടിക്കായി ഓഡിറ്റോറിയത്തിനൊപ്പം എംബസി കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളും വിട്ടുനല്‍കിയിരുന്നു. പൊതു തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്ര മോഡി രാജ്യത്ത് അധികാരത്തില്‍ വരുമെന്ന് സ്ഥാനപതി പെതു വേദിയില്‍ പ്രസംഗിക്കുകയും ചെയ്യതിരുന്നു.കൂടാതെ, മോഡി അധികാരത്തില്‍ എത്തിയശേഷം ഉടന്‍തന്നെ മോഡിയുടെ ചിത്രം എംബസി അങ്കണത്തില്‍ വയക്കുകയും ചെയ്തിരുന്നത് കൂടാതെയാണ് ഇപ്പോള്‍ ഏറെ വിവാദമായേക്കാവുന്ന ഗണേശ രൂപം സ്ഥാപിച്ചതും.

Top