ജി.സി.സി രാജ്യങ്ങളിലെ വീട്ടുജോലിക്കാര്‍ക്ക് ഏകീകൃത വേതനവ്യവസ്ഥ കരാറിന് പദ്ധതി.തൊഴിലുടമയും ജോലിക്കാരിയെ എത്തിക്കുന്ന സ്ഥാപനവും പദ്ധതിയില്‍

ദോഹ: ജി.സി.സി. രാജ്യങ്ങളിലെ വീട്ടുജോലിക്കാര്‍ക്ക് ഏകീകൃത വേതനവ്യവസ്ഥ കരാറിന് പദ്ധതി. വീട്ടുവേലക്കാര്‍ക്ക് ബോണസ്, ഗ്രാറ്റുവിറ്റി, ശമ്പളത്തോടുകൂടിയുള്ള വാര്‍ഷികാവധി, വിമാനടിക്കറ്റ് തുടങ്ങിയ വ്യവസ്ഥകള്‍ നടപ്പാക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. ജി.സി.സി.രാജ്യങ്ങളിലെ വീട്ടുജോലിക്കാര്‍ക്ക് ഏകീകൃത വേതനവ്യവസ്ഥ തയ്യാറാക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി ദ പെനിന്‍സുല റിപ്പോര്‍ട്ട്‌ചെയ്യുന്നു. ജി.സി.സി.രാജ്യങ്ങളിലെ തൊഴില്‍മന്ത്രിമാരുടെ അണ്ടര്‍ സെക്രട്ടറിമാര്‍ ഈ വിഷയം ചര്‍ച്ചചെയ്യുന്നതിന് ഞായറാഴ്ച ദോഹയില്‍ യോഗംചേരും. ജി.സി.സി.രാജ്യങ്ങളിലെ തൊഴില്‍ സാമൂഹികകാര്യ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് ഈ യോഗം നടക്കുന്നത്. വീട്ടുജോലിക്കാരുടെ തൊഴില്‍ വിപണിയിലെ പ്രശ്‌നങ്ങള്‍ പഠിച്ചായിരിക്കും പുതിയ സംവിധാനം തയ്യാറാക്കുക. ഓരോ രാജ്യത്തെയും പൗരന്മാരെയും നേരിട്ട് ബാധിക്കുന്ന വിഷയമായതിനാലാണിത്. എന്നാല്‍, ജി.സി.സി. രാജ്യങ്ങള്‍ക്കെല്ലാം ബാധകമാകുന്ന തരത്തിലുള്ള തൊഴില്‍ കരാര്‍ സംവിധാനം ഈ മേഖലയില്‍ നടപ്പാക്കുന്നതാണ് യോഗത്തിലെ പ്രധാന അജന്‍ഡ.

നിലവില്‍ വീട്ടുജോലിക്കാര്‍ക്കായി തയ്യാറാക്കുന്ന തൊഴില്‍കരാര്‍ ജി.സി.സി. രാജ്യങ്ങളിലെ മറ്റ് സ്വകാര്യ, പൊതുമേഖലാ, സര്‍ക്കാര്‍ തൊഴില്‍കരാറുകളില്‍ നിന്ന് വ്യത്യസ്തമാണ്. വീട്ടുജോലിക്കാരും തൊഴിലുടമയും ജോലിക്കാരിയെ എത്തിക്കുന്ന സ്ഥാപനവും മാത്രമാണ് കരാറില്‍ ഉള്‍പ്പെടുന്നത്. ജോലിക്കാരിയുടെ ഉത്തരവാദിത്വം പൂര്‍ണമായും അവരെ കൊണ്ടുവരുന്ന സ്ഥാപനത്തില്‍ നിക്ഷിപ്തമാക്കണമെന്നതാണ് ഒരു നിര്‍ദേശം. നിലവില്‍ അത്തരം സാഹചര്യത്തില്‍ തൊഴില്‍ ഉടമയോ സര്‍ക്കാറോ ആണ് ജോലിക്കാരിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. ജോലിക്കാരിക്ക് വീടുപണി അറിയാതിരിക്കുക, രോഗിയോ ഗര്‍ഭിണിയോ ആകുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ അവരെ എത്തിച്ച സ്ഥാപനം തൊഴിലുടമയ്ക്ക് ചെലവായ തുക നല്‍കണമെന്നും പുതിയ നിര്‍ദേശത്തിലുണ്ട്. ജോലി കൃത്യമായി അറിയാത്തവരെ വീട്ടുജോലിക്ക് എത്തിക്കുന്ന രീതി ചില സ്ഥാപനങ്ങള്‍ തുടരുന്നതായും പരാതിയുണ്ട്. ഏതെങ്കിലും കാരണങ്ങളാല്‍ കരാറില്‍നിന്ന് പിന്‍വാങ്ങാന്‍ വീട്ടുജോലിക്കാരി ആഗ്രഹിക്കുകയാണെങ്കില്‍ അതിനും പുതിയ കരാറില്‍ വ്യവസ്ഥ ഉണ്ടായിരിക്കും.വീട്ടുജോലിക്കാരുടെ അവകാശങ്ങളും തൊഴിലും സംബന്ധിച്ചും പുതിയ കരാറില്‍ വ്യവസ്ഥകള്‍ ഉണ്ടാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top