ഗിഫ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ
ദോഹ : ഗൾഫിലെ മാധ്യമ പ്രവർത്തകരുടെ പുസ്തകങ്ങൾക്കുള്ള ഗൾഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ പ്രഥമ ഗൾഫ് മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു.
സാദിഖ് കാവിൽ (ഔട്ട് പാസ്) പി.പി ശശീന്ദ്രൻ (ഈന്തപ്പനച്ചോട്ടിൽ) കെ.എം അബ്ബാസ് (ദേര, കഥകൾ) രമേശ് അരൂർ (പരേതൻ താമസിക്കുന്ന വീട്) എം. അഷ്‌റഫ് (മൽബു കഥകൾ) ടി. സാലിം (ലോങ്പാസ്) എന്നിവരെയാണ് അവാർഡിന് തെരഞ്ഞെടുത്തതെന്ന് ഗിഫ ചെയർമാൻ പ്രൊഫസർ അബ്ദുൽ അലിയും ചീഫ് കോർഡിനേറ്റർ അമാനുല്ല വടക്കാങ്ങരയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
sadiq-kavil ramesh-aroor pp-saseendran mohamed-ashraf km-abbas
കാസർകോട് സ്വദേശിയായ സാദിഖ് കാവിൽ കഴിഞ്ഞ എട്ട് വർഷമായി മനോരമ ഓൺലൈൻ പത്രം ഗൾഫ് റിപ്പോർട്ടറാണ്. മാധ്യമ പ്രവർത്തനത്തിനൊപ്പം ആനുകാലിക ലേഖനങ്ങളും കഥകളും കവിതകളും എഴുതാറുണ്ട് ഔട്ട്പാസ്(നോവൽ), ജീവിതത്തിന്റെ നല്ലൊരു ഭാഗം (ഗൾഫ് അനുഭവക്കുറിപ്പുകൾ), കന്യപ്പാറയിലെ പെൺകുട്ടി(നോവൽ), പ്രിയ സുഹൃത്തിന്(കഥകൾ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗൾഫ് പശ്ചാത്തലത്തിൽ കുട്ടികൾക്ക് വേണ്ടി രചിച്ച ‘ഖുഷി’ ഉടൻ പ്രസിദ്ധീകരണത്തിനൊരുങ്ങുന്ന സാദിഖിന്റെ പുസ്തകമാണ്.
മയ്യഴി പള്ളൂർ സ്വദേശിയായ പി.പി ശശീന്ദ്രൻ ദുബൈയിലെ മാതൃഭൂമി ഗൾഫ് എഡിഷന്റെ പ്രത്യേക പ്രതിനിധിയും ബ്യുറോ ചീഫുമാണ്. ജർമൻ നോട്‌സ്, കോലത്തുനാട്ടിലൂടെ എന്നിവയാണ് പ്രധാന കൃതികൾ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റായും കേരള പ്രസ് അക്കാദമി വൈസ് ചെയർമാനായും പ്രവർത്തിച്ച് ശശീന്ദ്രൻ ആറു തവണ കണ്ണൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റായിരുന്നു. സുഷയാണ് ഭാര്യ, തുഷാര, നന്ദ് കിഷോർ എന്നിവർ മക്കളാണ്.
കാസർഗോഡ് സ്വദേശിയായ കെ.എം. അബ്ബാസ് ഗൾഫ് സിറാജിന്റെ എഡിറ്റർ ഇൻചാർജ്ജാണ്. ദേര, പലായനം (നോവൽ) വാണിഭം, ഒട്ടകം, മൂന്നാമത്തെ നഗരം, ഷമാൽ, സങ്കടബെഞ്ചിൽ നിന്നുള്ള കാഴ്ചകൾ (കഥാ സമാഹാരങ്ങൾ) സദ്ദാം ഹുസൈന്റെ അന്ത്യ നാളുകൾ, മരുഭൂവിലെ ചിത്ര ശലഭങ്ങളുടെ ഓർമയ്ക്ക്, ചരിത്ര വിഭ്രാന്തികൾ (ലേഖന സമാഹാരങ്ങൾ) എന്നിവ അബ്ബാസിന്റെ പ്രധാന കൃതികളാണ്.
ആലപ്പുഴ ജില്ലയിലെ അരൂർ പനക്കത്രച്ചിറയിൽ സ്വദേശിയായ രമേശ് അരൂർ ജിദ്ദയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തിൽ കോളമിസ്റ്റും പത്രാധിപ സമിതി അംഗവുമാണ്. സാഹിത്യം, സിനിമ, ഗാനരചന എന്നീ മേഖലകളിലും അഭിരുചിയുള്ള രമേശ് വിവിധ ആനുകാലികങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലുമായി നിരവധി രചനകൾ നിർവ്വഹിച്ചിട്ടുണ്ട്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയമടക്കം രണ്ട് ഷോർട്ട് ഫിലിമുകളുടെ രചനയും സംവിധാനവും നിർവ്വഹിച്ചു. രശ്മിയാണ് ഭാര്യ, നീരജ് ഏക മകനാണ്.
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശിയായ എം. അഷ്‌റഫ് 18 വർഷമായി ജിദ്ദയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തിൽ പത്രാധിപ സമിതി അംഗമാണ്. കാസർകോട് ഗവ. കോളേജിൽനിന്ന് പി.ജി ബിരുദത്തിനുശേഷം മാധ്യമം ദിനപത്രത്തിൽ പത്രപ്രവർത്തകനായി തുടക്കം. മൽബു കേന്ദ്ര കഥാപാത്രമാക്കി പ്രവാസികളുടെ അനുഭവങ്ങൾ കഥകളാക്കി അവതരിപ്പിക്കുന്നതാണ് മൽബു കഥകൾ. വി. മുംതാസാണ് ഭാര്യ അമീൻ അഷ്‌റഫ്, അജ്മൽ അഷ്‌റഫ്, അഫ്ര ഫാത്തിമ എന്നിവർ മക്കളാണ്.
കണ്ണൂർ സ്വദേശിയായ ടി. സാലിം മലയാളം ന്യൂസിലെ സ്‌പോർട്‌സ് എഡിറ്ററാണ്. ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുളള പ്രധാന കായികമത്സരങ്ങൾ റിപ്പോർട്ട് ചെയ്ത സാലിം. 1999 ൽ മാധ്യമം ദിനപത്രത്തിലൂടെയാണ് പത്രപ്രവർത്തന രംഗത്തേക്ക് കടക്കുന്നത്. മാധ്യമത്തിന്റെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ഡെസ്‌കുകളിൽ ജോലി ചെയ്തിട്ടുണ്ട്. ഷമീനയാണ് ഭാര്യ, നവീദ് ഉമർ, നിദാൽ സൈൻ, നൈല മറിയം, നസീൽ റഹ്മാൻ എന്നിവർ മക്കളാണ്.
പി.എസ്.എം.ഒ കോളേജ് മലയാള വകുപ്പ് മുൻ മേധാവി പ്രൊഫസർ അലവി കുട്ടി, അരീക്കോട് സുല്ലമുസ്സലാമിലെ മലയാളം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അസ്ഗർ അലി പി.എസ്.എം.ഒ കോളേജ് മലയാള വകുപ്പ് മേധാവി ഡോ. ബാബുരാജൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 25000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. 2017 മെയ് മാസം ദോഹയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.
Top