കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയത് പ്രവാസികളോടുള്ള അവഹേളനം: ദമ്മാം ഒ ഐ സി സി

ദമ്മാം: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ലക്ഷക്കണക്കിന്‌ പ്രവാസി ഇന്ത്യക്കാരെ മാതൃരാജ്യവുമായി ബന്ധപ്പെടുത്തുന്നതിനും വിവിധ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരുടെ ആനുകാലിക പ്രതിസന്ധി ഘട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകളും നടത്തി വന്നിരുന്ന കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തീരുമാനം പ്രവാസികളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഹേളനമാണെന്ന് ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് ദമ്മാം റീജ്യണല്‍ കമ്മിറ്റി കുറ്റപ്പെടുത്തി. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി പ്രവര്‍ത്തിച്ച് വന്നിരുന്ന മന്ത്രാലയത്തിനെ കുറവുകള്‍ പരിഹരിച്ച് മെച്ചപ്പെടുത്തുന്നതിന് പകരം വിദേശകാര്യ വകുപ്പില്‍ ലയിപ്പിച്ചത് പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്മയാണ്‌ സൂചിപ്പിക്കുന്നത്. ഇത് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത് പ്രവാസി മലയാളികളെയാണ്.

വിവിധ രാജ്യങ്ങളുമായി തൊഴില്‍ കരാറുകളില്‍ ഒപ്പുവയ്ക്കാന്‍ സാധിച്ചതും അടിയന്തിര ഘട്ടങ്ങളില്‍ ഗള്‍ഫ് മേഖലയിലുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ തൊഴില്‍, സുരക്ഷാ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയും ചെയ്ത കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്‍റെ നടപടികള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഒപ്പം, ഇന്ത്യയില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക് വ്യാജ റിക്ര്യൂട്ട്മെന്‍റ് നടത്തിയിരുന്ന ഏജന്‍സികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചതും പ്രവാസികള്‍ക്കായി വിവിധ ക്ഷേമപദ്ധതികള്‍ ആവിഷ്ക്കരിച്ചതും പ്രവാസികാര്യ മന്ത്രാലയത്തിന്റെ നേട്ടമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെറിയ സര്‍ക്കാര്‍, മെച്ചപ്പെട്ട ഭരണം എന്ന നയത്തിന്‍റെ ഭാഗമായാണ് പ്രവാസികാര്യ മന്ത്രാലയത്തെ വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കുന്നതെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം ശുദ്ധ അസംബന്ധമാണ്. ഇന്ത്യയുടെ സാമ്പത്തിക സ്രോതസ്സിന്റെ നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസികളുടെ വകുപ്പിനെ ഇല്ലായ്മ ചെയ്യുന്നതിന് പകരം അനിയന്ത്രിതമായി ഇന്ത്യയുടെ സമ്പത്തിനെ ധൂര്‍ത്തടിക്കുന്ന പ്രധാനമന്ത്രിയുടെ വിദേശയാത്രകളും, ഇന്ത്യയിലെ വന്‍കിട വ്യവസായികള്‍ക്ക്നല്‍കുന്ന അനാവശ്യ ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കുകയുമാണ് സര്‍ക്കാര്‍ചെയ്യേണ്ടത്. കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ വകുപ്പില്‍ ലയിപ്പിച്ചതിലുള്ള സൗദി അറേബ്യയിലെ പ്രവാസി മലയാളികളുടെ ആശങ്കയും പ്രവാസികാര്യ മന്ത്രാലയം പുന:സ്ഥാപിക്കുന്നതിന് വേണ്ട സമ്മര്‍ദ്ദം കേന്ദ്ര സര്‍ക്കാരില്‍ ചെലുത്തണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കേരള പ്രവാസികാര്യ വകുപ്പ് മന്ത്രി കെ.സി.ജോസഫിനെയും ദമ്മാം ഒ ഐ സി സി അറിയിച്ചിട്ടുണ്ടെന്ന് റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട്‌ ബിജു കല്ലുമലയും ജനറല്‍ സെക്രട്ടറി ഇ.കെ.സലിമും അറിയിച്ചു.

Top