ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്‍ ശ്രീ ഒ.എന്‍.വി. കുറുപ്പിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

ന്യൂയോര്‍ക്ക്: മൂന്നര പതിറ്റാണ്ടിലേറെയായി റോക്ക്‌ലാന്‍ഡിലെ മലയാളികളുടെ സാംസ്ക്കാരിക കൂട്ടായ്മയായി പ്രവര്‍ത്തിച്ചു വരുന്ന ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്‍, സുപ്രസിദ്ധ കവിയും അധ്യാപകനും നിരവധി പുരസ്കാരങ്ങള്‍ നേടിയിടുള്ള സാഹിത്യകാരനുമായ ശ്രീ ഒ.എന്‍.വി. കുറുപ്പിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ഫെബ്രുവരി 14 ഞായറാഴ്ച്ച വൈകിട്ട് റോക്ക്‌ലാ‌ന്‍ഡിലെ കോംഗേഴ്സിലുള്ള സാഫ്രണ്‍ ഇന്ത്യന്‍ കുസീനില്‍ വച്ച് പ്രസിഡന്റ്  അലക്സാണ്ടര്‍ പൊടിമണ്ണിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കഴിഞ്ഞ ദിവസം അന്തരിച്ച ജ്ഞാനപീഠം അവാര്‍ഡ് ജേതാവും പ്രശസ്ത കവിയുമായ ശ്രീ ഒ.എന്‍.വി.കുറുപ്പിനെ അനുസ്മരിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയുമുണ്ടായി. ജയപ്രകാശ് നായര്‍, ശ്രീ ഒ.എന്‍.വി. രചിച്ച “കുഞ്ഞേടത്തി” എന്ന കവിത ആലപിച്ചുകൊണ്ട് ഒ.എന്‍.വി.യുടെ അനുസ്മരണച്ചടങ്ങിനു തുടക്കം കുറിച്ചു. സാധാരണ മലയാള പദങ്ങള്‍ മാത്രം നിരത്തി അനശ്വരമായ കവിതകള്‍ രചിക്കനാവുമെന്ന് ശ്രീ ഒ.എന്‍.വി. തെളിയിച്ചുവെന്ന് പ്രസിഡന്റ് അലക്സാണ്ടര്‍ പൊടിമണ്ണില്‍ പറഞ്ഞു.
കവിതകളോടൊപ്പം ഹൃദ്യമായ സിനിമാ ഗാനങ്ങളും നാടക ഗാനങ്ങളും ഒക്കെ രചിച്ചിട്ടുള്ള കുറുപ്പുസാറിന്റെ വിയോഗം സാഹിത്യരംഗത്ത്‌ നികത്താനാവാത്ത ഒരു വിടവ് സൃഷ്ടിച്ചിരിക്കുന്നുവെന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് താമരവേലി അഭിപ്രായപ്പെട്ടു.
മലയാളികളുടെ മനസ്സിലാകെ നൊമ്പരം നല്‍കി കടന്നുപോയ ശ്രീ ഒ.എന്‍.വി.യുടെ രചനകള്‍ കാല്പനികതയുടെ വ്യത്യസ്ത മുഖങ്ങളായിരുന്നുവെന്ന് ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ പറഞ്ഞു. വിപ്ലവാഭിമുഖ്യം കലര്‍ന്ന അദ്ദേഹത്തിന്റെ കവിതകളില്‍ രാഷ്ട്രീയ സമരത്തിന്റെ തീവ്രതയുണ്ടയിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. ശ്രീ ഒ.എന്‍.വി.കുറുപ്പിനെ അനുസ്മരിച്ചുകൊണ്ട് ട്രഷറര്‍ ചെറിയാന്‍ ഡേവിഡ്, ഫൊക്കാന എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി മത്തായി പി. ദാസ്, വിദ്യാ ജ്യോതി മലയാളം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ്  മുണ്ടന്‍ചിറ, കുരിയാക്കോസ് തരിയന്‍, ഇന്നസന്റ്   ഉലഹന്നാന്‍, രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, അലക്സ് എബ്രഹാം, അലക്സ് തോമസ്‌, ലൈസി അലക്സ്, ജോസഫ് കുരിയപ്പുറം, ജെയിംസ്‌ ഇളംപുരയിടത്തില്‍ എന്നിവര്‍ സംസാരിച്ചു.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍
Top