യുഎഇ ഇന്ത്യയില്‍ ക്രൂഡ്ഓയില്‍ സംഭരിക്കും: ശേഖരത്തില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇന്ത്യയ്ക്ക് സ്വന്തം

ബിജു കരുനാഗപ്പള്ളി

യുഎഇ ഇന്ത്യയില്‍ ക്രൂഡ് ഓയില്‍ ശേഖരിക്കാനൊരുങ്ങുന്നു. യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക്കാണ് ഇന്ത്യയില്‍ ചരിത്രത്തിലാദ്യമായി അസംസ്‌കൃത എണ്ണ ശേഖരിക്കാനുള്ള സംവിധാനം ഉപയോഗിക്കുന്നത്.  ശേഖരത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം എണ്ണ ഇന്ത്യയ്ക്ക് അടിയന്തിരഘട്ടങ്ങളില്‍ സൗജന്യമായി ഉപയോഗിക്കാമെന്ന് ധാരണയായതായും ഇന്ധന വകുപ്പ്‌ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. യുഎഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാന്ററും അബുദാബി കിരീടവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് തീരുമാനം. യുഎഇ ഊര്‍ജമന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മന്‍സൂരിയുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യയുടെ ഇന്ധന വകുപ്പ്‌ മന്ത്രി.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തില്‍ പദ്ധതിയെക്കുറിച്ച് പ്രാധമിക ധാരണയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

7.5 ലക്ഷം ടണ്‍ എണ്ണയാകും അഡ്‌നോക്ക് ഇന്ത്യയില്‍ ശേഖരിക്കുക.  ഇതില്‍ അഞ്ച് ലക്ഷം ടണ്‍ എണ്ണ ഇന്ത്യയ്ക്ക് സ്വന്തമായിരിക്കും.  ഈ ഇന്ധനം അത്യാവശ്യ ഘട്ടങ്ങളില്‍ രാജ്യത്തിന് ഉപയോഗിക്കാനാകും. രാജ്യത്തിന്റെ ഒരു ദിവസത്തെ ഇന്ധന ആവശ്യകത അഞ്ച് ലക്ഷത്തോളം ടണ്‍ ക്രൂഡ് ഓയിലാണ്.  എണ്ണ വ്യാപാരത്തിനുള്ള ശേഖരണകേന്ദ്രമായാകും അഡ്‌നോക്ക് സംഭരണത്തെ ഉപയോഗിക്കുന്നത്.  മംഗലൂരുവിലെ ഭൂമിക്കടിയിലുള്ള സംഭരണശാലയുടെ പകുതിയാകും അഡ്‌നോക്കിന് നല്‍കുക. 79 % ഇന്ധനവും ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യ അടിയന്തിര ആവശ്യങ്ങളെ നേരിടാനാണ് ആന്ധ്രയിലെ വിശാഖപട്ടണത്തും, കര്‍ണാടകയിലെ മംഗലൂരുവിലും പാദൂരിലും സംഭരണശാലകള്‍ രാജ്യമൊരുക്കിയത്.

നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചാലുടന്‍ അഡ്‌നോക്ക് എണ്ണ ശേഖരമാരംഭിക്കുമെന്നും പ്രധാന്‍ പറഞ്ഞു. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരുമായി ശേഖരണ കേന്ദ്രത്തിലെ വാറ്റ് നികുതിയില്‍ ഇതുവരെ ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല.  യുഎഇ ഉറപ്പുനല്‍കിയ 7500 കോടിയുടെ നിക്ഷേപത്തിന്റെ സാധ്യതകളും യുഎഇ മന്ത്രി ആരാഞ്ഞിട്ടുണ്ട്.  ചര്‍ച്ചയില്‍ യുഎഇയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാനുള്ള താല്‍പര്യവും ഇന്ത്യ പ്രകടിപ്പിച്ചു.  നിലവില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ എട്ട് ശതമാനം യുഎഇയില്‍ നിന്നുമാണ്.

Top