മനാമ: ബഹ്‌റൈനില്‍ നിന്ന് കാണാതായ അഞ്ച് വയസുകാരിയെ തിരിച്ചുകിട്ടി. ബഹ്‌റൈന്‍ ദമ്പതികളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ മോചിപ്പിച്ച ശേഷം ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടു ദിവസം മുമ്പ് ചൊവ്വാഴ്ച രാത്രിയാണ് സാറ എന്ന അഞ്ചു വയസുകാരിയെ ബഹ്റൈനിലെ ഹൂറ മേഖലയില്‍ നിന്നും കടത്തിക്കൊണ്ടുപോയത്. കേസില്‍ ഫലപ്രദമായി അന്വേഷണം നടത്തിയ പൊലീസ് ഇന്നലെ തന്നെ കുട്ടിയെ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഒരു സ്ത്രീയും പുരുഷനും അറസ്റ്റിലായി. 37 വയസ്സുള്ള ഏഷ്യക്കാരിയും ബഹ്റൈന്‍ സ്വദേശിയായ 38 കാരനുമാണ് അറസ്റ്റിലായത്. എന്നാല്‍ ഇവരുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ലഖ്നൗ സ്വദേശികളായ ഇര്‍ഷാദിന്റെയും അനീഷയുടെയും മകളാണ് സാറ. ഹൂറയില്‍ പാര്‍ക്ക് ചെയ്ത കാറില്‍ സാറയെ ഇരുത്തി കുടിവെള്ളം വാങ്ങുന്നതിനായി അമ്മ സമീപത്തുള്ള കടയിലേക്ക് പോയ സമയത്താണ് അജ്ഞാതര്‍ കാറുമായി കടന്നത്. കാറിന്റെ പിന്നിലെ സീറ്റിലാണ് സാറ ഇരുന്നിരുന്നത്.
കുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപകമായി തെരച്ചില്‍ നടത്തിയിരുന്നു. 25 ഓളം പട്രോളിംഗ് വാഹനങ്ങളാണ് കുട്ടിയെ അന്വേഷിച്ച് പാഞ്ഞത്. തട്ടിക്കൊണ്ടു പോയവരെ തിരിച്ചറിഞ്ഞതോടെ പൊലീസ് ഹൂറയിലുള്ള യുവതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇവര്‍ക്കെതിരെ നിയമ നടപടി ആരംഭിച്ചതായി പൊലീസ് ഗവര്‍ണര്‍ ഡയക്ടറേറ്റ് കേണല്‍ ഖാലിദ് അല്‍ തവാദി അറിയിച്ചു.
കുട്ടിയെ കണ്ടെത്താന്‍ സഹായം തേടി ബന്ധുക്കള്‍ ഫേസ്ബുക്കിലും ചിത്രം പ്രചരിപ്പിച്ചിരുന്നു. കുട്ടിയെ തട്ടിയെടുത്ത ശേഷം ഇവര്‍ കാറിന്റെ ജിപിഎസ് സംവിധാനം ഓഫ് ചെയ്തിരുന്നു. പിറ്റേന്ന് കാര്‍ ഗുദേബിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.