ഇല്ല…. പി.ടി മരിച്ചിട്ടില്ല…. പിടി തോമസിന്റെ ജ്വലിക്കുന്ന ഓർമ്മകൾ പങ്കുവെച്ച് ഐഓസി ഹൂസ്റ്റൺ ചാപ്റ്റർ

ഹൂസ്റ്റൺ: ജനകീയനും സത്യസന്ധനും ആർജ്ജവവുമുള്ള കോൺഗ്രസ് നേതാവും, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമായിരുന്ന പി.ടി. തോമസ് എംഎൽഎയുടെ അകാല വേർപാടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ഹൂസ്റ്റൺ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി.

ഡിസംബർ 26ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.30ന് സ്റ്റാഫോഡിലെ ദേശി ഇന്ത്യൻ റെസ്റ്റോറൻഡിൽ വെച്ച് നടന്ന അനുശോചന സമ്മേളനത്തിൽ അദ്ദേഹത്തെ കണ്ടും കേട്ടും അറിഞ്ഞ നാനാതുറകളിലുമുള്ള നിരവധി ആളുകൾ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പി.ടി.യുടെ അന്ത്യാഭിലാഷങ്ങളിൽ ഒന്നായി പൊതുദർശന സമയത്ത് കേൾപ്പിക്കുവാൻ ആഗ്രഹിച്ച വയലാറിന്റെ ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന ഗാനം സമ്മേളനഹാളിൽ അലയടിച്ചുയർന്നപ്പോൾ പങ്കെടുക്കാനെത്തിയവരുടെ കണ്ണുകൾ ഈറനണഞ്ഞു.

പി.ടിയുടെ ഈ ഇഷ്ടഗാനം തന്നെ പ്രാർത്ഥന ഗാനമായി ചൊല്ലി എല്ലാവരും ഒരു മിനിറ്റ് എഴുനേറ്റു നിന്ന്‌ പ്രണാമം അർപ്പിച്ചു.

ചാപ്റ്റർ വൈസ് പ്രസിഡണ്ട് പൊന്നു പിള്ള സ്വാഗതം ആശംസിച്ചു.

ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡൻറ് തോമസ് ഒലിയാംകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസിന്റെ എല്ലാകാലത്തെയും വ്യത്യസ്തമായ മുഖമായി നിലപാടുകളിൽ ഉറച്ചു നിന്ന പി.ടി യുമായുള്ള തന്റെ അടുപ്പവും പ്രവർത്തനവും മറ്റും ഒലിയാംകുന്നേൽ വിവരിച്ചു. തമിഴ്നാടിന്റെ അതിർത്തി മുതൽ കൊച്ചി വരെയുള്ള അന്ത്യയാത്രയിൽ പി.ടി.യ്ക്ക് പതിനായിരകണക്കിന് ആളുകൾ നൽകിയ അശ്രുപൂജ ചരിത്രത്തിൽ ഇടംനേടി കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു

ഇടുക്കിയിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ പിറന്ന പി.ടി. പഠനത്തിൽ വളരെ സമർത്ഥനായിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ നിറയെ മർദ്ധനത്തിന്റെയും കുത്തുകൾ ലഭിച്ചത്തിന്റെയും പാടുകൾ ആയിരുന്നു. കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളെ വളർത്തി വലുതാക്കാൻ ശ്രമിച്ചപ്പോൾ എതിരാളികളിൽ നിന്ന് ലഭിച്ച മർദ്ദനത്തിന്റെ അടയാളപ്പെടുത്തൽ ആയിരുന്നു അവയൊക്കെയും – ഐഒസി കേരളാ നാഷണൽ വൈസ് പ്രസിഡൻറ് ബേബി മണക്കുന്നേൽ അനുസ്മരിച്ചു.

പ്രകൃതി സ്നേഹിയായിരുന്ന പി.ടി.യുടെ നിലപാടുകൾ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചുവെന്നും, അദ്ദേഹത്തിന്റെ വിയോഗത്തിൽ കൂടി കോൺഗ്രസ് പ്രസ്ഥാനത്തിനുണ്ടായ നഷ്ടം നികത്താനാവാത്തതാണെന്നും ഐഓസി ഹൂസ്റ്റൺ ചാപ്റ്റർ ചെയർമാൻ ജോസഫ് എബ്രഹാം അനുസ്മരിച്ചു.

പി.ടി തോമസിനെ പോലെയുള്ള ആദർശധീരരായ നേതാക്കളെയാണ് ഇന്ന് നാടിന് ആവശ്യമെന്നും, ആ വലിയ നേതാവിന്റെ സ്മരണകൾക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നുവെന്നും സ്റ്റാഫ്‌ഫോർഡ് സിറ്റി കൌൺസിൽമാനും ഒരു കാലത്തു ബോംബയിലെ യൂത്ത് കോൺഗ്രസിന്റെ സജീവ സാന്നിദ്ധ്യവുമായിരുന്ന കെൻ മാത്യു പറഞ്ഞു.

80കളുടെ തുടക്കത്തിൽ തന്റെ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഊർജ്ജവും ആവേശവും പകർന്നു നൽകിയ കെഎസ്‌യുവിന്റെ മുൻ സംസ്ഥാന പ്രസിഡണ്ട് പി.ടി.തോമസ് നിലപാടുകളുടെ രാജകുമാരനായിരുന്നുവെന്ന് ഐഓസി ടെക്സാസ് ചാപ്റ്റർ ജനറൽ സെക്രട്ടറി ജീമോൻ റാന്നി പറഞ്ഞു. കുവൈറ്റിലെ പി.ടിയുടെ സന്ദർശന സമയത്ത് ഒരുമിച്ച് യാത്ര ചെയ്ത അനുഭവവും അദ്ദേഹം പങ്കുവെച്ചു. മികച്ച പ്രസംഗകൻ കൂടിയായിരുന്ന പി.ടി.യുമായുള്ള വ്യക്തിപരമായ അടുപ്പം അവസാനം വരെ കാത്തു സൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

പി.ടി.തോമസിന്റെ ജന്മനാടായ ഇടുക്കി പ്രദേശത്തു ജനിക്കുവാൻ ഭാഗ്യം ലഭിച്ച ആളാണ് ഞാൻ. എന്റെ പിതാവുമായി അദ്ദേഹം വളരെ നല്ല ബന്ധം പുലർത്തിയിരുന്നു. എല്ലാ മതങ്ങളിൽപെട്ടവരെയും ഒരുപോലെ കാണാൻ കഴിഞ്ഞ മനുഷ്യ സ്നേഹിയായ കറ പുരളാത്ത ഖദറിന്റെ ഉടമയായിരുന്നു പി.ടി. – ഗുഡ് ഷെഫേർഡ് എപ്പിസ്കോപ്പൽ ഇന്ത്യൻ ചർച്ച് വികാരി റവ. ഡോ. റോയ് വർഗീസ് കൂട്ടിച്ചേർത്തു.

കുവൈറ്റിൽ ഇടുക്കി അസോസിയേഷൻ ഉത്‌ഘാടനത്തിന് വന്നപ്പോൾ അസോസിയേഷൻ പ്രസിഡന്റായിരുന്ന തന്റെ കൂടെ രണ്ടു ദിവസം താമസിച്ച ഉറ്റ സുഹൃത്ത് പി.ടി.യുടെ മരണം ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ഡബ്ലിയുഎംസി ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡൻറ് കൂടിയായ ജോമോൻ ഇടയാടി പറഞ്ഞു.

താൻ ഒരു കെഎസ്‌യു പ്രവർത്തകൻ ആയിരിക്കുമ്പോൾ മുതൽ അടുത്തറിഞ്ഞ ജനകീയനായ പി.ടി.തോമസിന്റെ മരണം കോൺഗ്രസ് പ്രസ്ഥാനത്തിന്ന് മാത്രമല്ല, കേരളത്തിന് തന്നെ നികത്താവാത്ത വിടവാണെന്ന് മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) മുൻ പ്രസിഡണ്ട് കൂടിയായ മാർട്ടിൻ ജോൺ പറഞ്ഞു.

മതേതരത്വത്തിന്റെ കാവൽ ഭടനായിരുന്ന, പ്രകൃതി സ്നേഹിയായിരുന്ന, ചങ്കൂറ്റത്തോടെ വെല്ലുവികളെ നേരിട്ട പി.ടിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് സെക്രട്ടറി കൂടിയായ സഖറിയ കോശി പറഞ്ഞു.

തന്റെ ബാല്യകാലം മുതൽ നേരിട്ടറിയുന്ന നാട്ടുകാരനും കൂട്ടുകാരനുമായ പി.ടി. മരിച്ചുവെന്ന് ഇപ്പോഴും വിശ്വസിക്കുവാൻ കഴിയുന്നില്ലെന്ന് ബിസിനസ്സുകാരനും പി.ടിയുടെ ഉറ്റ സുഹൃത്തും ആയിരുന്ന സോജൻ അഗസ്റ്റിൻ പറഞ്ഞു.

തികച്ചും മതേതര കാഴ്ചപ്പാടുകൾ പുലർത്തിപോന്ന പി.ടി, സഭ പുരോഹിതരുടെ നേതൃത്വത്തിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ ശവമഞ്ച ഘോഷയാത്ര നടത്തിയിട്ടു പോലും, അചഞ്ചലമായി തന്റെ നിലപാടുകളിൽ ഉറച്ചു നിന്നു. എല്ലാ കോൺഗ്രസ്സുകാരും മാതൃകയാക്കേണ്ട വ്യക്തിത്വത്തിന് ഉടമയാണ് പി.ടി. – ചാപ്റ്റർ സെക്രട്ടറി വാവച്ചൻ മത്തായി പറഞ്ഞു.

ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യങ്ങളായ എ.സി. ജോർജ്, തോമസ് ചെറുകര, ഡാൻ മാത്യൂസ്, ജോജി ജോസഫ്, ജെയ്സൺ ജോസഫ്, സാക്കി ജോസഫ്, സജി ഇലഞ്ഞിക്കൽ, അനൂപ് ചെറുകാട്ടൂർ, നൈനാൻ മാത്തുള്ള, ആൻഡ്രൂസ് ജേക്കബ്, ജോർജ്‌ വർഗീസ് (ജോമോൻ)
തുടങ്ങിവരും അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

ട്രഷറർ ഏബ്രഹാം തോമസ് നന്ദി പ്രകാശിപ്പിച്ചു.

Top