61 ശതമാനം ആളുകളും വാട്ടര്‍ ബില്‍ അടച്ചതായി ഐറിഷ് വാട്ടര്‍ അധികൃതര്‍; 2015 ലെ അവസാന മൂന്നു മാസ കണക്കുകള്‍ ഐറിഷ് വാട്ടറിനു അനുകൂലം

ഡബ്ലിന്‍: ഐറിഷ് വാട്ടറിന്റെ മൂന്നാം ബില്ലിങ് സൈക്കിള്‍ പൂര്‍ത്തിയായപ്പോള്‍ 61 ശതമാനം ആളുകളും ബില്ലിങ് പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. 2015 ലെ അവസാന മൂന്നു മാസത്തെ കണക്കുകള്‍ പ്രകാരമാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബില്ലിങ് തുകയുടെ 55 ശതമാനവും, ഈ വര്‍ഷത്തെ ആദ്യ ബില്ലിങ് സൈക്കിളിന്റെ 44 ശതമാനവും പിരിഞ്ഞു കിട്ടിയതായും അധികൃതര്‍ വ്യക്തമാക്കുന്നു.
928,000 ഉപഭോക്താക്കള്‍ ഇതിനോടകം തന്നെ തങ്ങളുടെ ബില്ലുകള്‍ പേ ചെയ്തു കഴിഞ്ഞതായാണ് കണക്കുകള്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഇതോടൊപ്പം ആദ്യ ഘട്ടത്തില്‍ 98000 ഉപഭോക്താക്കളും തങ്ങളുടെ ബില്‍ അടച്ചിട്ടുണ്ട്. ഗാര്‍ഹിക ഉപഭോക്താക്കള്‍ ബില്ലുകള്‍ കൃത്യമായി അടത്തതു വഴി 110.8 മില്ല്യണ്‍ യൂറോയാണ് ഐറിഷ് വാട്ടറിനു ലഭിച്ചിരിക്കുന്ന വരുമാനം.
2015 ലെ അവസാന മൂന്നു മാസത്തില്‍ നിന്നു ഐറിഷ് വാട്ടറിനു 42.3 മില്ല്യണ്‍ യൂറോയാണ് വരുമാനം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ചു 38 മില്ല്യണ്‍ യൂറോയുടെ വര്‍ധനവാണ് ഇപ്പോള്‍ ഐറിഷ് വാട്ടര്‍ അധികൃതര്‍ക്കു ലഭിച്ചിരിക്കുന്നത്. രണ്ടാം ഘട്ട സൈക്കിളില്‍ 30.5 മില്ല്യണ്‍ യൂറോയും വരുമാനം ഇനത്തില്‍ ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ രാജ്യത്തെ വാട്ടര്‍ ഉപഭോക്താക്കളില്‍ ഏറിയ പങ്കും ഐറിഷ് വാട്ടറുമായി സഹകരിക്കാന്‍ തയ്യാറായി രംഗത്ത് എത്തിയിട്ടുണ്ട്. ഇവരെല്ലാം ബില്‍ അടയ്ക്കുന്നതിനും സഹകരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഐറിഷ് വാട്ടറിന്റെ വരുമാനത്തിലും ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഐറിഷ് വാട്ടറിന്റെ അറ്റകുറ്റപണികളും സേവനവും കൂടുതല്‍ ആളുകള്‍ക്കു പ്രയോജനപ്പെടുന്ന രീതിയിലേയ്ക്കു മാറ്റാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Top