ഇന്റര്‍നെറ്റ് ദുരുപയോഗത്തിന് കുവൈത്തില്‍ ഇനി കടുത്ത ശിക്ഷ

ഇന്റര്‍നെറ്റ് ദുരുപയോഗത്തിനു കുവൈത്തില്‍ ഇനിമുതല്‍ കടുത്ത ശിക്ഷയുണ്ടാകും . പരിഷ്‌കരിച്ച സൈബര്‍ നിയമം പ്രാബല്യത്തില്‍ വന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകര്‍ക്കു പിഴയും തടവും ഉള്‍പ്പെടെ കടുത്ത ശിക്ഷ. ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള ഇ മീഡിയ ബില്ലിനും നാഷണല്‍ അസംബ്ലി അംഗീകാരം നല്‍കി.

സാമ്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നിലവിലെ നിയമങ്ങളില്‍ കുവൈത്ത് സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. 2015 ജൂണില്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയ നിയമ ഭേദഗതി ഗസറ്റ് വിജ്ഞാപനത്തോടെയാണ് പ്രാബല്യത്തിലായിരിക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് സൈബര്‍ നിയമം വ്യവസ്ഥ ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തീവ്രവാദ, ഭീകര സംഘങ്ങള്‍ക്ക് ഓണ്‍ലൈന്‍ സഹായം നല്‍കിയാല്‍ പത്ത് വര്‍ഷം തടവ് ശിക്ഷയും 20,000 ദീനാര്‍ മുതല്‍ 50,000 ദീനാര്‍ വരെ പിഴയുമാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുക ഇത്തരം സംഘങ്ങള്‍ക്കുവേണ്ടി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക, ഫണ്ട് ശേഖരണത്തിനായി ആഹ്വാനം ചെയ്യുക എന്നിവയെല്ലാം ഈ വകുപ്പിന് കീഴില്‍വരും. ഇന്റര്‍നെറ്റിലൂടെ വ്യക്തിഹത്യ, ബ്ലാക്ക് മെയിലിംഗ് എന്നിവ നടത്തുന്നവര്‍ക്കും ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കും മൂന്നുവര്‍ഷം തടവും 10,000 ദീനാര്‍ പിഴയും നിയമത്തില്‍ നിര്‍ദേശിക്കുന്നു.

മനുഷ്യക്കടത്ത് പ്രോത്സാഹിപ്പിക്കുക, പൊതുനിയമങ്ങള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുക, അനധികൃത പണമിടപാടുകള്‍ എന്നിവയും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മറ്റുള്ളവരുടെ കമ്പ്യൂട്ടര്‍ അനധികൃതമായി ഉപയോഗിച്ചാലുള്ള ആറു മാസം തടവും 2,000 ദീനാര്‍ വരെ പിഴയുമാണ് നിയമത്തിലെ ഏറ്റവും കുറഞ്ഞ ശിക്ഷാവിധി.

അതിനിടെ ഇലക്ട്രോണിക് മാധ്യമങ്ങളുമായി ബന്ധപ്പെട്ട പുതിയ നിയമ നിര്‍മാണത്തിന് നാഷണല്‍ അസംബ്ലിയുടെ പ്രാഥമികാംഗീകാരം ലഭിച്ചു. ഓണ്‍ലൈന്‍ പത്രങ്ങള്‍, ഓണ്‍ലൈന്‍ ചാനലുകള്‍, സ്വകാര്യ വാര്‍ത്താ ഏജന്‍സികള്‍, ഇ ബുക്ക്, തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന് കൂടുതല്‍ നിയന്ത്രണവും നിരീക്ഷണവും സാധ്യമാക്കുന്നതാണ് നിര്‍ദിഷ്ട ഇ മീഡിയ ബില്‍.

Top