തൊഴിലാളികള്‍ക്ക് അടിമപ്പണി; മനുഷ്യക്കടത്ത് നടക്കുന്നതായി റിപ്പോര്‍ട്ടുകളുമായി പത്രം

ഡബ്ലിന്‍: അയര്‍ലന്‍ഡുകളില്‍ ഒരു വിഭാഗം തൊഴിലാളികളെ അടിമപ്പണി ചെയ്യിക്കുന്നുവെന്നും ഇതിനായുള്ള മനുഷ്യക്കടത്തിനെ ഐറിഷ് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നുവെന്ന വെളിപ്പെടുത്തലുമായി ദി ഗാര്‍ഡിയന്‍ പത്രം. അയര്‍ലന്‍ഡിലെ ട്രോളറുകളില്‍ ജോലി ചെയ്യുന്ന ഏഷ്യക്കാരും ആഫ്രിക്കക്കാരുമായ തൊഴിലാളികള്‍ക്ക് അടിമകളെപ്പോലെയാണ് പണിചെയ്യേണ്ടിവരുന്നുവെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഔദ്യോഗിക രേഖകളില്ലാതെ ജോലിക്കാരെ ഉറങ്ങാന്‍ പോലുമനുവദിക്കാതെ ദിവസങ്ങളോളം പണിയെടുപ്പിക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പത്രം പുറത്തുവിട്ടിരിക്കുന്നത്. പലര്‍ക്കും തുറമുഖങ്ങളിലെത്തിയാലും ഇമിഗ്രേഷന്‍ രേഖകളില്ലാത്തതിനാല്‍ ബോട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ല. തൊഴിലുടമകളില്‍ നിന്ന് കടുത്ത ചൂഷണമാണ് തൊഴിലാളികള്‍ക്ക് നേരിടേണ്ടിവരുന്നത്. തങ്ങളെ ചതിച്ച് കടത്തിക്കൊണ്ടുപോരുകയായിരുന്നുവെന്ന് ചില തൊഴിലാളികള്‍ വ്യക്തമാക്കിയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ആധുനിക ലോകത്തെ അടിമപ്പണിയുടെ നേര്‍സാക്ഷ്യമാണ് ഇത്തരം ട്രോളറുകളില്‍ തൊഴിലാളികള്‍ക്ക് അനുഭവിക്കേണ്ടിവരുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏഴു റിപ്പോര്‍ട്ടര്‍മാര്‍ ഒരു വര്‍ഷം നടത്തിയ അന്വേഷണത്തിലൂടെയാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഘാന, ഫിലിപ്പീന്‍സ്, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിലെ തൊഴിലാളികളുമായെല്ലാം ഇവര്‍ ബന്ധപ്പെട്ടു. ഒരു മാസത്തേക്ക് 1000 യൂറോ നല്‍കാമെന്ന് കരാറില്‍ ജോലിനല്‍കി ദിവസവും മണിക്കൂറുകളോളം പണിയെടുപ്പിക്കുകയാണെന്നും ഒരു ദിവസം പോലും അവധി നല്‍കുന്നില്ലെന്നും ഒരു തെഴിലാളി പറയുന്നു. അയാളുടെ ശമ്പളം കോര്‍ക്കിലെ ഒരു ലോക്കല്‍ ഏരിയയില്‍ നിന്നോ യൂറോപ്യന്‍ യൂണിയന്റെ മറ്റേതെങ്കിലും ഭാഗത്ത് നിന്നോ വരുന്ന ശമ്പളത്തിന്റെ നാലിലൊന്നുപോലുമില്ലെന്നതാണ് സത്യം. ചില തൊഴിലാളികളെ യുകെയില്‍ എത്തിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരം മനുഷ്യക്കടത്തുകള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരം സംഭവങ്ങള്‍ ചിലപ്പോഴൊക്കെ ശ്രദ്ധയിപെടാറുണ്ടെന്നും എന്നാല്‍ ഉള്‍പ്രദേശങ്ങളിലും മറ്റും നടക്കുന്ന ഇത്തരം ചൂഷണങ്ങള്‍ കണ്ടെത്താന്‍ പ്രയാസമാണെന്നും ഇമിഗ്രന്റ് സപ്പോര്‍ട്ട് സെന്ററിലെ ജിനെഫര്‍ ഡിവാന്‍ പറയുന്നു. തങ്ങളുടെ അവകാശങ്ങളെപ്പറ്റി അവബോമില്ലാത്ത ഒരുവിഭാഗം ജനങ്ങളാണ് ചൂഷകരുടെ കൈയിലകപ്പെടുന്നത്. അവര്‍ മനുഷ്യക്കടത്ത് എന്തെന്ന് അറിയില്ലാത്തവരായിരിക്കും. അവര്‍ക്ക് തങ്ങള്‍ മനുഷ്യക്കടത്തിനിരയായിരിക്കുകയാണെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് വരും. ചൂഷണം ചെയ്യപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞാലും അതില്‍ നിന്ന് അവര്‍ക്ക് രക്ഷപ്പെടാനും കഴിയാറില്ലെന്നും ഡിവാന്‍ പറയുന്നു. ഈ മേഖലയിലെ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയാന്‍ പരിശോധന സംവിധാനങ്ങള്‍ കാര്യക്ഷമമാകണമെന്ന് അവര്‍ പറഞ്ഞു.

ഐറിഷ് ഫിഷിംഗ് മേഖലയില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അയര്‍ലന്‍ഡ് മൈഗ്രന്റ് റൈറ്റ്‌സ് സെന്റര്‍ പറയുന്നു. ഈ മേഖലയിലെ രണ്ടു പ്രധാനമായ മനുഷ്യക്കടത്തുകേസുകളും ചൂഷണവുമായി ബന്ധപ്പെട്ട് 15 ഓളം കേസുകളുമാണ് ഇപ്പോള്‍ തങ്ങളുടെ അന്വേഷണപരിധിയിലുള്ളതെന്ന് മൈഗ്രന്റ് റൈറ്റ്‌സ് സെന്റര്‍ അറിയിച്ചു. എപ്പോഴും കടലിലായിരിക്കുന്നതുകൊണ്ടും, വല്ലപ്പോഴും ബോട്ട് തുറമുഖത്തെത്തിയാലും കരയില്‍ ഇറങ്ങാന്‍ അനുവദിക്കാത്തതിനാല്‍ രേഖകളില്ലാത്ത ഇത്തരം തൊഴിലാളികളെ കണ്ടെത്തുക പ്രയാസമാണെന്ന് MRCI യിലെ ഗ്രെയ്‌നി ഒ ടൂള്‍ പറയുന്നു. മനുഷ്യക്കടത്തിലൂടെ ഒരുവിഭാഗം തൊഴിലുടമകള്‍ ലാഭമുണ്ടാക്കുന്നുണ്ട്. അതിനായി ശരിയായ മാര്‍ഗത്തിലൂടെയല്ലാത്ത റിക്രൂട്ട്‌മെന്റുകളും നടക്കുന്നുണ്ട്. സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയനിലുള്ള കൂടുതല്‍ തൊഴിലാളികളെ ഫിഷറീസ് സെക്ടറില്‍ നിയമപരമായി ജോലി ചെയ്യാന്‍ അനുവദിക്കുന്ന തരത്തിലുള്ള വിസ നടപടിക്രമങ്ങള്‍ അനുവദിക്കണമെന്നും MRCI പറയുന്നു.

അതേസമയം ഗാര്‍ഡിയന്‍ പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിനെ ഗാരവമായി കാണുന്നുവെന്നും തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും ഫുഡ്, മറൈന്‍ എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രി അഗ്രികള്‍ച്ചര്‍ മിനിസ്റ്റര്‍ സൈമണ്‍ കവെനയ് പറഞ്ഞു. ഈ പ്രശ്‌നം സംബന്ധിച്ച അന്വേഷണത്തിനായി പ്രത്യേക ഗാര്‍ഡ സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫിഷിംഗ് അടക്കമുള്ള മറൈന്‍ സെക്ടറിലെ മനുഷ്യക്കടത്തും തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സംഭവങ്ങളും അന്വേഷിക്കുന്നതിനായി ഗാര്‍ഡയുടെ നേതൃത്വത്തില്‍ ഒരു ടീം പ്രോജക്ട് തയാറാക്കുമെന്ന് നീതിന്യായവകുപ്പുമന്ത്രാലയും സ്ഥിരീകരിച്ചു. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഗാര്‍ഡയുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ തന്നെ അന്വേഷണം നടത്തുമെന്ന് കവെനയ് അറിയിച്ചു.

Top