ഡബ്ലിന്‍: മലയാളി നഴ്സിനെ ഡബ്ലിനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് അശോകപുരം സ്വദേശിനി മേരി കുര്യാക്കോസിനെയാണ് താമസിക്കുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെന്റ് ജെയിംസസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയരുകയാണ്.
മൂന്ന് വര്‍ഷം മുമ്പാണ് ജെയിംസസില്‍ ചേര്‍ന്നത്. ജോലിക്ക് കയറിയ നാള്‍ മുതല്‍ ഐ സി യൂ വാര്‍ഡിലെ ഏറ്റവും ഊര്‍ജസ്വലയായ ഓവര്‍സീസ് നഴ്‌സെന്ന വിശേഷണം മേരി കുര്യാക്കോസ് നേടിയെടുത്തു. മിടുമിടുക്കിയായ അവള്‍ മരണത്തെ പുല്‍കേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. എന്താണ് മരണകാരണമെന്ന് അവരെല്ലാം അന്വേഷിക്കുന്നതും അതുകൊണ്ടു തന്നെയാണ്.
ലിന്‍സി എന്ന് സഹപ്രവര്‍ത്തകര്‍ വിളിയ്ക്കുന്ന മേരി കുര്യാക്കോസ് എല്ലാപേർക്കും ഏറെ പ്രിയപ്പെട്ടവള്‍ ആയിരുന്നു. മുറി തുറക്കാത്തതിനെ തുടര്‍ന്നു സംശയം തോന്നിയ കൂടെ താമസിക്കുന്ന മലയാളികള്‍ പരിശോധിച്ചപ്പോള്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് താലയിലെ വാടക അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് മേരി മരണപ്പെട്ടതെന്നാണ് കരുതുന്നത്. വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. സഹപ്രവര്‍ത്തകരായ നഴ്‌സുമാരോടൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്.
ജനുവരിയില്‍ വിവാഹം നടക്കാനിരിക്കവെയാണ് ദാരുണാന്ത്യം മേരിയെ തേടിയെത്തിയത്. കഴിഞ്ഞ 4 വര്‍ഷമായി സെന്റ് ജെയിംസസില്‍ നഴ്‌സായിരുന്നു മേരി കുര്യാക്കോസ്. കല്യാണത്തിനു നാട്ടില്‍ പോകാനായി ടിക്കറ്റ് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു ഉള്ള ഒരുക്കത്തില്‍ ആയിരുന്നെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.