ലണ്ടന്‍: വിദ്യാര്‍ഥി വീസയില്‍ യുകെയിലേക്ക് കുടിയേറിയവരുടെ വീസ കാലാവധി കഴിഞ്ഞിട്ടും തുടരുന്ന മലയാളി വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഏകദേശം 83,600 ല്‍പ്പരം വരുമെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ അനധികൃതമായി തുടരുന്നവരുടെ ജീവിതം നരക തുല്യമാണെന്നും സൂചനകള്‍ ഉണ്ട്. ഇവര്‍ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, താമസസൗകര്യങ്ങള്‍ തുടങ്ങിയവക്ക് പോലും ബുദ്ധിമുട്ട് നേരിടുന്നുണ്ട്; അനധികൃതമായി യുകെയില്‍ തങ്ങി ജീവിതം എങ്ങനെയെങ്കിലും കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ഇത്തരം സംഭവങ്ങള്‍.
വിദ്യാര്‍ഥി വീസയില്‍ യുകെയിലേക്ക് കുടിയേറിയ ഇവരില്‍ നിരവധി പേര്‍ യൂണിവേഴ്‌സിറ്റി ഫീസ് അടച്ച ശേഷം ജോലി തേടാന്‍ തുടങ്ങുകയാണ് പൊതുവെ കണ്ടു വരുന്ന പ്രവണത. യുകെയില്‍ തുടരുന്നതിന് നിയമാനുസൃത രേഖകളൊന്നുമില്ലാത്ത ഇവര്‍ തികച്ചും പരിതാപകരമായ രീതിയിലാണ് കിട്ടിയ തൊഴിലുകള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്. വീട്ടുജോലി മുതല്‍ റസ്റ്ററന്റുകളില്‍ പാത്രം കഴുകുന്നവര്‍ വരെ ഇത്തരം വിദ്യാര്‍ഥികളിലുണ്ടെന്നാണ് പുറത്തു വരുന്ന സൂചനകള്‍. വിദ്യാര്‍ഥി വിസ കാലാവധി കഴിഞ്ഞാല്‍ യുകെ വിസ സംഘടിപ്പിച്ച് കൊടുക്കാമെന്ന ഇടനിലക്കാരുടെ വ്യാജ വാഗ്ദാനത്തില്‍ കബളിപ്പിക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.