വേദനയുടെ ലോകത്തുനിന്നും ജെസ്സി പോൾ വിടപറഞ്ഞു!..കാൻസർ ബാധിച്ച മലയാളി നഴ്സ് വിട പറഞ്ഞത് ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കാനിരിക്കെ

ഡബ്ലിൻ : വേദനയുടെ ഗ്ലോകാത്തുനിന്നും ജെസ്സി പോൾ വിടപറഞ്ഞു .അയർലണ്ടിലെ കെറിയിൽ കാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി നഴ്സ് ആണ് വേദനയുടെ ലോകത്ത് നിന്നും വിടപറഞ്ഞത്. കെറി കൗണ്ടിയിലെ ട്രലിയിൽ ഒരു കെയർഹോമിൽ നിന്നും കെറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് ജെസി പോൾ (33) ഭർത്താവിനെയും കുഞ്ഞുമകളെയും വിട്ടു വിടപറഞ്ഞത് .

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം പാലക്കുഴ മാറ്റത്തിൽ വീട്ടിൽ പോൾ കുര്യന്‍റെ ഭാര്യയാണ് ജെസി. ഏഴ് വയസുകാരിയായ ഇവ അന്ന പോളാണ് ഏക മകൾ. ട്രലിയിലെ ഔർ ലേഡി ഓഫ് ഫാത്തിമ കെയർഹോമിൽ രണ്ട് വർഷം മുൻപാണ് നഴ്സായി ജോലി ലഭിച്ച് ജെസി അയർലൻഡിൽ എത്തുന്നത്. തുടർന്ന് കുടുംബസമേതം താമസം തുടങ്ങിയ ജെസിക്ക് രണ്ട് മാസം മുൻപാണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായി ജോലി ലഭിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതിയ ജോലി ലഭിച്ചതിനെ തുടർന്ന് ഏറെ സന്തോഷകരമായി മുന്നോട്ടു പോകുന്നതിനിടെയാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഒക്ടോബറിൽ നടത്തിയ പരിശോധനയിൽ സ്തനാർബുദം കണ്ടെത്തുന്നത്. രോഗം കണ്ടെത്തുമ്പോൾ തന്നെ കാൻസർ സ്റ്റേജ് ഫോറിലായിരുന്നു. ജോലിയിൽ പ്രവേശിക്കാനിരുന്ന ഹോസ്പിറ്റലിന്‍റെ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു മരണം.

രാമമംഗലം ഏഴാക്കർണ്ണാട് ചെറ്റേത്ത് വീട്ടിൽ പരേതനായ സി. സി. ജോയി, ലിസി ജോയി എന്നിവരാണ് മാതാപിതാക്കൾ. ജോസി ജോയി ഏക സഹോദരനും. നാട്ടിൽ മണ്ണത്തൂർ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി ഇടവകാംഗങ്ങൾ ആണ്. മൃതദേഹം നാട്ടിൽ സംസ്കരിക്കുവാനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്.പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന്‍റെ ഭാഗമായി ജെസി കെയർ ഹോമിലെ ജോലി രാജി വെച്ചിരുന്നു.

ചികിത്സയുമായി ബന്ധപ്പെട്ടു ഭർത്താവും പാർട്ട്‌ ടൈം ജോലിയിൽ നിന്നും അവധി എടുത്തിരുന്നു. ഇതേ തുടർന്ന് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബത്തെ സഹായിക്കുന്നതിനും മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. കുടുംബത്തെ സഹായിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇതോടൊപ്പമുള്ള ലിങ്കിൽ പ്രവേശിച്ച് സംഭാവനകൾ നൽകാവുന്നതാണ്.

ലിങ്ക്: https://www.gofundme.com/f/w6d6ca-breast-cancer-with-metastasis?utm_campaign=p_cp+share-sheet&utm_medium=chat&utm_source=whatsApp

Top