നാടിൻറെ സമഗ്ര വികസനത്തിന് യു ഡി എഫ് വിജയം അനിവാര്യം: ദമ്മാം ഒ ഐ സി സി

ദമ്മാം: കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കഴിഞ്ഞ നാലര വർഷക്കാലം ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾക്ക് തുടർച്ച ലഭിക്കുവാൻ യു ഡി എഫ് വിജയം അനിവാര്യയതിനാൽ യു ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ പ്രവാസി സമൂഹം രംഗത്തിറങ്ങണമെന്ന്  ഒ ഐ സി സി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ ആഹ്വാനം ചെയ്തു. കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനെ ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ ബഹുഭൂരിപക്ഷം വോട്ടുകളോടെ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി  സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെൻഷനും ഇന്ദിരാജി അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തുകൊണ്ട് ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി വക്താവ് മൻസൂർ പള്ളൂർ പറഞ്ഞു. പ്രാദേശിക ഭരണകൂടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നതെങ്കിലും ഇന്ത്യയിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ ജാതി മത വർഗ്ഗീയ ശക്തികൾക്കും അക്രമരാഷ്ട്രീയത്തിന്റെ  വക്താക്കൾക്കുമെതിരെയുള്ള വിധിയെഴുത്തായിരിക്കണം ഈ തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിപ്പിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

                 ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട്‌ ബിജു കല്ലുമല അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റിയംഗം സി അബ്ദുൽ ഹമീദ് ഇന്ദിരാജി അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് ഇന്ത്യ മാത്രമല്ല, ലോകം മുഴുവനും ഓർത്തെടുക്കുന്ന ദശാസന്ധിയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന് ഇന്ദിരാജി അനുസ്മരണ പ്രഭാഷണത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ഡൽഹിയിൽ നടന്ന ഇന്തോ – ആഫ്രിക്കൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി ബോധപൂർവ്വം പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്രുവിനെയും ഇന്ദിരാ ഗാന്ധിയെയും അവഗണിച്ചുകൊണ്ട് സംസാരിച്ചപ്പോൾ ആഫ്രിക്കൻ രാഷ്ട്ര തലവന്മാർ  നെഹ്റുവും ഇന്ദിരയും ലോകരാജ്യങ്ങൾക്ക് നൽകിയ സംഭാവനകളെക്കുറിച്ച് വാചാലരായത്‌ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിനെയും അതിൻറെ മഹാരഥന്മാരായ നേതാക്കളെയും ലോകം എങ്ങനെ കാണുന്നുവെന്നാണ് നരേന്ദ്രമോഡിയും സംഘപരിവാര ശക്തികളും  ഇതിലൂടെ മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

                         ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ:കെ.വൈ.സുധീന്ദ്രൻ കേരളത്തിലെ ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് രാഷ്ട്രീയ അവലോകനം നടത്തി. ശ്രീ.നാരായണ ഗുരുദർശനങ്ങളിൽ വിശ്വസിക്കുന്ന ഒരാളും വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്യുന്ന വെറുപ്പിന്റെയും കാവിരാഷ്ട്രീയത്തിന്റെയും  വക്താക്കൾക്ക് വോട്ട് ചെയ്യില്ലെന്ന് അദ്ദേഹം വിലയിരുത്തി. അതുപോലെ, കൊലപാതകക്കേസിൽ പ്രതികളായി ജയിലിൽ കഴിയുന്ന കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും പാർട്ടി ഗ്രാമങ്ങളിൽ നിർത്തി ഈ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത് കേരള സമൂഹത്തോടുള്ള വെല്ലുവിളിയും രാഷ്ട്രീയ പാപ്പരത്തവുമായി ജനം വിലയിരുത്തുന്നതായും അഡ്വ.കെ.വൈ.സുധീന്ദ്രൻ പറഞ്ഞു.

                                       നാഷണൽ കമ്മിറ്റി സെക്രട്ടറി പി.എ.നൈസാം, ചന്ദ്രമോഹൻ,  ഷംസ് കൊല്ലം, മുഹമ്മദലി പാഴൂർ, അഡ്വ:നൈസാം നഗരൂർ, ജോണ്‍ കോശി, സൈഫുദ്ദീൻ കിച്ച്ലു, ഇ.എം.ഷാജി, ഫൈസൽ പാലക്കാട്‌, ഹമീദ് ചാലിൽ, അസ്‌ലം ഫെറോക്ക്, സക്കീർ പറമ്പിൽ, നസീർ തുണ്ടിൽ, കബീർ കോടത്തൂർ, സഫിയ അബ്ബാസ്, ഡിജോ എടത്വ എന്നിവർ സംസാരിച്ചു. ഇ.കെ.സലിം സ്വാഗതവും സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.

Top