ഒഎന്‍വി കുറുപ്പിന്റെ നിര്യാണത്തില്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് അനുശോചിച്ചു

ന്യൂയോര്‍ക്ക്: മലയാളത്തിന്റെ പ്രിയകവി ഒഎന്‍വി കുറുപ്പിന്റെ നിര്യാണത്തില്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) അനുശോചിച്ചു. ആറുപതിറ്റാണ്ട് കാവ്യലോകത്തും മലയാളികളുടെ മനസിലും നിറഞ്ഞു നിന്ന ഒഎന്‍വിയുടെ വേര്‍പാട് മലയാളഭാഷയ്ക്കു തീരാനഷ്ടമാണെന്നു ഐഎപിസി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയ അനുസ്മരിച്ചു. പ്രവാസികളെ സംബന്ധിച്ചെടുത്തോളം ഒഎന്‍വി നൊസ്റ്റാള്‍ജിയ ആവോളം പകര്‍ന്നുതന്നിട്ടുള്ള കവിയാണ്. അദ്ദേഹത്തിന്റെ വേര്‍പാട് ഓരോ മലയാളിയുടെയും വേദനയാണ്. ആ വേദനയില്‍ ഐഎപിസി പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
 
മലയാള ഭാഷയെ കാവ്യലോകത്തിന്റെ നെറുകയിലെത്തിച്ച അപൂര്‍വ പ്രതിഭയായിരുന്നു ഒഎന്‍വിയെന്നു വൈസ് ചെയര്‍പേഴ്‌സണ്‍ വിനീത നായര്‍ പറഞ്ഞു. 
 
മലയാള ഭാഷയുടെ കാല്‍പ്പനികതയുടെ തുലികയായിരുന്നു ഒഎന്‍വിയുടേതെന്നു ജനറല്‍ സെക്രട്ടറി കോരസണ്‍ വര്‍ഗീസ് അനുസ്മരിച്ചു. മലയാളം ഉള്ള കാലത്തോളം ഒഎന്‍വിയെ മറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
ഒഎന്‍വി മലയാളികള്‍ക്കു മാത്രമല്ല, ഭാരതീയര്‍ക്കു മുഴുവനും പ്രത്യേകിച്ച്, സാഹിത്യത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരിക്കലും മറക്കാനാകാത്തയാളാണെന്നു പ്രസിഡന്റ് പര്‍വീണ്‍ ചോപ്ര പറഞ്ഞു. 
 
ഒഎന്‍വിയുടെ വേര്‍പാടിലൂടെ മലയാളത്തിന് നഷ്ടമായത് അപൂര്‍വ കാവ്യതേജസിനെയാണെന്ന് എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ഡോ. തോമസ് മാത്യു ജോയിസ് അനുസ്മരിച്ചു.
Top