പ്രൈമറി സ്‌കൂളുകളില്‍ മതപഠനം ഏര്‍പ്പെടുത്താന്‍ നീക്കം: എതിര്‍പ്പുമായി അധ്യാപകരും മാതാപിതാക്കളും

ഡബ്ലിന്‍: മതപഠനവും നീതിശാസ്ത്രവും( religion & ethics) പ്രൈമറി സ്‌കൂള്‍ പഠനത്തിന്റെ ഭാഗമാകുന്നു. ദേശീയ പാഠ്യപദ്ധതിയില്‍ മതപഠനവും നീതിശാസ്ത്രവും പാഠ്യവിഷയങ്ങളായി ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ക്ക് ഇനി ഈ വിഷയങ്ങളും ടൈംടേബിളില്‍ ഉള്‍പ്പെടുത്തണം.

എന്നാല്‍ ഇപ്പോള്‍ തന്നെ നിരവധി വിഷയങ്ങളുള്ള കുട്ടികളുടെ കരിക്കുലം ഇനിയും വികസിപ്പിച്ചാല്‍ പഠനഭാരം വര്‍ധിക്കുമെന്ന് ചില മാതാപിതാക്കളും അധ്യാപകരും ആശങ്ക പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ പദ്ധതി വിവാദമാകാന്‍ സാധ്യതയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ മതം, വിശ്വാസം, ധാര്‍മ്മിക’ എന്നിവയുള്‍പ്പെട്ട പുതിയ ക്ലാസുകള്‍ നിലവില്‍ വിശ്വാസങ്ങളെക്കുറിച്ച് സ്‌കൂള്‍ ദിവസങ്ങളില്‍ അരമണിക്കൂര്‍ ക്ലാസെടുക്കുന്ന പ്രത്യേക സമുദായങ്ങളുടെ സ്‌കൂളുകളിലെ ക്ലാസുകളില്‍ നിന്ന് വേര്‍തിരിച്ചായിരിക്കും നടത്തുന്നത്.

എല്ലാ കുട്ടികള്‍ക്കും തങ്ങളുടെ സമൂഹത്തില്‍ ജീവിക്കുന്നവരുടെ ജീവിതവും മൂല്യങ്ങളും പാരമ്പര്യങ്ങളും വിശ്വാസങ്ങളും മനസിലാക്കാനും പഠിക്കാനുമുള്ള അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നതെന്ന് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കരിക്കുലം ആന്‍ഡ് അസെസ്‌മെന്റ് പറയുന്നു. ചൊവ്വാഴ്ച മുതല്‍ ഇതുമായി ബന്ധപ്പെട്ട് മാതാപിതാക്കളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.

പുതിയ പാഠ്യപദ്ധതി ഏതെങ്കിലും മതത്തെയോ വിശ്വാസത്തെയോ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയല്ലെന്നും കൗണ്‍സില്‍ അറിയിച്ചു. പകരം പ്രധാന മതങ്ങള്‍, അവയുടെ വിശ്വാസരീതികള്‍, ആചാരനിഷ്ഠകള്‍, ലോകത്തിന്റെ വിവിധകോണിലുള്ള ആളുകളുടെ വീക്ഷണങ്ങള്‍, മതനിരപേക്ഷത എന്നിവയാണ് പഠനത്തിലൂടെ ലക്ഷ്യമാക്കുന്നത്. പുതിയ പാഠ്യപദ്ധതി കുട്ടികളില്‍ വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവരുടെ ആചാരങ്ങളോടും വിശ്വാസങ്ങളോടും സഹാനുഭൂതി വളരുന്നതിനിടയാക്കുമെന്ന് കൗണ്‍സില്‍ പറയുന്നു. ഇതില്‍ വ്യക്തിയുടെ അന്തസും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സമൂഹത്തോടുളള ഉത്തരവാദിത്തങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.

മൂല്യങ്ങളിലധിഷ്ഠിതമായ വിദ്യാഭ്യാസമാണ് പുതിയ പാഠ്യപദ്ധതിയുടെ ലക്ഷ്യമെന്നും വിദ്യാര്‍ത്ഥികള്‍ സ്വയം മനസിലാക്കുന്നതിനും പരസ്പരം മനസിലാക്കുന്നതിനും സ്വഭാവരൂപീകരണം, ലോകത്തെക്കുറിച്ചും ആത്മീയ മൂല്യങ്ങളെക്കുറിച്ചുമുള്ള അവബോധം എന്നിവ വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് കൗണ്‍സില്‍ അറിയിച്ചു.

Top