രാജ്യത്തെ റോഡുകളില്‍ പ്രായമായവര്‍ക്കു പരിഗണന ലഭിക്കുന്നില്ലെന്നു പഠനം

ഡബ്ലിന്‍: രാജ്യത്തെ കാല്‍നട ക്രോസിങ് മേഖലകളില്‍ പ്രായമായവര്‍ക്കു വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നു പഠന റിപ്പോര്‍ട്ടുകള്‍. പ്രായമായവര്‍ കാല്‍നട ക്രോസിങ് മേഖലകളിലെത്തുമ്പോള്‍ സിഗ്നല്‍ ലൈറ്റുകളുടെ വേഗം മൂലം ഇവര്‍ക്കു റോഡ് മുറിച്ചു കടക്കാനാവുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ട്രിനിറ്റി കോളജ് ഓഫ് ഡബ്ലിന്റെ നേതൃത്വത്തില്‍ പ്രായമേറുന്നതിനെപ്പറ്റി നടത്തിയ ലോങിറ്റിയൂഡിനല്‍ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള കണ്ടെത്തലുള്ളത്.
പ്രായമേറിയ ആളുകളുടെ നടത്തത്തിന്റെ വേഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ സിഗ്നല്‍ ക്രോസിങ്ങുകളിലെ പ്രായമായ ആളുകളുടെ പ്രകടനം പരിശോധിച്ചത്. 65 നും 74 നും ഇടയില്‍ പ്രായമുള്ള രാജ്യത്തെ 31 ശതമാനം ആളുകള്‍ക്കും കാല്‍നട ക്രോസിങ് മേഖലയില്‍ വേഗം കുറവാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 75 വയസിനു മുകളില്‍ പ്രായമുള്ള 61 ശതമാനം പേര്‍ക്കും ഇത്തരത്തില്‍ റോഡ് മുറിച്ചു കടക്കുന്നതിനു വേഗം കുറവാണെന്നും പഠനം പറയുന്നു.
ഐറിഷ് ട്രാഫിക് മാനേജ്‌മെന്റ് ഗൈഡ് ലൈന്‍ പ്രകാരം ഒരാള്‍ക്കു റോഡ് മുറിച്ചു കടക്കുന്നതിനു ഒരു 1.2 മീറ്റര്‍ വോക്കിങ് സ്പീഡ് ഉണ്ടാകണം. എന്നാല്‍, പ്രായമേറിയ ആളുകളില്‍ പലര്‍ക്കും ഈ വേഗത്തില്‍ റോഡ് മുറിച്ചു കടക്കാന്‍ സാധിക്കുന്നില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ കാല്‍നടക്കാര്‍ റോഡ് മുറിച്ചു കടക്കുന്ന മേഖലകളില്‍ ആളുകള്‍ സ്വയം നിയന്ത്രിക്കുന്ന സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ പഠനത്തിനു ശേഷം അധികൃതര്‍ നല്‍കിയിരിക്കുന്നത്.

Top