മുസ്ലിങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുതെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

വാഷിങ്ടണ്‍: മുസ്ലീങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുതെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ പ്രസ്താവന വിവാദമാകുന്നു. ഡൊണാള്‍ഡ് ട്രംപാണ് വിവാദമായ പ്രസ്താവന നടത്തിയത്. പ്രസ്താവന വിവാദമായതോടെ അദ്ദേഹത്തിനെതിരെ രൂക്ഷമായി വൈറ്റ്ഹൗസ് രംഗത്തെത്തി.
മുസ്‌ലിങ്ങള്‍ രാജ്യത്ത് പ്രവേശിക്കുന്നത് അമേരിക്കയുടെ നയങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും എതിരാണെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. സ്ഥിരമായി രാജ്യത്തേക്ക് വരുന്നവരെ മാത്രമല്ല സന്ദര്‍ശനത്തിനെത്തുന്നവരേയും വിലക്കണമെന്നും അദ്ദേഹം പറഞ്ഞു. കാലിഫോര്‍ണിയയില്‍ മുസ്‌ലിം ദമ്പതികള്‍ 14 പേരെ വെടിവെച്ചു കൊന്ന സംഭവത്തിനു പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തിയത്.
അമേരിക്കയില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിം ജനസംഖ്യ ട്രംപ് ചൂണ്ടിക്കാട്ടി. അവര്‍ ജിഹാദില്‍ മാത്രമാണ് വിശ്വസിക്കുന്നത്. മനുഷ്യജീവന് വില കല്‍പ്പിക്കുന്നില്ല. ഡൊണാള്‍ഡ് കൂട്ടിച്ചേര്‍ത്തു.
ഡൊണാള്‍ഡ് ട്രംപ് അമേരിക്കയെ വിദ്വേഷപരമായി വിഭജിക്കുകയാണെന്നാണ് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡൊണാള്‍ഡ് ട്രംപ് ജനങ്ങളില്‍ ഭയം നിറച്ച് നേട്ടം കൊയ്യാനാണ് ശ്രമിക്കുന്നതെന്നും ജോഷ് ഏണസ്റ്റ് വിമര്‍ശിച്ചു.

Top