റോഡ് ഗതാഗതത്തിലെ ഇടിവ്; സ്വകാര്യ ടോള്‍ ഓപ്പറേറ്റേഴ്‌സിനു സര്‍ക്കാര്‍ നല്‍കേണ്ടത് 48 മില്ല്യണ്‍ യൂറോ

ഡബ്ലിന്‍: രാജ്യത്തെ രണ്ട് റോഡുകളിലെ ടോളുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന രണ്ടു സ്വകാര്യ കമ്പനികള്‍ക്കു നഷ്ടപരിഹാര ഇനത്തില്‍ സര്‍ക്കാര്‍ നല്‍കേണ്ടത് 48 മില്ല്യണ്‍ യൂറോയെന്നു റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം ഈ റോഡുകളിലൂടെ ഗതാഗതമില്ലാതെ വന്നതിനെ തുടര്‍ന്നു ടോള്‍ പിരിവുകാര്‍ക്കു നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ടോള്‍ കമ്പനികള്‍ സര്‍ക്കാരില്‍ നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തേയ്ക്കുള്ള ടോ്ള്‍ പിരിവിന്റെ നഷ്ടപരിഹാര തുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കേണ്ടി വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്രാഫിക് ഗാരണ്ടി എന്ന പേരിലാണ് സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്കു തുക അനുവദിക്കേണ്ടി വരുന്ന്ത്. ക്ലോണ്‍ കെല്‍ എം3 മോട്ടോര്‍വേയിലെയും, ലിമ്മറിക് ടണലിലെയും ഗതാഗതത്തിനുള്ള തുകയായ ടോളിലുണ്ടായ നഷ്ടം പരിഹരിക്കുന്നതിനാണ് ഇപ്പോള്‍ കമ്പനികള്‍ സര്‍ക്കാരിനോടു നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. 2015 ല്‍ മാത്രം 6.9 മില്ല്യണ്‍ യൂറോയാണ് നികുതി ദായകര്‍ക്കു ഇവിടെ ടോള്‍ ഇനത്തില്‍ മാത്രം നല്‍കേണ്ടി വന്നത്.
എന്നാല്‍, രണ്ടിടത്തും സര്‍ക്കാര്‍ നിര്‍ദേശിച്ച നിലവാരത്തില്‍ നിന്നു ഇവരുടെ വരുമാനം പരിധിയില്‍ താഴെ പോയെങ്കില്‍ മാത്രമേ സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള സബ്‌സിഡി അനുവദിക്കാറുള്ളൂ എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ടോള്‍ പിരിവിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏര്‍പ്പെടുത്തിയ പബ്ലിക്ക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പിലൂടെയാണ് ഇപ്പോള്‍ ഈ റോഡുകളില്‍ ടോള്‍ പിരിവ് നടത്തുന്നത്.
2006 മുതല്‍ 35 വര്‍ഷത്തേയ്ക്കാണ് ഡയറക്ട് റൂട്ട്‌സ് എന്ന കണ്‍സോല്‍ഷ്യത്തിനു ലിമറിക് ടണല്‍ ഓപ്പറേറ്റ് ചെയ്യുന്നതിനു സര്‍ക്കാര്‍ അനുവാദം നല്‍കിയത്. 2007 മുതല്‍ 45 വര്‍ഷത്തേയ്ക്കാണ് എം3 യിലെ ടോള്‍പിരിവിനായി യൂറോലിങ്ക് കോര്‍പ്പറേഷന്‍ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. നാഷണല്‍ റോഡ് അതോറിറ്റിയും ഈ കരാറുകാരും തമ്മിലാണ് ഇതു സംബന്ധിച്ചുള്ള കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഫിന്നാഫെയില്‍ സര്‍ക്കാരിന്റെ കാലത്ത് ഗതാഗതമന്ത്രിയായിരുന്ന മാര്‍ട്ടിന്‍ കുള്ളിന്‍ ആണ് ഇതിനു വേണ്ട സജീകരണങ്ങള്‍ ഒരുക്കി നല്‍കിയതും.

Top