ഗാൾവേ:ശ്രീകൃഷ്മ ജന്മാഷ്ടമിയൊടനുബന്ധിച്ചു കൗണ്ടി ഗാൾവേയിലെ വന്ദേമാധവം മലയാളി കൂട്ടായ്മ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചു. ക്നോക്ക്നക്കാര കമ്മ്യൂണിറ്റി ഹാളിൽ വയ്ച്ചു നടത്തിയ ശോഭായാത്രയിൽ അനവധി മലയാളികൾ പങ്കെടുത്തു. ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് ആരംഭിച്ച പരിപാടിയിൽ പൂജ,ഭജന,ഉറിയടി എന്നിവ ഉണ്ടായിരുന്നു.
തുടർന്ന് വിവിധ കൾച്ചറൽ പ്രോഗ്രാംസ് , അതിനു ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളാൽ സമർദ്ദമായിരുന്നു.ശേഷം വിഭവസമർദ്ദമായ അന്നദാനവും തുടർന്ന് ഗോൾവേ ബീറ്റസ്ൻറ്റെ ഗാനമേളയും പരിപാടികൾക്ക് മാറ്റു കൂട്ടി.. അടുത്ത വർഷം ജന്മാഷ്ടമി കൂടുതൽ കൗണ്ടികളിലെ കൾച്ചറൽ ഗ്രൂപ്പുകളുടെ സഹകരണത്തോടെ വിപുലീകരിച്ചു നടത്തണം എന്ന തീരുമാനത്തോടെ 9 മണിയോടെ പരിപാടികൾ പര്യവസാനിച്ചു.
ശ്രീകൃഷ്ണ ജന്മാഷ്ടമി;ഐതീഹ്യം-കൂടുതൽ അറിയാം
ഭഗവാൻ മഹാവിഷ്ണുവിൻ്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി. ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒത്തുചേര്‍ന്ന ദിനത്തിലാണ് ശ്രീകൃഷ്ണൻ അവതരിക്കുന്നത്. ലോകത്തിലെ നന്മയ്ക്ക് അപചയം സംഭവിച്ചപ്പോള്‍ ധര്‍മ്മം പുനസ്ഥാപിക്കാനാണ് മഹാവിഷ്ണു കൃഷ്ണനായി അവതരിച്ചതെന്നാണ് വിശ്വാസം.
ഉണ്ണിയായും മകനായും ഗുരുവായും സഹോദരനായും കാമുകനായും യോദ്ധാവായും കൂട്ടുകാരനും ഭർത്താവുമായും ജീവിതത്തിൽ കൃഷ്ണൻ അണിയാത്ത വേഷങ്ങളില്ല. മനുഷ്യ ജീവിതത്തെ എങ്ങനെ ആനന്ദപ്രദമാക്കാം എന്ന് പറഞ്ഞ് പഠിപ്പിക്കുകയും ജീവിതത്തിലൂടെ നമുക്ക് മനസ്സിലാക്കി തരുകയും ചെയ്തു കൃഷ്ണൻ. എന്നാൽ ഒരിടത്തുപോലും കൃഷ്ണന്റെ മുഖത്തെ പുഞ്ചിരി മായുന്നത് കാണാൻ കഴിയില്ല.
ലോകം നെഞ്ചിലേറ്റിയ കണ്ണന്റെ ജീവിതകഥ ഭാരത സംസ്കാരത്തിൻ്റെ തന്നെ ഭാഗമാണ്. ഓരോ തലമുറയിലൂടെയും അഭിമാനപൂർവ്വം വരും തലമുറയ്ക്ക് കൈമാറുന്ന പൈതൃകം.
ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളിലാണ് ശ്രീകൃഷ്ണൻ്റെ ജനനമെന്നാണ് ഐതിഹ്യം. ഈ ദിവസത്തെ പേമാരിയെയും കോടമഞ്ഞും കൊടുങ്കാറ്റിനെ കുറിച്ച് അതിഭീകരമായാണ് ഭാഗവതത്തിൽ പറയുന്നത്. മഥുരയിലെ രാജകുടുംബത്തിലെ വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായാണ് ശ്രീകൃഷ്ണൻ ജനിക്കുന്നത്. അധികാര മോഹിയായ ദേവകിയുടെ സഹോദരൻ കംസൻ ദേവകിയേയും ഭർത്താവ് വസുദേവരേയും തടവിലാക്കുന്നു.
എന്നാൽ ദേവകിയുടെ എട്ടാമത്തെ പുത്രൻ തന്നെ കൊല്ലുമെന്ന അശരീരി കംസനെ വല്ലാതെ ഭയപ്പെടുത്തി. തുടര്‍ന്ന് ദേവകി പ്രസവിച്ച ആറ് കുട്ടികളേയും കംസൻ നിഷ്കരുണം വധിച്ചു. ഏഴാമത്തെ പുത്രനായ ബലരാമൻ്റെ ഗർഭം ദേവകിയുടെ ഉദരത്തിൽ നിന്നും രോഹിണിയിലേക്ക് മാറ്റപ്പെട്ടു. അലറി പെയ്യുന്ന പേമാരിക്കും ആടിത്തിമിര്‍ത്ത കൊടുങ്കാറ്റിനുമിടെ രോഹിണി നാളിൽ സാക്ഷാൽ ശ്രീകൃഷ്ണൻ ജനിച്ചു. എന്നാൽ കൃഷ്ണൻ്റെ ജനനം നടന്ന ഉടൻ തന്നെ വസുദേവര് അമ്പാടിയിലുള്ള നന്ദഗോപരുടേയും യശോദയുടേയും അടുത്ത് കുട്ടിയെ എത്തിച്ചു.
നന്ദഗോപരുടെ പത്നിയായ യശോദ പ്രസവിച്ച പെണ്‍കുഞ്ഞിനെ തിരികെക്കൊണ്ട് കിടത്തി. കുഞ്ഞ് പ്രസവിച്ചുവെന്ന കാര്യം അറിഞ്ഞ കംസൻ സാക്ഷാൽ മായാദേവിയായ ആ ശിശുവിനെ വിധിക്കുവാൻ വേണ്ടി തുനിഞ്ഞു. എന്നാൽ ബാലിക ആകാശത്തിലേക്ക് പറന്ന് നിൻ്റെ അന്തകൻ ഭൂമിയിൽ ജനിച്ചുവെന്ന് കംസനോട് പറഞ്ഞു. ഇത് കേട്ട ഭയചകിതനായ കംസൻ ആയിടയ്ക്ക് ജനിച്ച എല്ലാ കുട്ടികളെയും നിഗ്രഹിക്കാൻ പൂതന എന്ന രാക്ഷസിയെ നിയോഗിച്ചു.
ശ്രീകൃഷ്ണൻ മഹാവിഷ്ണുവിന്റെ പൂർണ്ണ അവതാരമാണ്. മനുഷ്യനെപോലെതന്നെ ജീവിക്കുകയും മരിക്കുകയും ചെയ്ത അവതാരങ്ങളാണ് ശ്രീകൃഷ്ണനും, ശ്രീരാമനും ശ്രീകൃഷ്ണ ജയന്തിയാണ് ഭഗവാന് ഏറ്റവും പ്രധാനപ്പെട്ട ദിവസം. ജന്മാഷ്ടമി എന്ന പേരിലും ഈ സുദിനം അറിയപ്പെടുന്നുണ്ട് . മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ പൂർണ്ണ അവതാരം എന്ന് വിശേഷിപ്പിക്കുന്നത് ശ്രീകൃഷ്ണാവതാരം തന്നെയാണ്. ശ്രീകൃഷ്ണൻ വസുദേവരുടെയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി അവതരിച്ചത് ഈ ദിവസം ആയിരുന്നു.ആമ്പൽ ബാന്ധവനും ഭക്തവത്സലനുമാണ് ശ്രീകൃഷ്ണൻ, തന്റെ ഭക്തരെ ഭഗവാൻ ഒരിക്കലും കൈവിടില്ല. യദുകുല നന്ദനനും അനന്ത ഗുണവാനുമാണ്.
അനേകം ഗോപികമാർ ഉണ്ടായിരിന്നുയെങ്കിലും അവർ എല്ലാവരെക്കാളും ശ്രീകൃഷ്ണന് പ്രേമഭാജനം ആയിത്തീർന്നത് രാധ തന്നെയാണ്. എല്ലാവിധത്തിലും അദ്ദേഹത്തിന് പ്രിയപ്പെട്ടതാണ് രാധ. ഏറ്റവും വലിയ പ്രണയമായിരുന്നു ഗോപികയായ രാധായോടുള്ളത്. ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം നീല കടുമ്പുകൾ പൂത്തുനിൽക്കുന്ന പൊയ്കയായ രാധാകുണ്ഡമാണ്.
ഭഗവാൻ ശ്രീകൃഷ്ണൻ്റെ ജന്മസ്ഥലമായ മധുര ഭഗവാന്റെ ജനനം മൂലം എല്ലാത്തിലും മികച്ചതായി നിൽക്കുന്നു. കൃഷ്ണൻ്റെ ബാല്യവും, രാസലീല വിനോദങ്ങൾ കൊണ്ട് ദിവ്യമായ വൃന്ദാവനവും പരിപാവനമാണ്. ഭഗവാൻ തന്റെ കൈകൊണ്ട് ഉദ്ധരിക്കുകയയും, ലീല വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്ത ഗോവർദ്ധന പർവ്വതം മേന്മയേറിയതാണ്. ഇവിടെ ഗോകുലപാലകനായ ശ്രീകൃഷ്ണൻ്റെ ദിവ്യപ്രേമം ആകുന്ന അമൃതം കരകവിഞ്ഞൊഴുകുന്നു.
ഗോവർദ്ധന പർവതം ഏറ്റവും മികച്ചതാണ്, എന്തുകൊണ്ടെന്നാൽ ദേവേന്ദ്രൻ പറഞ്ഞയച്ച കഠിന വർഷപാദങ്ങളിൽ നിന്ന് ഗോകുലത്തെ രക്ഷിക്കുന്നതിനായി കൃഷ്ണൻ ആ പർവ്വതത്തെ ഒരു കുട എന്നപോലെ തന്റെ കൈകൊണ്ട് ഉയർത്തിപ്പിടിക്കുകയുണ്ടായി. ഈ പർവതത്തിലാണ് ശ്രീകൃഷ്ണൻ ഗോപാല ബാലന്മാർ ഒരുമിച്ച് കാലി മേച്ചു നടന്നതും, കൃഷ്ണരാധാപ്രേമം കരകവിഞ്ഞൊഴുകിയതും ഇവിടെ ആണെന്നാണ് പറയുന്നത്.
ജീവിതം മുഴുവനും ധർമ്മത്തിൽ മാത്രം ജീവിച്ചു തീർത്ത് എല്ലാവർക്കും സ്വന്തം ജീവിതം പാഠമാക്കി തനിക്ക് നേരെ ഉണ്ടായ എല്ലാ വിധത്തിലുള്ള വാദങ്ങളെയും, ആക്രമണങ്ങളെയും പുഞ്ചിരിയോടെ നേരിട്ട്, ലോകനന്മയ്ക്കായി ഭഗവത്ഗീത ലോകത്തിന് നൽകി ഒടുവിൽ ഏകനായി രാജ്യവും സുഖസൗകര്യങ്ങളും എല്ലാം ഉണ്ടായിട്ടും തനിയേ ഒരു വേട്ടക്കാരന്റെ അമ്പിൻതുമ്പിൽ ഇഹലോകവാസം അവസാനിപ്പിച്ച് വൈകുണ്ഠത്തിലേക്ക് തിരികെപോയി.
ത്രേതായുഗത്തിലെ ദേവാസുര യുദ്ധത്തിൽ കൊല്ലപ്പെട്ട അസുരന്മാര്‍ ദ്വാപരയുഗത്തിൽ ഭൂമിയിൽ വീണു പിറന്നുവെന്നാണ് സങ്കൽപ്പം. ഇവര്‍ പൂര്‍വ്വാധികം ശക്തി പ്രാപിച്ച് വംശത്തെ വര്‍ധിപ്പിക്കാൻ തുടങ്ങി. ഭൂമിയിൽ അസുരന്മാരുടെ അംഗസംഖ്യ പെരുകി. ഇവര്‍ ലോകത്തെയും ഭൂമിയെയും അധര്‍മ്മത്തിലേക്ക് നയിച്ചു. എല്ലാ വിഭവങ്ങളിലും അസുരന്മാര്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. ഇതോടെ ഭൂമിദേവി ക്ഷീണിതയായി. ഈ അസുരന്മാരിലെ പ്രധാനി കാലനേമി അംശത്തിൽ ജനിച്ച കംസനായിരുന്നു.
അസുരന്മാരുടെ ചെയ്തികളിൽ മടുത്ത ഭൂമി ദേവി പശുവിൻ്റെ രൂപത്തിൽ ദേവലോകത്തെത്തി കാര്യങ്ങൾ വിശദീകരിച്ചു. ദേവന്മാർ ഭൂമിദേവിയെയും കൂട്ടി ബ്രഹ്മലോകത്തെത്തുകയും ബ്രഹ്‌മാവിനെ കണ്ട് തങ്ങളുടെ പ്രശ്നം ബോധ്യപ്പെടുത്തുകയും ചെയ്തു . എന്നാൽ ബ്രഹ്മാവ് കംസനു വരം നല്കിയിട്ടുള്ളതിനാൽ തനിക്കു അയാളെ വധിക്കുവാൻ സാധിക്കില്ലെന്ന് പറഞ്ഞു . തുടർന്ന് അവരെല്ലാം കൂടി പാലാഴിയിൽ പോയി വിഷ്ണുവിനെ കണ്ടു. വിഷ്ണു അവരുടെ ആവലാതികൾ കേൾക്കുകയും , താൻ ഭൂമിയിൽ അവതരിച്ച് ലോകോപകാരാർത്ഥം അസുരന്മാരെ നിഗ്രഹിക്കുമെന്നും ഭൂമിയുടെ അമിതഭാരം കുറയ്ക്കുമെന്നും അറിയിച്ചു. ഇങ്ങനെ മഹാവിഷ്ണു ശ്രീകൃഷ്ണവതരാം സ്വീകരിച്ച് ഭൂമിയിൽ ജനിച്ച ദിവസമാണ് ജന്മാഷ്ടമി.
എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ-…വന്ദേമാധവം ഗാൾവേ