സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ആയുധങ്ങള്‍ മോഷണം പോയി: ആക്രമണ ഭീഷണിയില്‍ രാജ്യം

ഡബ്ലിന്‍: സൂപ്പര്‍മാര്‍ക്കറ്റില്‍ അതിക്രമിച്ചു കയറിയ യുവാവ് ആയുധങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ആശങ്കയോടെ രാജ്യം. കോ മെത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസമാണ് രണ്ടു യുവാക്കളുടെ സംഘം അതിക്രമിച്ചു കയറി ആയുധങ്ങള്‍ തട്ടിയെടുത്തത്. റവോത്താത്തിലെ ഫെയര്‍ഹൗസ് റോഡില്‍ കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയാണ് അയുധധാരികളായ രണ്ടു യുവാക്കളുടെ സംഘം വെടിവച്ചു ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം തോക്കുകളും ആയുധങ്ങളും തട്ടിയെടുത്തത്. അക്രമം നടത്തിയ രണ്ടു യുവാക്കള്‍ക്കും ഇരുപതും മുപ്പതും വയസുപ്രായമുള്ളവരാണെന്നാണ് ഗാര്‍ഡാ സംഘം കണ്ടെത്തിയിരിക്കുന്നത്.
ആയുധങ്ങളുമായി എത്തിയ പ്രതികള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത ശേഷം ഇവരുടെ ഓഫിസിലെ മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍, ഈ മേശയ്ക്കുള്ളില്‍ എത്ര തുകയുണ്ടായിരുന്നു എന്നു കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ല. ആക്രമണത്തിനിടെ സൂപ്പര്‍മാര്‍ക്കറ്റിലെ ഒരു ജീവനക്കാരനു സാരമായി പരുക്കേറ്റിട്ടുമുണ്ട്. അഞ്ചടി 11 ഇഞ്ച് ഉയരമുള്ള ആരോഗ്യദൃഢഗാത്രനായ യുവാവാണ് ആക്രമണം നടത്തിയതെന്നാണ് ഇപ്പോള്‍ അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്.
ബീട്രൂട്ട് നിറത്തിലുള്ള ഹോബി ധരിച്ച് ചുവപ്പു ടീഷര്‍ട്ടും, നീല ജീന്‍സും വെള്ള സോക്‌സും വെള്ള നിറത്തിലുള്ള റണ്ണറുമാണ് പ്രതി ധരിച്ചിരുന്നതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കറുത്ത നിറത്തിലുള്ള മാസ്‌ക് മുഖത്തു ധരിച്ച് പച്ച പ്ലാസ്റ്റിക് ബാഗുമായി എത്തിയ പ്രതിയെപ്പറ്റി എന്നാല്‍ കൃത്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ഗാര്‍ഡാ സംഘം വ്യക്തമാക്കുന്നു.സംഭവത്തെപ്പറ്റിയോ പ്രതികളെപ്പറ്റിയോ വ്യക്തമായ സൂചനകള്‍ ലഭിക്കുന്നവര്‍ ആഷ്‌ബോണ്‍ ഗാര്‍ഡാ സ്‌റ്റേഷനില്‍ വിവരങ്ങള്‍ അറിയിക്കണമെന്നു അധികൃതര്‍ അറിയിച്ചു. ഇതിനായി ഫോണ്‍: 01 8010600, 1800 666111.

Top