ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തീയതി നീട്ടി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചു

ന്യൂഡല്‍ഹി: ആദായനികുതി നിയമത്തിലെ 44എ ബി വകുപ്പ് അനുസരിച്ച് ഓഡിറ്റ്വേണ്ട നികുതിദായകര്‍ക്ക് ഇഫയലിങ് മുഖേന ആദായനികുതി റിട്ടേണും ഓഡിറ്റ് റിപ്പോര്‍ട്ടും സമര്‍പ്പിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 31വരെ നീട്ടി. സെപ്റ്റംബര്‍ 30 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്. തീയതി നീട്ടിനല്‍കണമെന്നാവശ്യപ്പെടുന്ന ഹരജികളില്‍ വ്യത്യസ്ത ഹൈകോടതികള്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പ് തീയതി പുനര്‍നിര്‍ണയിച്ചത്. വ്യത്യസ്ത അധികാരപരിധിയിലുള്‍പ്പെട്ട കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ വിവേചനം നേരിടേണ്ടി വന്നതിനാലാണ് തീയതി നീട്ടി നല്‍കുന്നതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കി. ആദായ നികുതി വകുപ്പിന്റെ ഇ ഫയലിങ് പോര്‍ട്ടല്‍ വഴി 2.06 കോടി റിട്ടേണുകളാണ് ഈ വര്‍ഷം സമര്‍പ്പിക്കപ്പെട്ടത്. മുന്‍വര്‍ഷത്തേക്കാള്‍ 26.12 ശതമാനമാണ് വര്‍ധന.

Top