മൂന്നു ലക്ഷം ദിര്‍ഹത്തിന്‍െറ സ്വര്‍ണം കവര്‍ന്ന മൂന്ന് പേര്‍ പിടിയില്‍

 ഷാര്‍ജ: വാടകക്ക് താമസിച്ച വീട്ടില്‍ നിന്ന് മൂന്ന് ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന മൂന്ന് പാകിസ്താനികളെ ഷാര്‍ജ പൊലീസ് പിടികൂടി. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് പിടിയിലായത്. ഇതില്‍ ദമ്പതികളുമുണ്ട്്. പാകിസ്താന്‍ സ്ത്രിയുടെ വീട്ടില്‍ നിന്നാണ് ഇവര്‍ കവര്‍ച്ച നടത്തിയത്.
ഇരയായ സ്ത്രീ തന്‍െറ വീട്ടില്‍ മുറി വാടകക്ക് നല്‍കാനുണ്ടെന്ന് കാണിച്ച് ഇന്‍റര്‍നെറ്റില്‍ പരസ്യം നല്‍കിയിരുന്നു. ഇത് പ്രകാരമാണ് പ്രതികള്‍ ഇവരുടെ അടുക്കല്‍ വന്ന് മുറിയെടുത്ത് പൊറുതി തുടങ്ങിയത്. ഇവര്‍ താമസം തുടങ്ങിയ അന്ന് തന്നെ വീട്ടുടമസ്ഥ ഇവിടെ നിന്ന് മാറിയിരുന്നു.
ഒരു ദിവസം ഇവര്‍ സ്വന്തം വീട്ടില്‍ തിരിച്ചത്തെിയപ്പോള്‍ സാധനങ്ങളെല്ലാം വാരി വലിച്ചിട്ടിരിക്കുന്നതാണ് കണ്ടത്. താമസക്കാരെ തെരഞ്ഞപ്പോള്‍ കണ്ടതുമില്ല. വിശദമായ പരിശോധനയില്‍ തന്‍െറ മൂന്ന് ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണം നഷ്ടപ്പെട്ടതായി മനസിലാക്കി. ഉടനെ പൊലീസില്‍ പരാതി നല്‍കി. വിരലടയാള വിദഗ്ധരോടൊപ്പമത്തെിയ പൊലീസ് വിശദമായ പരിശോധന നടത്തി. പ്രതിയായ പുരുഷന്‍െറ തിരിച്ചറിയില്‍ രേഖയില്‍ നിന്ന് ഇയാള്‍ ദുബൈയിലെ വിസക്കാരനാണെന്ന് മനസിലായി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ പിടികൂടി. തുടര്‍ന്ന്് മറ്റ് രണ്ട് പേരും. ഇവര്‍ താമസിച്ച വീട്ടില്‍ നിന്ന് മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പ്രതികള്‍ ഇത്തരത്തില്‍ മോഷണം നടത്തുന്നവരാണെന്ന് ചോദ്യം ചെയ്യലില്‍ ബോധ്യമായതായി അധികൃതര്‍ പറഞ്ഞു.
Top