ഡാള്ളസ് ചുഴലിക്കാറ്റ് ദുരന്തം: ഫെഡറല്‍ ഡിസാസ്റ്റര്‍ ഡിക്ലറേഷന്‍ വേണമെന്ന് ഗവര്‍ണര്‍ എമ്പട്ടു

ഡാള്ളസ്: ഡൗള്ളസ് കൗണ്ടി ഉള്‍പ്പെടെ ഡിസംബര്‍ 26 നു നാശം വിതറിയ ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു ആശ്വാസമമെത്തിക്കുന്നതിനു ഫെഡറല്‍ ഗവണ്‍മെന്റിന്റെ സഹായം ടെക്‌സസ് ഗവര്‍ണര്‍ ഗ്രഗ് എമ്പട്ടു അഭ്യര്‍ഥിച്ചു. സംഭവം നടന്ന് ഒരു മാസം തികയുന്ന ഈ 26 നു ചുഴലിക്കാറ്റില്‍ തകര്‍ന്ന പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ സഞ്ചരിച്ച് വിലയിരുത്തുന്നതിനിടെയാണ് ഗവര്‍ണര്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ സഹായം അഭ്യര്‍ഥിച്ചത്.
ഡിസംബര്‍ 27 നു ടെക്‌സസ് ഗവര്‍ണര്‍ നോര്‍ത്ത് ടെക്‌സസിലെ ഡാള്ളസ് ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ സംസ്ഥാന ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരുന്നു. ഒരു മാസം പൂര്‍ത്തിയായിട്ടും ശുചീകരണ പ്രവര്‍ത്തനങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും തുടരുകയാണ്. കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. പൂര്‍ണമായി വീടുകള്‍ നഷ്ടപ്പെട്ടവര്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നല്‍കിയ ഹോട്ടലുകളാണ് ഇപ്പോഴും താമസിക്കുന്നത്.
ഡാള്ളസിലെ പ്രമുഖ മലയാളിയും റസ്റ്ററന്റില്‍ പ്രോപ്പര്‍ട്ടി ഉടമസ്ഥനുമായ ഒരു വ്യക്തിയുടെ ഇരുപതോളം വീടുകളാണ് ചുഴലിക്കാറ്റില്‍പ്പെട്ടു തകര്‍ന്നത്. ഇതുകൂടാതെ മലയാളികളുടെതടക്കം പലവീടുകളും ഭാഗീകമായും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
ഫെഡറല്‍ സഹായം ലഭിച്ചില്ലെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം അപര്യാപ്തമാകുമെന്നു റന്റല്‍ പ്രോപ്പര്‍ട്ടീസ് ഉടമപറഞ്ഞു. ഫെഡറല്‍ ഗവണ്‍മെന്റ് ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ചാല്‍ മാത്രമേ പ്രതീക്ഷിയ്ക്കു സാധ്യതയുള്ളൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Top