മാനേജ്‌മെന്റെല്‍ മാറ്റം വരുത്തുന്നതിനു വേണ്ടി ട്രിനിറ്റി സര്‍വകലാശാല ചിലവഴിച്ചത് 2.8 മില്ല്യണ്‍ യൂറോ

ഡബ്ലിന്‍: സര്‍വകലാശാലയുടെ മാനേജ്‌മെന്റ് രീതികളില്‍ മാറ്റം വരുത്തുന്നതിനു പഠനം നടത്താന്‍ ട്രിനിറ്റി കോളജ് ഓഫ് ഡബ്ലിന്‍ പുറത്തെ കണ്‍സള്‍ട്ടന്റിനു നല്‍കിയത് 2.8 മില്ല്യണ്‍ യൂറോ. വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഇപ്പോള്‍ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ അധികൃതര്‍ പുറത്തു വിട്ടിരിക്കുന്നത്.
ക്ലാരിയോണ്‍ കണ്‍സള്‍ട്ടിങ് എന്ന ഏജന്‍സിക്കാണ് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓവറോള്‍ മാനേജ്‌മെന്റ് സംബന്ധിച്ചു പഠനം നടത്തുന്നതിനായി തുക അനുവദിച്ചത്. സര്‍വകലാശാലയുടെ വിദ്യാഭ്യാസ രംഗത്തും അഡ്മിനിസ്‌ട്രേറ്റീവ് രംഗത്തും മികച്ച പിന്‍തുണയും മാറ്റങ്ങളും വരുത്തുന്ന രീതിയില്‍ മാനേജ്‌മെന്റ് രംഗത്ത് പഠനം നടത്താനാണ് കണ്‍സള്‍ട്ടിങ് ഏജന്‍സിക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതു സംബന്ധിച്ചു പഠനം നടത്താന്‍ മൂന്നു വര്‍ഷമാണ് ഏജന്‍സിക്കു നല്‍കിയിരിക്കുന്ന നിര്‍ദേശവും. 2012 – 13 വിദ്യാഭ്യാസ വര്‍ഷം ആരംഭിച്ച പരിപാടി 2014 – 15 ല്‍ പൂര്‍ത്തിയാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഗാല്‍വേ എന്‍യുഐയുടെ കണക്കുകള്‍ പ്രകാരം എച്ച്ആര്‍ കണ്‍സള്‍ട്ടന്റ് കമ്പനിയ്ക്കു എച്ച്ആര്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 68,898 യൂറോയാണ് അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 2014 മുതല്‍ ജൂണ്‍ 2015 വരെയുള്ള കാലയളവില്‍ പഠനം നടത്തി എച്ച്ആര്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള വിവാദങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. വാര്‍ത്ത പുറത്തു വന്നതോടെ വിവാദങ്ങള്‍ കൂടുതല്‍ സജീവമായി.

Top