തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ സി പി എമ്മും സംസ്ഥാന സർക്കാരും ജനങ്ങളെ കബളിപ്പിക്കുന്നു : ദമ്മാം ഒ ഐ സി സി

ദമ്മാം: തിരുവനന്തപുരം വിമാനത്താവളം അമ്പതുവർഷത്തേക്ക് അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്നുവെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് ദമ്മാം ഒ ഐ സി സി ആരോപിച്ചു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരും സി പി എമ്മും യഥാർത്ഥത്തിൽ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല, ജനറൽ സെക്രട്ടറി ഇ.കെ.സലിം, തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡണ്ട് ലാൽ അമീൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

തിരുവനന്തപുരം വിമാനത്താവള ടെണ്ടറിൽ കേരള സർക്കാരിനെ നിയമനടപടികളിൽ സഹായിക്കുവാനും വിദഗ്ദ്ധോപദേശങ്ങൾ നൽകുവാനും സർക്കാർ തെരഞ്ഞെടുത്തത് സിറിൽ അമർചന്ദ് മോഹൻദാസ് (CAM) എന്ന പ്രശസ്തമായ ലീഗൽ കൺസൾട്ടൻസിയെയാണ്. കെ എസ് ഐ ഡി സി വഴി അമ്പത്തിയഞ്ച് ലക്ഷം രൂപ ഫീസിനത്തിൽ 2019 ഡിസംബറിൽ തന്നെ സംസ്ഥാന സർക്കാർ ഈ ലീഗൽ കൺസൾട്ടൻസിക്ക് നൽകിയിരുന്നു. അമർചന്ദ് കമ്പനിയുടെ മേധാവി സിറിൽ ഷെറോഫിന്റെ മകളാണ് അദാനിയുടെ മകൻറെ ഭാര്യ. അദാനിക്കെതിരെ ടെണ്ടറിൽ പങ്കെടുക്കാൻ നിയമോപദേശങ്ങൾക്കായി അദാനിയുടെ മരുമകൾ പാർട്ണറും മേധാവിയുയായ ലീഗൽ
കൺസൾട്ടൻസിയെത്തന്നെ തെരഞ്ഞെടുത്തതിലൂടെ സംസ്ഥാന സർക്കാറിന്റെ ഇക്കാര്യത്തിലുള്ള ഇരട്ടത്താപ്പ് വ്യക്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അദാനിയുടെ മരുമകളുടെ കമ്പനിക്ക് തന്നെ ടെണ്ടർ നടപടികളുടെ ചുമതല സംസ്ഥാന സർക്കാർ നൽകിയതിലൂടെ അദാനിക്കുവേണ്ടി ഈ ടെണ്ടർ മന:പ്പൂർവ്വം തോറ്റ് കൊടുക്കുവാൻ സർക്കാർ കരുക്കൾ നീക്കുകയായിരുന്നുവെന്ന് ന്യായമായും ദമ്മാം ഒ ഐ സി സി സംശയിക്കുന്നു. ടെണ്ടർ നടപടികൾക്കായി അദാനിയുടെ വീട്ടിനകത്തുതന്നെ സംസ്ഥാന ഖജനാവിൽ നിന്നും അരക്കോടിയിലധികം രൂപ എത്തിച്ചുകൊടുത്തതിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിയമസഭയിൽ പ്രമേയം, സർവ്വകക്ഷിയോഗം, സി പി എം സമരങ്ങൾ, കത്തെഴുത്തുകൾ, ഇ മെയിൽ സമരം തുടങ്ങിയ പ്രഹസനങ്ങളിലൂടെ ജനങ്ങളെ വിഡ്ഢികളാക്കുകയാണ് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും.
തിരുവനന്തപുരം വിമാനത്താവളത്തിൻറെ വികസന കാര്യത്തിൽ യാതൊരുവിധ ആത്മാർത്ഥതയുമില്ലാത്ത നടപടികളാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്. തലസ്ഥാന നഗരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന തിരുവനതപുരം വിമാനത്താവളത്തോടുള്ള സംസ്ഥാന സർക്കാറിന്റെ വിവേചനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ദമ്മാം ഒ ഐ സി സി നേതാക്കൾ വ്യക്തമാക്കി.

കൺസൾട്ടൻസികൾക്കും വ്യവസായ കുത്തകകൾക്കും സംസ്ഥാന സർക്കാർ അടിയറവ് പറയുന്ന സമീപനമാണ് കഴിഞ്ഞ നാലേകാൽ വർഷമായി മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നത്. എല്ലാ മേഖലയിലും കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുകയാണ് ഈ സർക്കാരിനു കീഴിൽ. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണകള്ളക്കടത്തിന് ഒത്താശ ചെയ്തുകൊടുത്തതുപോലും മുഖ്യമന്ത്രിയുടെ ഓഫീസും മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനുമായിരുന്നുവെന്നതും ഈ അവസരത്തിൽ പ്രത്യേകം പരമാർശിക്കപ്പെടേണ്ടതാണ്. തിരുവനതപുരം വിമാനത്താവള വിഷയത്തിൽ യാതൊരുവിധ ആത്മാർത്ഥതയുമില്ലാത്ത നടപടികളിലൂടെ ജനങ്ങളെ കബളിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

Top