സര്‍വീസുകള്‍ അവസാനിപ്പിക്കാനൊരുങ്ങി വിമാനകമ്പനികള്‍; തിരുവനന്തപുരം വിമാനത്താവളം പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തെ പ്രതിസന്ധിയിലാക്കി നിരവധി വിമാനകമ്പനികള്‍ സര്‍വീസ് അവസാനിപ്പിക്കുന്നു. രണ്ടുമാസത്തിനിടെ അഞ്ച് വിമാനകമ്പനികളാണ് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തുന്നതില്‍ നിന്ന് പിന്‍മാറിയത്. കോടികളുടെ നഷ്ടമാണ് വിമാനത്താവളത്തിന് ഇതുമൂലം ഉണ്ടാകുന്നത്.ആകെയുണ്ടായിരുന്ന 16 വിമാനകമ്പനികളില്‍ 5 എണ്ണമാണ് തിരുവനന്തപുരം ഉപേക്ഷിക്കുന്നത്. ജിദ്ദയിലേക്കും റിയാദിലേക്കും ആഴ്ചയില്‍ മൂന്ന് സര്‍വീസ് ഉണ്ടായിരുന്ന സൗദി എയര്‍ലെന്‍സ് ജനുവരിയോടെ അതെല്ലാം നിര്‍ത്തി. ദുബൈയിലേക്ക് ആഴ്ചയില്‍ നാലു ദിനം പറന്നിരുന്ന ഫ്‌ളൈ ദുബൈയും ഇനി തലസ്ഥാനത്തേക്കില്ല. ദമാമിലേക്കുള്ള അവശേഷിക്കുന്ന സര്‍വീസും ഈ മാസം അവസാനിപ്പിക്കുകയാണ് ജെറ്റ് എയര്‍വേയ്‌സ്.ഘട്ടം ഘട്ടമായി സര്‍വ്വീസ് കുറച്ചുകൊണ്ടുവന്നിരുന്ന സ്‌പൈസ് ജെറ്റും സില്‍ക്ക് എയറും ഇതോടൊപ്പം പൂര്‍ണ്ണമായും പിന്‍മാറുന്നു.

240 ഷെഡ്യൂളുകളാണ് ഇങ്ങനെ ഒരു മാസം മാത്രം മുടങ്ങുക. സാമ്പത്തിക പ്രതിസന്ധിയാണ് ജെറ്റും സ്‌പൈസ് ജെറ്റും കാരണമായി പറയുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് ലൈസന്‍സ് പുതുക്കാത്ത സൗദി എയര്‍ലൈന്‍സ് കണ്ണൂരില്‍ നിന്ന് പുതിയ സര്‍വീസ് തുടങ്ങുകയാണ്. തിരുവനന്തപുരത്തെ കൈ ഒഴിഞ്ഞ ഫ്‌ളൈ ദുബൈയ് കോഴിക്കോട് നിന്നും പ്രവര്‍ത്തനം തുടങ്ങും.വടക്കന്‍ കേരളത്തോട് മാത്രം വിമാക്കമ്പനികള്‍ക്ക് പ്രിയം തോന്നാന്‍ എന്തൊക്കെയാവാം കാരണം എന്ന് ചോദിച്ചാല്‍ തലസ്ഥാനത്തിന് വേണ്ടി ഇടപെടാന്‍ ആരുമില്ലെന്ന് സംരംഭകര്‍ കുറ്റുപ്പെടുത്തുന്നു. ഒരോ തവണയും വിമാനമിറങ്ങുമ്പോള്‍ അടയ്‌ക്കേണ്ട നാവിഗേഷന്‍ ചാര്‍ജ് ഇനത്തില്‍ ഒന്നരക്കോടിയിലധികം മാസം തോറും നഷ്ടമാകുന്നതില്‍ തുടങ്ങുന്ന വരുമാന ചോര്‍ച്ച. യാത്രക്കാര്‍ കുറയുന്നതോടെ യൂസര്‍ ഡെവലപ്‌മെന്റ്  ഫീയിലൂടെയുള്ള വരവും ഇടിയും.വാഹന പാര്‍ക്കിംഗും ഷോപ്പിംഗും അടക്കം പരോക്ഷ വരുമാനത്തിലെ നഷ്ടം വേറെ.വിമാനത്താവളത്തിന്റെ വരുമാനം അഞ്ചിലൊന്ന് നഷ്ടപ്പെടാന്‍ പോകുന്നുവെന്നാണ് കണക്കുകള്‍. വരുമാനത്തിലെ വലിയ കുറവ് മെല്ലെ വിമാനത്താവളത്തിന്റെ ആകെ പ്രവര്‍ത്തനത്തെ ബാധിക്കും. അതോടെ കൂടുതല്‍ വിമനകമ്പനികള്‍ ഇവിടം വിട്ടേക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top