ലണ്ടന്‍: ബ്രിട്ടനില്‍ സൗത്ത് ലണ്ടനിലെ ക്രോയിഡോണില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരിയെ കഴുത്തറത്തു കൊന്ന 17 വയസുകാരന് പിടിയില്‍. കത്തികൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാവിലെ 8.30 നാണ് ക്രോയിഡോണിലെ ഓള്‍ഡ് പാലസ് ഓഫ് ജോണ്‍ വിറ്റ്ഗിഫ്റ്റി സ്കൂളിലെ വിദ്യാര്‍ഥിനി കൊലചെയ്യപ്പെട്ടത്.
കൊല ചെയ്യപ്പെട്ട പെണ്‍കുട്ടി ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ വിറ്റ്ഗിഫ്റ്റി സെന്ററിന്റെ പുറത്ത് നമ്പര്‍ 60 ബസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ആണ് കൊലപാതകം നടന്നത്. സംഭവം നടന്ന ഉടനെ ബസ് ജീവനക്കാരും പരിസരത്തുള്ളവരും പെണ്‍കുട്ടിയെ സഹായിക്കാന്‍ ഓടിയെത്തിയെങ്കിലും, ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നു 17 വയസുകാരനെ ഒരു മണിക്കൂറിനുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ബസില്‍ നിന്ന് ഇറങ്ങിയ ശേഷം പെണ്‍കുട്ടിയോട് ഒരുമിച്ചു നടന്നു പോകാമെന്ന ആവശ്യം ഉന്നയിച്ചുവെന്നും ആണ്‍കുട്ടി നല്കിയ പുഷ്പങ്ങള്‍ പെണ്‍കുട്ടി നിരാകരിച്ചുവെന്നും ആണ് പുറത്തു വരുന്ന വിവരങ്ങള്‍. എന്നാല്‍ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതിനാല്‍ ഇരുവരുടെയും പേര് ഉള്‍പ്പടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.