ട്രംപ് അനുകൂലികൾ ഇരച്ചുകയറി: ഇരച്ചെത്തി പ്രതിഷേധക്കാർ; ഭൂഗർഭ ടണലിലൂടെ രക്ഷപ്പെട്ട് പാർലമെന്റ് അംഗങ്ങൾ.അക്രമം; 4 മരണം

വാഷിങ്ടൻ :യുഎസിനെയും ലോകത്തെയും ഞെട്ടിച്ച് യുഎസ് പാർലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികളുടെ തേർവാഴ്ച. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യു.എസ് പാർലമെന്റ് സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു പേർ യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോൾ ടവറിലേക്ക് അതിക്രമിച്ചു കടന്നത്. പ്രതിഷേധക്കാരിൽ ഒരാൾക്ക് വെടിയേറ്റതായും റിപ്പോർട്ടുണ്ട്. ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണു ലോകത്തെ ഞെട്ടിച്ച നാടകീയ സംഭവവമുണ്ടായത്.

കലാപത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാലു പേർ മരിച്ചു. കാപ്പിറ്റോൾ മന്ദിരത്തിനുള്ളിലാണ് സ്ത്രി വെടിയേറ്റു മരിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്കു മാറ്റി. കാപ്പിറ്റോൾ മന്ദിരത്തിനു സമീപത്തു നിന്ന് സ്ഫോടകവസ്തു കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്. പാർലമെന്റിലേക്ക് അതിക്രമിച്ചു കടന്നവരെ ഒഴിപ്പിക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണു സംഭവങ്ങൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരച്ചെത്തിയ പ്രതിഷേധക്കാരിൽനിന്നു രക്ഷപ്പെടാൻ യുഎസ് ജനപ്രതിനിധി സഭാംഗങ്ങള്‍ ഭൂഗർഭ ടണൽ ഉപയോഗിച്ചതായി റിപ്പോർട്ടുകൾ. പ്രതിഷേധക്കാർക്ക് പരമാവധി കടന്നുവരാൻ കഴിയുന്ന സ്ഥലത്തിനപ്പുറം എത്തിയതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് സാഹചര്യം നിയന്ത്രിക്കാനായില്ല. ഇതു വ്യക്തമായതോടെയാണ് പാർലമെന്റ് അംഗങ്ങളെ ടണൽ വഴി സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചത്.

കാപിറ്റോളിനു ചുറ്റുമുള്ള പ്രതിഷേധങ്ങള്‍ അതിക്രമത്തിലേക്കു കലാശിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആയിരക്കണക്കിന് ട്രംപ് അനുകൂലികൾ കാപിറ്റോൾ ഗ്രൗണ്ടിന്റെ ഈസ്റ്റ് ഫ്രണ്ടിൽ ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധിക്കുന്നുണ്ടായിരുന്നു. ചിലരുടെ കൈവശം ട്രംപ് പതാകയും മറ്റു ചിലരുടെ കൈവശം അമേരിക്കൻ പതാകയും ഉണ്ടായിരുന്നു.

കാര്യങ്ങൾ വഷളാകുന്നുവെന്നു വ്യക്തമായതോടെ വൈസ് പ്രസിഡ‍ന്റും ഹൗസ് ഓഫ് റെപ്രസന്റേറ്റിവ്സ് മേധാവിയുമായ മൈക്ക് പെൻസ് ചേംബറിൽനിന്നു പോകുകയാണെന്ന അറിയിപ്പു വന്നു. ഹൗസിനെയും സെനറ്റിനെയും ബന്ധിപ്പിക്കുന്ന റോട്ടുൻഡയുടെ സ്റ്റെപ്പുകളിൽ പ്രതിഷേധക്കാർ കയറി. ഇവരുടെ എണ്ണം നിമിഷംപ്രതി വർധിച്ചുകൊണ്ടിരുന്നു. മന്ദിരത്തിന്റെ ഹാളിൽനിന്ന് സുരക്ഷിതമായ ഓഫിസുകളിലേക്കു എത്രയും പെട്ടെന്നു നീങ്ങണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പാർലമെന്റ് അംഗങ്ങൾക്ക് നിർദേശം നൽകി.

മാധ്യമപ്രവർത്തകരോട് ഹൗസ് ചേംബറിലേക്കും നീങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ അവിടെയും കാര്യങ്ങൾ സുരക്ഷിതമല്ലായിരുന്നു. എത്രയും പെട്ടെന്ന് ഇവിടെനിന്ന് ഒഴിപ്പിക്കുമെന്നും തയാറായി ഇരിക്കാനും സുരക്ഷാ ഉദ്യോഗസ്ഥർ പാർലമെന്റ് അംഗങ്ങൾക്കു നിർദേശം നൽകി. എല്ലാ വാതിലുകളും പൂട്ടിയ നിലയിലായിരുന്നു.

ജനപ്രതിനിധി സഭയും സെനറ്റും ചേരുന്നതിനിടെയാണു സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായികൾ മന്ദിരത്തിനു പുറത്തു പ്രകടനമായെത്തിയത്. പൊലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാർ ആദ്യം ബാരിക്കേഡുകൾ തകർത്തു. പാർലമെന്റ് കവാടങ്ങൾ പൊലീസ് അടച്ചുപൂട്ടിയെങ്കിലും പ്രതിഷേധക്കാർ മന്ദിരത്തിനകത്തു കടക്കുന്നതു തടയാനായില്ല.കാപ്പിറ്റോൾ മന്ദിരം വളഞ്ഞ സംഭവത്തെ കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്നു വിശേഷിപ്പിച്ച ജോ ബൈഡൻ, പിൻവാങ്ങാൻ അനുകൂലികൾക്ക് നിർദേശം നൽകാൻ ട്രംപിനോട് ആവശ്യപ്പെട്ടു. സംഭവത്തെ അപലപിച്ച് ബ്രിട്ടനും അയർലൻഡും രംഗത്തെത്തി.

Top