ജോർജിയയിലും മിഷിഗണിലും ട്രംപിന് തിരിച്ചടി, ഹർജികൾ കോടതി തളളി. വൈറ്റ്ഹൗസ് പടിയുറപ്പിച്ച് ബൈഡൻ

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലം അനിശ്ചിതമായി തുടരുകയാണ്. ജോര്‍ജിയ, പെന്‍സില്‍വാനിയ, നെവാഡ, നോര്‍ത്ത് കരോലീന എന്നാ സ്വിംഗ് സ്‌റ്റേറ്റുകളില്‍ നിന്നുളള ഫലമാണ് ഇനി വരാനുളളത്. ചാഞ്ചാടി നിൽക്കുന്ന സ്റ്റേറ്റുകളിൽ ഡോണൾഡ് ട്രംപിന്റെ ഭൂരിപക്ഷം കുറയുകയും നെവാഡയിൽ ജോ ബൈഡന്റെ ഭൂരിപക്ഷം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബൈഡൻ ചരിത്ര വിജയത്തിനരികെ എന്നാണു സൂചന. യുഎസിലെ മിക്ക മാധ്യമങ്ങളും ബൈഡന് 264 ഇലക്ടറല്‍ വോട്ടുകൾ സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകളാണ് നൽകിയത്. നെവാഡയിലെ ആറു വോട്ടുകൾ കൂടി ലഭിച്ചാൽ 270 എന്ന മാന്ത്രികസംഖ്യ ബൈഡൻ സ്വന്തമാക്കും. 538 ഇലക്ടറൽ വോട്ടുകളിൽ 270 ആണ് ഭൂരിപക്ഷത്തിനു വേണ്ടത്. ട്രംപ് പക്ഷത്തിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ വരെയുള്ള കണക്കുകൾ പ്രകാരം 214 ഇലക്ടറൽ വോട്ടുകളായി. ഭൂരിപക്ഷത്തിൽനിന്ന് 56 വോട്ട് കുറവ്. ഇപ്പോൾ മുന്നിൽ നിൽക്കുന്ന സ്റ്റേറ്റുകളിൽ എല്ലാം ജയിച്ചാലും ട്രംപിന് ഭൂരിപക്ഷം നേടാനാകില്ലെന്ന സ്ഥിതി.

270 എന്ന മാന്ത്രിക സഖ്യയ്ക്ക് അരികെ നില്‍ക്കുന്ന ജോ ബൈഡന് നെവാഡയിലെ ഒരു ജയത്തിന്റെ ദൂരം മാത്രമാണ് പ്രസിഡണ്ട് പദവിയിലേക്ക് ഉളളത്. നെവാഡയില്‍ ബൈഡന്‍ ലീഡ് ചെയ്യുകയാണ്. അതേസമയം നിര്‍ണായകമായ ജോര്‍ജിയയില്‍ ട്രംപിന്റെ ലീഡ് 14000 ആയി കുറഞ്ഞു. ഇവിടെ ഇനി എണ്ണാനുളളത് 50000 വോട്ടുകള്‍ ആണ്. അതിനിടെ ജോര്‍ജിയയിലെ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ ഹര്‍ജി കോടതി തളളി. ജോര്‍ജിയ കോടതിയാണ് ഹര്‍ജി തളളിയത് എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പോളിംഗ് ദിവസത്തിന് ശേഷം എത്തിയ ബാലറ്റുകള്‍ എണ്ണുന്നത് നിയമവിരുദ്ധമാണ് എന്ന് ആരോപിച്ചാണ് ട്രംപ് കോടതിയെ സമീപിച്ചിരുന്നത്. ജഡ്ജ് ജെയിംസ് എഫ് ബാസ്സ് ആണ് വിധി പറഞ്ഞത്. ജോര്‍ജിയയില്‍ മാത്രമല്ല മിഷിഗണിലും വോട്ടെണ്ണലിന് എതിരെ ട്രംപ് കോടതിയില്‍ പോയിരുന്നു. മിഷിഗണില്‍ ജോ ബൈഡനാണ് വിജയിച്ചത്. മിഷിഗണിലും കോടതിയില്‍ നിന്ന് ട്രംപിന് തിരിച്ചടിയേറ്റു. മിഷിഗണില്‍ ആബ്‌സന്റീ ബാലറ്റുകളില്‍ റിപ്പബ്ലിക്കന്‍സ് ഇടപെടല്‍ നടത്തി എന്നാരോപിച്ചായിരുന്നു ട്രംപ് കോടതിയില്‍ പോയത്. അവസാന ബാലറ്റുകള്‍ എണ്ണുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ട്രംപ് വിഭാഗം ഹര്‍ജി ഫയല്‍ ചെയ്തത് എന്ന് ജഡ്ജ് സിന്തിയ സ്റ്റീഫന്‍സ് ചൂണ്ടിക്കാട്ടി. ബൈഡന്‍ അവസാനമായി ജയിച്ച എല്ലാ സംസ്ഥാനങ്ങളിലേയും ഫലത്തിന് എതിരെ കോടതിയില്‍ പോകും എന്നാണ് ട്രംപ് പ്രഖ്യാപിച്ചിട്ടുളളത്.

ജോർജിയ (16), നോർത്ത് കാരലൈന (15), പെൻസിൽവേനിയ (20), അലാസ്‌ക (3) എന്നിവിടങ്ങളിലാണ് ട്രംപ് മുന്നിൽ. ഇവയെല്ലാം ജയിച്ചാലും ലഭിക്കുക 268 വോട്ട്. ഈ സാഹചര്യത്തിലാണ് നെവാഡയിലെ ഫലം നിർണായകമാകുന്നത്. ലീഡ്‌നില മാറിമറിയുന്ന ജോർജിയയും അന്തിമഫലത്തിൽ നിർണായകമാകും. അതേസമയം, സിഎൻഎൻ പോലുള്ള ചാനലുകൾ ബൈഡന് 253 വോട്ടുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വോട്ടെണ്ണൽ തുടരുന്ന അരിസോണയിലെ 11 വോട്ടുകൾ ഒഴിവാക്കിയതിനാലാണിത്. അതിനിടെ, തുടർച്ചയായ ട്വീറ്റുകളിലൂടെ പോസ്റ്റല്‍ വോട്ടുകൾക്കെതിരെ ആഞ്ഞടിക്കുന്നത് ട്രംപ് തുടരുകയാണ്. പല സ്റ്റേറ്റുകളിലും കോടതികളെ റിപ്പബ്ലിക്കൻസ് സമീപിച്ചു കഴിഞ്ഞു. വോട്ടെണ്ണൽ നിരീക്ഷിക്കണമെന്നോ നിർത്തി വയ്ക്കണമെന്നോ ആണ് ആവശ്യം. എന്നാൽ വോട്ടെണ്ണൽ തുടരട്ടെ, വിജയം അരികെയാണെന്നായിരുന്നു ബൈഡന്റെ വാക്കുകൾ.

പരാജയപ്പെട്ടാൽ പ്രസിഡന്റ് സ്ഥാനത്തിരുന്നു വീണ്ടും മൽസരിച്ചു പരാജയപ്പെടുന്ന ആളെന്ന പേരാകും ട്രംപിന് ചാർത്തിക്കിട്ടുക. 1992 ൽ ജോർജ് എച്ച്. ഡബ്ല്യു. ബുഷിനുശേഷം പ്രസിഡന്റായിരുന്നവർ വീണ്ടും മൽസരിക്കുമ്പോൾ പരാജയപ്പെട്ട ചരിത്രമില്ല. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നാണ് ട്രംപിന്റെ നിലപാട്. ബൈഡൻ ജയിച്ച മിഷിഗൻ(16 ഇലക്ടറൽ വോട്ട്), വിസ്കോൻസെൻ(10), പെൻസിൽവേനിയ(20) സ്റ്റേറ്റുകളിൽ ട്രംപ് അനുയായികൾ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യംചെയ്ത് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അന്തിമഫലമറിയാൻ നിയമയുദ്ധത്തിലേക്ക് കാര്യങ്ങൾ ചെന്നെത്തുമെന്ന സൂചനയും ഇതോടെ ശക്തമായി.

അരിസോണയിലെ ഫീനിക്സിലെ വോട്ടെണ്ണൽ കേന്ദ്രത്തിനു പുറത്തു 200ൽ പരം ട്രംപ് അനുകൂലികൾ റൈഫിളുകളും കൈത്തോക്കുകളുമായി തമ്പടിച്ചത് സംഘർഷ സാധ്യത സൃഷ്ടിച്ചു. ഇവിടുത്തെ വോട്ടെണ്ണൽ തടസ്സപ്പെട്ടതായി റിപ്പോർട്ടുകളും വന്നിരുന്നു. എന്നാൽ വോട്ടെണ്ണൽ തുടരണം എന്നാവശ്യപ്പെട്ട് ബൈഡൻ അനുകൂലികളും വിവിധ നഗരങ്ങളിൽ പ്രതിഷേധിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുന്ന സ്റ്റേറ്റുകളിൽ ട്രംപ് അനുകൂലികളുടെ പ്രതിഷേധം നടക്കുന്നുണ്ട്. ന്യൂയോർക്ക് നഗരത്തിലും ഒറിഗണിലെ പോർട്‌ലാൻഡിലും ട്രംപ് വിരുദ്ധ പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Top