അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസം മതി: ജോലി വേണ്ട; ഇന്ത്യക്കാരായ ഡോക്‌ടര്‍മാര്‍ക്ക്‌ ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം

വാഷിങ്‌ടണ്‍: ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയില്‍ എത്തുന്ന ഇന്ത്യന്‍ യുവ ഡോക്‌ടര്‍മാര്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയിലേയ്ക്കു തന്നെ മടങ്ങിയെത്തണമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ ഉന്നത പഠനത്തിനു എത്തുന്ന ഡോക്‌ടര്‍മാര്‍ക്കു പഠനം പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കയില്‍ ജോലി ചെയ്യുന്നതിനു ആരോഗ്യമന്ത്രാലയം നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയിലും ഗ്രാമീണ മേഖലകളിലും ജോലി ചെയ്യുന്ന ഡോക്‌ടര്‍മാരുടെ എണ്ണം കുറഞ്ഞതാണ്‌ ഇപ്പോള്‍ ഇത്തരത്തില്‍ നിര്‍ദേശം പുറത്തിറക്കാന്‍ ആരോഗ്യമന്ത്രാലയത്തെ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ്‌ സൂചനകള്‍ ലഭിക്കുന്നത്‌.
ഇന്ത്യയിലെ വിവിധ ആരോഗ്യ മേഖലകളില്‍ സ്‌പെഷ്യലിസ്റ്റ്‌ ഡോക്‌ടര്‍മാരുടെ എണ്ണത്തില്‍ 81 ശതമാനത്തിന്റെ കുറവും, ജനറല്‍ ഫിസിഷ്യന്‍മാരുടെ എണ്ണത്തില്‍ 12 ശതമാനത്തിന്റെ കുറവുമാണ്‌ ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. 1800 പേര്‍ക്ക്‌ ഒരു ഡോക്‌ടറുടെ സേവനം ലഭിക്കുന്നുണ്ടെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ്‌ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്‌. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം നടപ്പാക്കിയാല്‍ ഓരോ സ്ഥലത്തും 600 പേര്‍ക്ക്‌ ഒരു ഡോക്‌ടര്‍ വീതം ഉണ്ടാകണമെന്നാണ്‌ നിര്‍ദേശിച്ചിരിക്കുന്നത്‌.
ജെവണ്‍ സ്റ്റഡി വിസയുള്ള ഡോക്‌ടര്‍മാര്‍ക്കു ഒരു വര്‍ഷം രാജ്യത്ത്‌ ഹോം റസിഡന്റ്‌ നിര്‍ബന്ധമാണ്‌. എന്നാല്‍, നേരത്തെ ഇന്ത്യാ ഗവണ്‍മെന്റ്‌ നല്‍കിയിരുന്ന നോ ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തു വിദ്യാഭ്യാസ ആവശ്യത്തിനെത്തുന്ന ഡോക്‌ടര്‍മാര്‍ക്കു വിസ ജോബ്‌ വിസയാക്കി മാറ്റി നല്‍കിയിരുന്നു.

Top