വെള്ളപ്പൊക്കവും കെടുതികളും നേരിടാന്‍ പുതിയ കാലാവസ്ഥാ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നു; മുന്‍കൂടി കാലാവസ്ഥാ വ്യതിയാനം പ്രവചിക്കാന്‍ സംവിധാനം

ഡബ്ലിന്‍: ഇത്തവണ രാജ്യത്തുണ്ടായ കനത്ത മഴയുടെയും വെള്ളപ്പൊക്കക്കെടുതികളുടെയും അടിസ്ഥാനത്തില്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മുന്‍കൂടി പ്രവചിക്കുന്ന സംവിധാനം രാജ്യത്ത് ഏര്‍പ്പെടുത്തുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുന്‍കൂടി കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ പ്രവചിക്കാന്‍ സാധിക്കുന്ന സംവിധാനം നടപ്പാക്കുമെന്നു പ്രധാനമന്ത്രി എന്‍ഡാകെനിയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നത്.
യൂറോപ്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ കൃത്യമായ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുന്ന ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതി ആരംഭിക്കുന്നതിനാണ് അധികൃതര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍, മെറ്റ് എറൈന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തന്നെയായിരിക്കും പുതിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥയുമായി ബന്ധപ്പെട്ട പൊതു ജോലികള്‍ ഇവര്‍ തന്നെ നിയന്ത്രിക്കുന്നതും, ഫലം പ്രഖ്യാപിക്കുന്നതും മെറ്റ് എറൈന്‍ തന്നെയായിരിക്കും.
പ്രധാനമന്ത്രി എന്‍ഡാകെനിയുടെ നിര്‍ദേശം അനുസരിച്ചു ഇപ്പോള്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ടവര്‍ക്ക് എത്രയും പെട്ടന്ന് സഹായം എത്തിക്കുന്നതിനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ഇപ്പോള്‍ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളില്‍ അടിക്കടി വെള്ളം പൊങ്ങുന്നത് സാധാരണക്കാര്‍ക്കു ഏറെ ദുരിതമാണ് സൃഷ്ടിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും, മുന്‍കൂട്ടി അറിയുന്നതിനുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
നിലവില്‍ രാജ്യത്തുണ്ടായിരിക്കുന്ന പ്രതിസന്ധി എങ്ങിനെ പരിഹരിക്കാം എന്നതു സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് രാവിലെ ഒന്‍പതിനു പ്രധാനമന്ത്രി എന്‍ഡാകെനിയുടെയും നാഷണല്‍ എമര്‍ജെന്‍സി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഷാനോനുമായി ബന്ധപ്പെട്ട് 60 ഏജന്‍സികളുടെ യോഗം അടുത്ത ആഴ്ച തന്നെ ഡബ്ലിനില്‍ ചേരുന്നതിനും തീരുമാനമായിട്ടുണ്ട്.

Top