കുറവിലങ്ങാട്: ബൈക്കിന് പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീ ടിപ്പര്‍ ലോറി ഇടിച്ച് മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. കുറവിലങ്ങാട് ജംഗ്ഷനിലാണ് അപകടം നടന്നത്. പട്നയില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന കാട്ടാമ്പാക്ക് കാവുംപുറത്ത് പരേതനായ ജോസഫിന്റെ മകള്‍ സിസ്റ്റര്‍ സാവിയോ ആണ് മരിച്ചത്. അറുപത് വയസായിരുന്നു.
ബന്ധുവിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ വൈക്കം റോഡില്‍ വച്ച് അമിത വേഗത്തിലെത്തിയ ടിപ്പര്‍ ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ സാവിയോയുടെ തലയിലൂടെ ടിപ്പര്‍ കയറിയിറങ്ങുകയായിരുന്നു. ബന്ധുവായ കാട്ടാമ്പാക്ക് തൊണ്ടിയാം തടത്തില്‍ സെബാസ്റ്റ്യന്(52) അപകടത്തില്‍ പരിക്കേറ്റു. കൊല്ലത്ത് നഴ്സിങ് പഠിക്കുന്ന ബന്ധുവിന്റെ മകളെ കാണാനായി പുറപ്പെട്ടതായിരുന്നു സിസ്റ്റര്‍.
രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ സിസ്റ്റര്‍ ബുധനാഴ്ച തിരികെ പോകാനിരിക്കെയാണ് അപകടം ജീവന്‍ കവര്‍ന്നത്.