കൊച്ചി:ബലാൽസംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതീരെ പരാതി നല്‍കിയ കന്യാസ്ത്രീയെ കൊല്ലാന്‍ ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതു സംബന്ധിച്ച മൊഴി പൊലീസില്‍ നല്‍കിയ ബിഹാര്‍ സ്വദേശി മിന്റുവിനെ കാണ്മാനില്ല. ഇതുസംബന്ധിച്ച കേസ് കുറവിലങ്ങാട് പൊലീസ് അന്വേഷിക്കാതെ മാറ്റിവച്ചിരിക്കുന്നത് സംശത്തിന് ഇട നല്‍കുന്നു. വധിക്കുന്നതിനുള്ള ക്വട്ടേഷന്‍ ബിഷപ്പ് ഫ്രാങ്കോയുടെ അനുയായി തോമസ് ചിറ്റുപറമ്പന്‍ നല്‍കിയെന്ന് പൊലീസില്‍ മൊഴി നല്‍കിയയാളാണ് മിന്റു.
കന്യാസ്ത്രീകള്‍ താമസിക്കുന്ന മഠത്തിലെ പണിക്കാരനായിരുന്നു മിന്റു. പള്ളിയിലേയ്ക്ക് പോകാന്‍ കന്യാസ്ത്രീ ഉപയോഗിക്കുന്ന ആക്ടിവയുടെ വീല്‍ ട്യൂബ് അഴിച്ച് മാറ്റണം എന്നായിരുന്നു തോമസ് ആവശ്യപ്പെട്ടതെന്ന് മിന്റു മൊഴി നല്‍കിയിട്ടുണ്ട്. മഠത്തില്‍ നിന്നും ഇറങ്ങുന്നത് കുത്തനെയുള്ള ഒരു ഇറക്കത്തിലേയ്ക്കാണ് ബ്രേക്കില്ലാത്ത വാഹനം ഇവിടെവച്ച് അപകടത്തിലാകും എന്നായിരുന്നു കണക്കു കൂട്ടല്‍ എന്നാണ് പൊലീസിനു നല്‍കിയ മൊഴി.കന്യാസ്ത്രീയും അനുകൂലിക്കുന്ന കന്യാസ്ത്രീകളും പുറത്തേയ്ക്ക് പോകുന്നത് ഏതു വാഹനത്തിലാണ് എന്ന വിവരങ്ങള്‍ വിളിച്ച് അറിയ്ക്കണമെന്നും തോമസ് തന്നെ ചട്ടം കെട്ടിയിരുന്നു. മഠത്തിനു പൊലീസ് കാവല്‍ ഉണ്ടാകുന്നതു വരെ നേരിട്ട് എത്തി ബ്രേക്ക് പൊട്ടിക്കാന്‍ നിര്‍ബന്ധിക്കുമായിരുന്നു.
അവസാനം വന്നപ്പോള്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്തു കൊടുത്തു. അതിനു ശേഷം ഫോണിലേയ്ക്ക് നിരന്തരം വിളിച്ച് വധിക്കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ടിരുന്നു- മിന്റു കുറവിലങ്ങാട് പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.പരാതിക്കാരിയായ കന്യാസ്ത്രീ മദര്‍സുപ്പീരിയറായിരുന്ന കാലത്താണ് മിന്റു ഇവിടെ ജോലിക്ക് എത്തിയത്. കന്യാസ്ത്രീയോടും അനുപമ സിസ്റ്ററോടുമാണ് മാനസിക സമ്മര്‍ദ്ദം സഹിക്കാതെ മിന്റു വിവരം പറഞ്ഞത്. തുടര്‍ന്നാണ് മിന്റുവിന്റെ മൊഴി സഹിതം കേസ് നല്‍കിയത്. തോമസിനെ കേസിന്റെ കാര്യത്തിനു വിളിപ്പിച്ചുവെങ്കിലും സ്റ്റേഷനില്‍ എത്തിയില്ല. വധശ്രമം നടക്കുന്നുണ്ട് എന്ന് വ്യക്തമായതോടെ തോമസിനെ സ്‌റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്താന്‍ പൊലീസ് ശ്രമിച്ചു. ഒരാഴ്ച കഴിഞ്ഞു വരാമെന്നു തോമസ് പറഞ്ഞതനുസരിച്ച് പൊലീസ് കാത്തിരുന്നു. പിന്നീട് എന്തു സംഭവിച്ചു എന്നു വ്യക്തമല്ല.
മിന്റു നാട്ടിലേയ്ക്ക് പോയി എന്നാണ് കുറവിലങ്ങാട് പൊലീസ് പറയുന്നത്. എന്നാല്‍, ഇത്തരത്തില്‍ ഒരു പ്രമാദമായ കേസിലെ സുപ്രധാന സാക്ഷി ഇപ്പോള്‍ എവിടെയുണ്ട് എന്നതു സംബന്ധിച്ച് പൊലീസിനു വ്യക്തതയില്ല. മിന്റുവിന്റെ ജീവനു പോലും അപകടമുണ്ട് എന്ന സാധ്യത പൊലീസ് പരിഗണിച്ചിട്ടില്ല. മാത്രമല്ല, ഈ വധശ്രമ പരാതിയടക്കം വൈക്കം ഡിവൈഎസ്പി സുഭാഷാണ് അന്വേഷിക്കുന്നത് എന്നാണ് കുറവിലങ്ങാട് പൊലീസ് നല്‍കുന്ന വിവരം.
തോമസ് ചിറ്റുപറമ്പന് എതിരെ കന്യാസ്ത്രീയുടെ സഹോദരി ഇന്ന് കാലടി സിഐക്ക് പരാതി നല്‍കിയിട്ടുണ്ട്. വധ ഭീഷണി ഉണ്ടെന്നാണ് ആരോപണം. മിന്റുവിന്റെ മൊഴി അനുസരിച്ച് കേസ് നല്‍കിയതിനെ തുടര്‍ന്ന് സഹോദരിയുടെ വീട്ടിലെത്തി തോമസ് ഭീഷണി മുഴക്കി എന്നാണ് പരാതി. ഇതേ സഹോദരി എറണാകുളം വഞ്ചിസ്‌ക്വയറില്‍ നിരാഹര സത്യാഗ്രഹം നടത്തുന്നതിന് ഇടെ വേദിയില്‍ കടന്നു വന്ന് ചിത്രം പകര്‍ത്തിയെന്ന പേരില്‍ ഇതേ തോമസിന്റെ സഹോദരന്‍ ഉണ്ണിക്ക് എതിരെയും കേസ് നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക്, കേസില്‍ പ്രത്യേക താല്‍പ്പര്യം എന്താണെന്നത് സംഭവങ്ങളെ കൂടുതല്‍ ദുരൂഹമാക്കുന്നു. ബിഷപ്പ് ഫ്രാങ്കോയ്‌ക്കൊപ്പം ചോദ്യം ചെയ്യല്‍ വേളകളില്‍ ഉണ്ടായിരുന്ന ഫാ. ലോറന്‍സ് ചിറ്റുപറമ്പന്റെ സഹോദരങ്ങളാണ് ഇരുവരും. ലോറന്‍സ് ജലന്ധറില്‍ ബിഷപ്പിന്റെ കെട്ടിടം പണികളുടെ മേല്‍നോട്ടക്കാരനും വലങ്കൈയുമാണ്. ബിഷപ്പിന്റെ ബിനാമിയായി അറിയപ്പെടുന്ന കുടുംബമാണ് ഇവരുടേത് എന്നും നാരദ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
വധശ്രമത്തെ സംബന്ധിച്ച് ഇത്രയധികം തെളിവുകള്‍ പൊലീസിനു ഈ അനുയായി സഹോദരങ്ങളെ അറസ്റ്റു ചെയ്യാന്‍ പൊലീസ് തയ്യാറാകാത്തത് ഏറെ ദുരൂഹമാണ്. ഫ്രാങ്കോയുടെ നീക്കങ്ങള്‍ കേരളത്തില്‍ നടത്തുന്ന ഈ സംഘത്തെ പിടികൂടിയാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കും എന്നാണ് കന്യാസ്ത്രീയുടെ കുടുംബം പൊലീസിനെ അറിയിച്ചത്. ഇന്നു നല്‍കിയ പരാതിയിലും ഇവരുടെ പേരുകള്‍ എടുത്തു പറയുന്നുണ്ട്. എന്നാല്‍, ഈ വധശ്രമങ്ങളുടെ മുഖ്യസാക്ഷിയായ മിന്റുവിനെ ഉടന്‍ കണ്ടെത്തേണ്ടി വരും. മൊഴി നല്‍കിയതോടെ മിന്റുവിന്റെ ജീവന്‍ അപകടത്തിലാണ് എന്ന വസ്തുത പൊലീസ് ഗൗരവത്തില്‍ എടുത്തിട്ടില്ല.